ഹാരി ബ്രൂക്ക് നായകൻ; ടീമിൽ മടങ്ങിയെത്തി ജോഫ്ര ആർച്ചർ; ഇടം നേടി ആഷസ് ഹീറോ ജോഷ് ടങ്; ടി20 ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ലിവിംഗ്സ്റ്റൺ, ബെയർസ്റ്റോ പുറത്ത്
ലണ്ടൻ: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി20 ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. യുവതാരം ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ടീമിൽ പേസർ ജോഫ്ര ആർച്ചറും ഉൾപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെയും ഇംഗ്ലണ്ട് ഇതോടൊപ്പം പ്രഖ്യാപിച്ചു.
2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ലോകകപ്പിൽ, ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന ആർച്ചർ മടങ്ങിയെത്തുന്നത് ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നൽകുന്നു. അഡലെയ്ഡിൽ നടന്ന മൂന്നാം ആഷസ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടർന്ന് നിലവിൽ ഇംഗ്ലണ്ട് മെഡിക്കൽ ടീമിനൊപ്പം വിശ്രമത്തിലായ ആർച്ചർ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ കളിക്കില്ലെങ്കിലും ലോകകപ്പ് ടീമിന്റെ ഭാഗമാകും. പേസർ ജോഷ് ടങും പ്രാഥമിക ലോകകപ്പ് ടീമിൽ ഇടം നേടിയിട്ടുണ്ട്.
2024 ലോകകപ്പ് ടീമിലുണ്ടായിരുന്ന എട്ട് താരങ്ങളെ നിലനിർത്തിക്കൊണ്ടാണ് ഇംഗ്ലണ്ട് പുതിയ ടീമിനെ അണിനിരത്തുന്നത്. മുൻ നായകൻ ജോസ് ബട്‌ലർ, ഫിൽ സാൾട്ട്, ബെൻ ഡക്കറ്റ്, സാം കറൻ, വിൽ ജാക്ക്സ്, ആദിൽ റാഷിദ് എന്നിവരാണ് നിലനിർത്തിയ മറ്റ് പ്രധാന താരങ്ങൾ. മൊയീൻ അലി, ജോണി ബെയർസ്റ്റോ, ടോം ഹാർട്ട്‌ലി, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, റീസ് ടോപ്ലി, മാർക്ക് വുഡ് തുടങ്ങിയ പ്രമുഖരെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെഹാൻ അഹമ്മദ്, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ലിയാം ഡോസൺ, ജാമി ഓവർട്ടൺ, ജോഷ് ടോങ്, ലൂക്ക് വുഡ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
2026 ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം:
ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ജോസ് ബട്ലർ, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, ജോഷ് ടോങ്, ലൂക്ക് വുഡ്.
ശ്രീലങ്കൻ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണുള്ളത്. ഈ പരമ്പരകൾക്കായി പ്രത്യേക ടീമുകളെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ബ്രൈഡൺ കാർസെ ശ്രീലങ്കൻ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടം നേടാനായില്ല.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം:
ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ജോസ് ബട്ലർ, ബ്രൈഡൺ കാർസെ, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, ജോഷ് ടോങ്, ലൂക്ക് വുഡ്.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സാക് ക്രൗളി തിരിച്ചെത്തി. 2023 ഡിസംബറിന് ശേഷം ആദ്യമായാണ് ക്രൗളി ഏകദിന ടീമിലേക്ക് എത്തുന്നത്. മുൻ നായകൻ ജോ റൂട്ടും ഏകദിന ടീമിൽ ഇടം നേടി.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം:
ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ജോസ് ബട്ലർ, ബ്രൈഡൺ കാർസ്, സാക്ക് ക്രൗളി, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ആദിൽ റാഷിദ്, ജോ റൂട്ട്, ലൂക്ക് വുഡ്.
