ബാര്‍ബഡോസിലെ കിരീടനേട്ടം അന്ന് രോഹിത് ആഘോഷിച്ചത് പിച്ചിലെ മണ്ണു നുണഞ്ഞ്; മൂന്നാം കിരീടനേട്ടത്തിന് പിന്നാലെ അഹമ്മദബാദ് പിച്ചിനെ വന്ദിച്ച് ഒരുപിടി മണ്ണെടുത്ത് നെറ്റിയില്‍ ചാര്‍ത്തി സൂര്യകുമാര്‍ യാദവ്; വേറിട്ട വിജയാഘോഷം ഏറ്റെടുത്ത് ആരാധകര്‍
അഹമ്മദാബാദ്: കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ 96 റണ്‍സിന് കീഴടക്കി ട്വന്റി 20 ലോകകപ്പ് നേടിയതിനു പിന്നാലെ പിച്ചിനെ തൊട്ട് നെറുകില്‍വെച്ച ശേഷം പിച്ചിലെ മണ്ണെടുത്ത് നെറ്റിയില്‍ ചാര്‍ത്തി വേറിട്ട ആഘോഷവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷത്തിന് ശേഷം പിച്ചിലേക്ക് ചെന്ന സൂര്യ ആദ്യം ആ മണ്ണില്‍ തൊട്ട് വന്ദിക്കുകയും ശേഷം ആ മണ്ണെടുത്ത് നെറ്റിയില്‍ ചാര്‍ത്തുകയുമായിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പിച്ചിനോടുള്ള ആദരസൂചകമായിട്ടായിരുന്നു സൂര്യകുമാര്‍ പച്ചിനെ വന്ദിച്ചത്.
നേരത്തേ 2024-ല്‍ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ ട്വന്റി 20 ലോകകപ്പ് ജയിച്ച ശേഷം പിച്ചില്‍ നിന്ന് മണ്ണെടുത്ത് തിന്നാണ് അന്നത്തെ ക്യാപ്റ്റന്‍ രോഹിത് തന്റെ ആഘോഷം പൂര്‍ത്തിയാക്കിയത്. സമാനമായ ആഘോഷമായിരുന്നു സൂര്യകുമാറിന്റേത്.
2024ലെ ട്വന്റി 20 ലോകകപ്പ് ജയിച്ചശേഷം ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ ബാര്‍ബഡോസിലെ പിച്ചിനരികെയെത്തി മുട്ടുകുത്തിയിരുന്ന് മണ്ണെടുത്ത് കടിച്ചിരുന്നു. ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് വിജയങ്ങള്‍ക്ക് ശേഷം കോര്‍ട്ടിലെ പുല്ല് എടുത്ത് കടിക്കുന്നതിനെ അനുകരിച്ചായിരുന്നു രോഹിത് അങ്ങനെ ചെയ്തത്. പിന്നീട് ഗ്രൗണ്ടില്‍ ഇന്ത്യ പതാക നാട്ടിയ രോഹിത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ആരാധക മനസില്‍ ഇപ്പോഴും മായാത്ത ഓര്‍മയാണ്. ഇതിന് സമാനമായാണ് സൂര്യകുമാര്‍ യാദവ് ഇന്നലെ പിച്ചിനെ വന്ദിച്ച് മണ്ണെടുത്ത് നെറ്റിയില്‍ പൂശിയത്.
കഴിഞ്ഞ ലോകകപ്പില്‍ കിരീടം വാങ്ങാനെത്തിയ രോഹിത് 2022ലെ ഫുട്‌ബോള്‍ ലോകകപ്പ് നേടിയശേഷം അര്‍ജന്റീന നായകന്‍ ലയണല്‍ മെസി നടന്ന പൂച്ച നടത്തത്തെ അനുകരിച്ചായിരുന്നു കപ്പ് ഏറ്റുവാങ്ങിയതെങ്കില്‍ ഇന്നെലെ അത്തരം നാടകീയതയൊന്നുമുണ്ടായില്ല. ഐസിസി ചെയര്‍മാന്‍ ജയ് ഷായില്‍ നിന്ന് നിറഞ്ഞ ചിരിയോടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ മൂന്നാം കിരീടം ഏറ്റുവാങ്ങി. പിന്നീട് ടീമിനൊപ്പം വിജയാഘോഷം.
കിരീടപ്പോരില്‍ നിര്‍ണായക ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 255 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 89 റണ്‍സുമായി മലയാളി താരം സഞ്ജു സാംസണ്‍ ടോപ്പ് സ്‌കോററായപ്പോള്‍ അഭിഷേക് ശര്‍മ്മയും ഇഷാന്‍ കിഷനു തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറികള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ 159 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ 96 റണ്‍സിന്റെ വിജയവും ലോകകപ്പും സ്വന്തമാക്കിയത്. കിവീസ് ഇന്നിങ്സിലെ അവസാന വിക്കറ്റും വീണതോടെ ഇന്ത്യ ആഘോഷം തുടങ്ങിയിരുന്നു. കിരീടവിജയം വൈകാരികമായാണ് താരങ്ങള്‍ ഏറ്റെടുത്തത്. പലരുടെയും കണ്ണുകള്‍ നിറഞ്ഞു, ചിലര്‍ നിറഞ്ഞു ചിരിച്ചു, ചിലര്‍ക്ക് പരസ്പരം എത്ര ആശ്ലേഷിച്ചിട്ടും മതിയാകുന്നുണ്ടായിരുന്നില്ല.
ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി ലോകകപ്പ് ജയിക്കുന്നത്. ഏറെ വൈകാരികമായ വിജയം നേടിയ ഇന്ത്യയുടെ ടോപ് സ്‌കോററായ മലയാളി താരം സഞ്ജു സാംസണാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ചേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്താണ് സഞ്ജുവിനെ സൂപ്പര്‍താരം കൊഹ്ലി അഭിനന്ദിച്ചത്. സച്ചിന്റെ ഉപദേശമാണ് തന്റെ പ്രകടനത്തെ സ്വാധീനിച്ചതെന്ന് അവാര്‍ഡ് വാങ്ങിയശേഷം സഞ്ജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
