അവസാന പന്ത് സിക്സറിന് പറത്തി ഏദൻ ആപ്പിൾ ടോം; രാജസ്ഥാനെതിരായ ത്രില്ലർ പോരിൽ കേരളത്തിന് രണ്ട് വിക്കറ്റിന്റെ തകർപ്പൻ ജയം; ബാബാ അപരാജിത് കളിയിലെ താരം

Update: 2025-12-31 12:46 GMT

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് കേരളത്തിന് അവസാന പന്തിൽ വിജയം. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 344 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് കേരളം തകർപ്പൻ ജയം സ്വന്തമാക്കിയത്. അവസാന പന്തിൽ സിക്സടിച്ച് ഏദൻ ആപ്പിൾ ടോം കേരളത്തിന്റെ വിജയശില്പിയായി. ബാബാ അപരാജിത് നേടിയ തകർപ്പൻ സെഞ്ച്വറിയും (116 പന്തിൽ 126 റൺസ്), വാലറ്റത്ത് ഏദൻ ആപ്പിൾ ടോം (18 പന്തിൽ പുറത്താകാതെ 40), അങ്കിത് (22 പന്തിൽ 27) എന്നിവർ നടത്തിയ പോരാട്ടവുമാണ് കേരളത്തിന് ജയം സമ്മാനിച്ചത്. ഓപ്പണർ കൃഷ്ണ പ്രസാദ് 53 റൺസെടുത്തു.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 343 റൺസ് നേടിയിരുന്നു. കരണ്‍ ലാംബ 131 പന്തിൽ പുറത്താകാതെ 119 റൺസും ദീപക് ഹൂഡ 83 പന്തിൽ 86 റൺസും അടിച്ചുകൂട്ടി. ഇരുവരും ചേർന്ന് 171 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണർമാരായ ആദിത്യ റാത്തോർ (25), ആർ ബി ചൗഹാൻ (15) എന്നിവർ 47 റൺസെടുക്കുന്നതിനിടെ പുറത്തായത് രാജസ്ഥാന് തുടക്കത്തിൽ തിരിച്ചടിയായിരുന്നു.

344 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് തുടക്കം പാളി. ആദ്യ പന്തിൽ തന്നെ രോഹൻ കുന്നമ്മൽ പൂജ്യത്തിന് പുറത്തായി. പിന്നീട് കൃഷ്ണ പ്രസാദും അപരാജിതും ചേർന്ന് 155 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 26-ാം ഓവറിൽ കൃഷ്ണ പ്രസാദ് (53) മടങ്ങി. തുടർന്നെത്തിയ വിഷ്ണു വിനോദ് (28) അപരാജിതിനൊപ്പം 48 റൺസ് കൂട്ടിച്ചേർത്ത ശേഷം 33-ാം ഓവറിൽ പുറത്തായി. 35-ാം ഓവറിൽ സെഞ്ച്വറി നേടിയ അപരാജിതും (126 റൺസ്, നാല് സിക്സ്, 14 ഫോർ) മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി.

പിന്നീടെത്തിയ മുഹമ്മദ് അസറുദ്ദീൻ (20 പന്തിൽ 28), ഷറഫുദ്ദീൻ (20 പന്തിൽ 11), സൽമാൻ നിസാർ (19 പന്തിൽ 18) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റിന് 287 റൺസ് എന്ന നിലയിലേക്ക് കേരളം വീണു. ഈ ഘട്ടത്തിൽ ഏദൻ ആപ്പിൾ ടോമും അങ്കിതും ചേർന്ന് 46 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. അവസാന ഓവറിൽ അങ്കിത് മടങ്ങിയെങ്കിലും, നീധീഷിനെ (1) കൂട്ടുപിടിച്ച് ഏദൻ (അഞ്ച് സിക്സും ഒരു ഫോറും സഹിതം പുറത്താകാതെ 40*) വിജയലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു.

അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ സിക്സടിച്ച് ഏദൻ വിജയനായകനായി. നേരത്തെ, രാജസ്ഥാനും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 47 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ആദിത്യ റാത്തോർ (25), ആർ.ബി. ചൗഹാൻ (15) എന്നിവരെ അവർക്ക് നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച കരണ്‍ ലാംബയും ദീപക് ഹൂഡയും ചേർന്ന് 171 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കി ടീമിന് വലിയ സ്കോർ സമ്മാനിക്കുകയായിരുന്നു.

Tags:    

Similar News