ഡല്‍ഹി കാപിറ്റല്‍സിന് വന്‍തിരിച്ചടി; ഓസീസ് സൂപ്പര്‍താരം മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ തിരിച്ചെത്തില്ല; ടീം മാനേജ്‌മെന്റിനെ വിവരം അറിയിച്ച
ഡല്‍ഹി കാപിറ്റല്‍സിന് വന്‍തിരിച്ചടി
ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ത്ത് കനത്ത തിരിച്ചടിയായി ഓസീസ് താരത്തിന്റെ തീരുമാനം. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിന് വേണ്ടി കളിക്കില്ല. നാട്ടിലേക്ക് മടങ്ങിയ താരം തിരിച്ചെത്തില്ലെന്ന് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഐ.പി.എല്‍ നിര്‍ത്തിവെച്ചതോടെയാണ് സ്റ്റാര്‍ക്ക് ഉള്‍പ്പെടെയുള്ള ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്.
ശനിയാഴ്ച ടൂര്‍ണമെന്റ് പുനരാരംഭിക്കാനിരിക്കെ, താരം മടങ്ങിവരില്ലെന്ന വിവരാണ് പുറത്തുവരുന്നത്. ലീഗില്‍ രണ്ടു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്. അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ടീം വ്യാഴാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. സ്റ്റാര്‍ക്കിന്റെ അഭാവം ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ പ്രഹരശേഷി കുറിക്കും.
വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് മറ്റൊരു ഓസീസ് താരം ജേക് ഫ്രേസര്‍ മക്ഗുര്‍ക്ക് ടീമില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. പകരക്കാരനായി ബംഗ്ലാദേശ് താരം മുസ്തഫിസുര്‍റഹ്‌മാനുമായി ടീം കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ടീമില്‍ അംഗമാണ്. അന്താരാഷ്ട്ര സൈക്കിള്‍ മേയ് അവസാന വാരം ആരംഭിക്കുന്നത് ഐ.പി.എല്ലിലെ മറ്റു ടീമുകളിലെ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക കളിക്കാരുടെ ലഭ്യതയെ ബാധിക്കും. മേയ് 25ന് നടത്തേണ്ടിയിരുന്ന ഐ.പി.എല്‍ ഫൈനല്‍ പുതുക്കിയ തീയതി പ്രകാരം ജൂണ്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ടീമുകളുടെ താളം തെറ്റിക്കും.
ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പര മേയ് 29ന് തുടങ്ങും. ജൂണ്‍ 11ന് ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലും തുടങ്ങും. കളിക്കാര്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നും ലോക ടെസ്റ്റ് ഫൈനലിന് മുമ്പായി ടീമിനൊപ്പം ചേരണമെന്നുമാണ് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം. പിന്മാറുന്ന താരങ്ങള്‍ക്ക് പകരക്കാരെ ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് ബി.സി.സി.ഐ അനുമതി നല്‍കിയിട്ടുണ്ട്.