സെഞ്ചുറിയുമായി ഹീതർ നൈറ്റ്; കൂറ്റന്‍ വിജയലക്ഷ്യമുയർത്തി ഇംഗ്ലണ്ട്; ദീപ്തി ശർമ്മയ്ക്ക് നാല് വിക്കറ്റ്; ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട തുടക്കം
ഇൻഡോർ: വനിതാ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 289 റൺസ് വിജയലക്ഷ്യം. ഇൻഡോർ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ഹീതർ നൈറ്റിന്റെ (109) തകർപ്പൻ സെഞ്ചുറിയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 41/1 എന്ന നിലയിലാണ്. സ്‌മൃതി മന്ദാനയും ഹാർലീൻ ഡിയോളമാണ് ക്രീസിൽ. പ്രതിക രാവലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോറൻ ബെൽ ആണ് വിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിനായി എമി ജോൺസ് (56) റൺസ് നേടി. ഇന്ത്യൻ ബൗളിംഗിൽ ദീപ്തി ശർമ്മ നാല് വിക്കറ്റുകൾ വീഴ്ത്തി.
ലോകകപ്പിൽ സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ മാത്രമാണ് ഇന്ത്യക്കുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമെ ഇന്ത്യക്ക് സെമിഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ സാധിക്കൂ. തോൽവി അറിയാതെ മുന്നേറുന്ന ഇംഗ്ലണ്ട് നിലവിൽ മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ ഏഴ് പോയിണ്ടാണ് ഇന്ത്യയ്ക്കുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ബ്യൂമോണ്ടും എമി ജോൺസും ചേർന്ന് ഒന്നാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. 16-ാം ഓവറിലാണ് ഇന്ത്യക്ക് ഈ കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചത്. ദീപ്തി ശർമ്മ ബൗൾഡ് ചെയ്ത ബ്യൂമോണ്ടിനെ കൂടാതെ, അധികം വൈകാതെ എമിയെയും ദീപ്തി മടക്കി അയച്ചു. സ്മൃതി മന്ദാനയായിരുന്നു ക്യാച്ച് എടുത്തത്. എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു എമിയുടെ ഇന്നിംഗ്‌സ്.
തുടർന്ന് ക്രീസിലെത്തിയ ഹീതർ നൈറ്റും നതാലി സ്കിവർ ബ്രന്റും (38) ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഈ കൂട്ടുകെട്ട് ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് ശ്രീചരൺ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. ശ്രീചരണിന്റെ പന്തിൽ സ്കിവർ ബ്രന്റ്, ഹർമൻപ്രീത് കൗറിന് ക്യാച്ച് നൽകി പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഹീതർ നൈറ്റ് തന്റെ സെഞ്ചുറി പൂർത്തിയാക്കി. 45-ാം ഓവറിലാണ് താരം റണ്ണൗട്ടിലൂടെ പുറത്തായത്. ഒരു സിക്‌സും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു നൈറ്റിന്റെ തകർപ്പൻ ഇന്നിംഗ്‌സ്. തുടർന്ന് വന്ന ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
സോഫിയ ഡങ്ക്‌ലി (15), എമ്മ ലാമ്പ് (11), ആലീസ് ക്യാപ്‌സി (2), സോഫി എക്ലെസ്റ്റോൺ (3) എന്നിവർ നിരാശപ്പെടുത്തി. ചാർലോട്ട് ഡീനിന്റെ (13 പന്തിൽ പുറത്താവാതെ 19) ആക്രമണോത്സുകമായ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ലിൻസെ സ്മിത്ത് (0) പുറത്താവാതെ നിന്നു. ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനെത്തിയത്. ജമീമ റോഡ്രിഗസിന് പകരം രേണുക സിംഗ് ടീമിലെത്തി. ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സോഫി എക്ലെസ്റ്റോണും ലോറൻ ബെന്നും ടീമിൽ തിരിച്ചെത്തി.
ഇന്ത്യ: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.
ഇംഗ്ലണ്ട്: ആമി ജോണ്‍സ് (ക്യാപ്റ്റന്‍), ടാമി ബ്യൂമോണ്ട്, ഹീതര്‍ നൈറ്റ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, എമ്മ ലാംബ്, ആലീസ് കാപ്‌സി, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.