തകർപ്പൻ സെഞ്ചുറിയുമായി ലോറ വോള്‍വാര്‍ഡ്; തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് മുന്നിൽ റൺ മല; അക്കൗണ്ട് തുറക്കാനാകാതെ കൂടാരത്തിലെത്തിയത് മൂന്ന് ബാറ്റർമാർ; ഏകദിന ലോകകപ്പിൽ ആദ്യ ഫൈനൽ സ്വപ്നം കണ്ട് ദക്ഷണാഫ്രിക്കൻ വനിതകൾ
ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. 320 റൺസാണ് ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 34/3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മാരിസാൻ കാപ്പിനാണ് രണ്ട് വിക്കറ്റ്. അയബോംഗ ഖാക്ക ഒരു വിക്കറ്റ് നേടി. എമി ജോൺസ്, ടാംസിൻ ബ്യൂമോണ്ട്, ഹീതർ നൈറ്റ് എന്നിവർ അക്കൗണ്ട് തുറക്കാതെ പവലിയനിലെത്തി. 17 റൺസുമായി ക്യാപ്റ്റൻ നാറ്റ് സ്കൈവർ-ബ്രണ്ടും, 15 റൺസുമായി ആലീസ് കാപ്‌സിയുമാണ് ക്രീസിൽ.
ഗുവാഹത്തിയിലെ ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ നായിക ലോറ വോൾവാർഡിന്റെ അവിശ്വസനീയ പ്രകടനമാണ് വൻ സ്കോറിലേക്ക് നയിച്ചത്. 143 പന്തുകളിൽ നിന്ന് 169 റൺസെടുത്ത വോൾവാർഡ് ദക്ഷിണാഫ്രിക്കൻ നിരയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. ദക്ഷിണാഫ്രിക്കൻ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ലോറ വോൾവാർഡും ടസ്മിൻ ബ്രിട്‌സും ചേർന്ന് ഒന്നാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്തു. 23-ാം ഓവറിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നേടാനായത്.
സോഫി എക്ലെസ്റ്റോൺ ബ്രിട്‌സിനെ ബൗൾഡ് ആക്കിയതോടെ കൂട്ടുകെട്ട് തകർന്നു. ഇതേ ഓവറിൽ അന്നെകെ ബോഷിനെയും (0) എക്ലെസ്റ്റോൺ പുറത്താക്കി. തുടർന്നെത്തിയ സുനെ ലുസ് (1) നതാലി സ്കീവർ ബ്രണ്ടിന് മുന്നിൽ കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 119 എന്ന നിലയിലായി. എന്നാൽ, നാലാമതായി ക്രീസിലെത്തിയ മരിസാനെ കാപ്പ് (42) നായികയ്ക്ക് മികച്ച പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിചേർത്തത് ടീമിന് നിർണായകമായി. 34-ാം ഓവറിലാണ് കാപ്പ് പുറത്തായത്. തുടർന്നെത്തിയ കളിക്കാർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
സിനാലോ ജാഫ്ത (1), അന്നേരി ഡെർക്ക്‌സെൻ (4) എന്നിവർ വേഗത്തിൽ കൂടാരം കയറിയതോടെ ആറ് വിക്കറ്റിന് 202 എന്ന നിലയിലായി ടീം. 300 റൺസ് കടക്കുമോ എന്ന സംശയം നിലനിന്ന സാഹചര്യത്തിലാണ് ക്ലോ ട്രൈയോൺ (33) വോൾവാർഡിനൊപ്പം പ്രതിരോധം തീർത്തത്. 47 പന്തിൽ 89 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 47-ാം ഓവറിൽ വോൾവാർഡ് പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 291 എന്ന നിലയിലായിരുന്നു. നാല് സിക്സറുകളും 20 ഫോറുകളും ഉൾപ്പെട്ടതായിരുന്നു വോൾവാർഡിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളിൽ ട്രൈയോണിനൊപ്പം നദീൻ ഡി ക്ലാർക്ക് (11) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോൺ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ലോറൻ ബെൽ രണ്ട് വിക്കറ്റുകൾ നേടി.
