60 പന്തിൽ 141 റൺസുമായി ഓപ്പണർ ഫിൽ സാൾട്ടിന്റെ വെടിക്കെട്ട്; ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 304 റൺസ്; രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റൻ തോൽവി; പരമ്പര ഒപ്പത്തിനൊപ്പം
മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 304 റൺസാണ് അടിച്ചുകൂട്ടിത്. മറുപടി ബാറ്റിങ് 16.1 ഓവറിൽ 158 റൺസിന് അവസാനിച്ചതോടെ 146 റൺസിന്റെ കൂറ്റൻ തോൽവിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 60 പന്തിൽ 141 റൺസാണ് സാൾട്ട് അടിച്ചെടുത്തത്. ഒരു ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഉയർന്ന വ്യക്തിഗത സ്കോറുമാണിത്. 8 സിക്സും 15 ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്സ്. ജോസ് ബട്‍ലർ 30 പന്തിൽ 83 റൺസെടുത്ത് മികച്ച പിന്തുണ നൽകി.
ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 41 റൺസോടെ പുറത്താകാതെ നിന്നു. ട്വന്റി20 ചരിത്രത്തിൽ 300 റൺസ് പിന്നിടുന്ന മൂന്നാമത്തെ ടീം എന്ന നേട്ടവും ഇംഗ്ലണ്ടിന് സ്വന്തമായി. 305 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തിരിച്ചടിയുണ്ടായി. ക്യാപ്റ്റൻ എയ്ഡൻ മർക്രം (41) മാത്രമാണ് ടീമിനായി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ 3 വിക്കറ്റുകൾ വീഴ്ത്തി.
ലിയാം ഡോസൺ, സാം കറൻ എന്നിവർ 2 വിക്കറ്റ് വീതം നേടി. പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. പരമ്പരയിലെ നിർണ്ണായകമായ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.