ആ സമയത്ത് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു; ഞാൻ ഉറക്കെ കരഞ്ഞു; മാനസികമായി തയ്യാറെടുത്തിട്ടും കഴിഞ്ഞില്ല; മനസ്സ് തുറന്ന് ധനശ്രീ വര്‍മ

Update: 2025-08-20 10:52 GMT

മുംബൈ: പ്രശസ്ത ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലുമായുള്ള വിവാഹമോചനത്തെക്കുറിച്ചും ആ ദുഷ്കരമായ കാലഘട്ടം എങ്ങനെ അതിജീവിച്ചുവെന്നും തുറന്നുപറഞ്ഞ് നർത്തകിയും നടിയുമായ ധനശ്രീ വർമ്മ. സഹതാരം ചാഹൽ വിവാഹമോചന സമയത്ത് ധരിച്ച 'ബീ യുവർ ഓൺ ഷുഗർ ഡാഡി' എന്നെഴുതിയ ടീഷർട്ടിനെതിരെയും ധനശ്രീ വിമർശനം ഉന്നയിച്ചു. ഹ്യൂമാൻസ് ഓഫ് ബോംബെ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധനശ്രീയുടെ തുറന്നുപറച്ചിൽ.

'മാനസികമായി പൂർണ്ണമായും തയ്യാറെടുത്താണ് ഞാൻ കോടതിയിലെത്തിയത്. എന്നിട്ടും, എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ വികാരാധീനയായി. ഉറക്കെ കരയാൻ തുടങ്ങി. അന്ന് എനിക്ക് എന്തു തോന്നുന്നുവെന്ന് പ്രകടിപ്പിക്കാൻ പോലും സാധിച്ചില്ല. മണിക്കൂറുകളോളം ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു', ധനശ്രീ ഓർത്തെടുത്തു.

കോടതിയിൽ നിന്ന് പുറത്തുകടന്നത് ആളൊഴിഞ്ഞ വഴികളിലൂടെയായിരുന്നു. ക്യാമറകളെ അഭിമുഖീകരിക്കാൻ തനിക്ക് കഴിഞ്ഞില്ല. കാറിനുള്ളിലെത്തിയിട്ടും കരച്ചിൽ അടക്കാനാവാതെ ശരീരം വിറച്ചുകൊണ്ടിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. തൻ്റെയും ചാഹലിൻ്റെയും കുടുംബാംഗങ്ങളെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും, പരസ്പരം ബഹുമാനത്തോടെയാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയതെന്നും ധനശ്രീ വ്യക്തമാക്കി.

വിവാഹമോചനത്തെക്കുറിച്ച് പൊതുജനമധ്യത്തിൽ ചർച്ചയാക്കുന്നതിന് പകരം, ചാഹലിന് വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാമായിരുന്നു എന്നും ധനശ്രീ പറഞ്ഞു. 'വിവാഹമോചനത്തിൻ്റെ പേരിൽ എല്ലാവരും എന്നെയായിരിക്കും കുറ്റപ്പെടുത്തുകയെന്ന് എനിക്കറിയാമായിരുന്നു.

ആ ടീഷർട്ട് ധരിച്ചതോടെ അത് പൂർണ്ണമായി. എന്തിനാണ് അങ്ങനെയൊരു പ്രവർത്തി ചെയ്തത്? ആ ടീഷർട്ട് ധരിക്കുന്നതിന് പകരം എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഒരു വാട്ട്‌സ്ആപ്പ് മെസ്സേജ് അയച്ചാൽ മതിയായിരുന്നു', ധനശ്രീ പരിഹാസത്തോടെ പറഞ്ഞു.

Tags:    

Similar News