അടിവാങ്ങികൂട്ടി അമാൻ ഖാൻ; പത്തോവറിൽ വഴങ്ങിയത് 123 റൺസ്; നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്‌ ടീമിലെത്തിച്ച ഓൾറൗണ്ടർ

Update: 2025-12-30 12:10 GMT

ചെന്നൈ: ഐപിഎൽ താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയ ഓൾറൗണ്ടർ അമാൻ ഖാന് ലിസ്റ്റ് എ ക്രിക്കറ്റിൽ നാണക്കേടിന്റെ റെക്കോർഡ്. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ എന്ന മോശം റെക്കോഡാണ് കഴിഞ്ഞ ദിവസം വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ പുതുച്ചേരി നായകനായ അമാനെ തേടിയെത്തിയത്. ജാർഖണ്ഡിനെതിരായ മത്സരത്തിൽ പത്തോവറിൽ 123 റൺസാണ് അമാൻ ഖാൻ വഴങ്ങിയത്. ഒപ്പം ഒരു വിക്കറ്റും താരം നേടി.

ഈ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്ത ബൗളർ എന്ന സ്ഥാനത്തേക്ക് അമാൻ എത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ്, കുമാർ കുശാഗ്രയുടെ സെഞ്ചുറിയുടെയും അൻകുൾ റോയിയുടെ 98 റൺസിന്റെയും മികവിൽ 368 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പുതുച്ചേരിക്ക് 235 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ റെക്കോർഡ് മുൻപ് അരുണാചൽ പ്രദേശ് പേസർ മോസുവിന്റെ പേരിലായിരുന്നു.

കഴിഞ്ഞ മാസം ബിഹാറിനെതിരെ ഒൻപത് ഓവറിൽ 116 റൺസാണ് മോസു വഴങ്ങിയത്. ആ മത്സരത്തിൽ ബിഹാറിനായി കൗമാരതാരം വൈഭവ് സൂര്യവംശി 190 റൺസ് നേടിയിരുന്നു. അടുത്തിടെ നടന്ന ഐപിഎൽ മിനി ലേലത്തിൽ 40 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് അമാൻ ഖാനെ സ്വന്തമാക്കിയത്. 2021-ൽ മുംബൈയ്‌ക്കായി ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറിയ അമാൻ പിന്നീട് പുതുച്ചേരിയിലേക്ക് കൂടുമാറുകയായിരുന്നു. ഐപിഎല്ലിൽ ഇതിനുമുമ്പ് കൊൽക്കത്ത, ഡൽഹി ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്. 

Tags:    

Similar News