കരണ്‍ ലാംബയ്ക്ക് സെഞ്ചുറി; ഫിഫ്റ്റിയടിച്ച് ദീപക് ഹൂഡ; വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാന് കൂറ്റൻ സ്‌കോർ; കേരളത്തിന് 344 റണ്‍സ് വിജയലക്ഷ്യം; മുഹമ്മദ് ഷറഫുദ്ദീന് മൂന്ന് വിക്കറ്റ്
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് 344 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 343 റൺസ് നേടി. 131 പന്തിൽ പുറത്താവാതെ 119 റൺസ് നേടിയ കരണ്‍ ലാംബയുടെ സെഞ്ചുറിയും 83 പന്തിൽ 86 റൺസ് നേടിയ ദീപക് ഹൂഡയുടെ പ്രകടനവുമാണ് രാജസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കേരളത്തിനായി മുഹമ്മദ് ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. 47 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ആദിത്യ റാത്തോർ (25), ആർ ബി ചൗഹാൻ (15) എന്നിവരുടെ വിക്കറ്റുകൾ അവർക്ക് നഷ്ടമായി. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒന്നിച്ച കരണ്‍ ലാംബ - ദീപക് ഹൂഡ സഖ്യം 171 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി രാജസ്ഥാൻ ഇന്നിങ്സിന് കരുത്ത് പകർന്നു. ഈ കൂട്ടുകെട്ട് 35-ാം ഓവറിലാണ് കേരളത്തിന് തകർക്കാനായത്. ഹൂഡയെ സ്വന്തം പന്തിൽ ബാബ അപരാജിത് ക്യാച്ചെടുത്ത് പുറത്താക്കി.
നാല് സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു കരണിന്റെ ഇന്നിംഗ്‌സ്. പിന്നീട് ക്രീസിലെത്തിയ മഹിപാൽ ലോംറോർ (9), സമർപിത് ജോഷി (12), കുക്‌ന അജയ് സിംഗ് (23), മാനവ് സുതർ (21) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഒരു റണ്ണുമായി അശോക് ശർമ പുറത്താവാതെ നിന്നു. മധ്യപ്രദേശിനെതിരെ കളിച്ച ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് കേരളം ഈ മത്സരത്തിനിറങ്ങിയത്. ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും കേരളം പരാജയപ്പെട്ടിരുന്നു.
കേരളത്തിന്റെ പ്ലെയിങ് ഇലവൻ: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, അങ്കിത് ശര്‍മ, ബാബ അപരാജിത്ത്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്, ഏദന്‍ ആപ്പിള്‍ ടോം, മുഹമ്മദ് ഷറഫുദ്ദീന്‍, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍.