ജോഫ്ര ആര്‍ച്ചര്‍ ടീമിലില്ല; ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
ജോഫ്ര ആര്‍ച്ചര്‍ ടീമിലില്ല
ബിര്‍മിങ്ഹാം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജൊഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിജയിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്.
ജൂലൈ രണ്ട് മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുക. അതിനിടെ രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയില്‍ പിടിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിന് ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. മുന്‍നിരയില്‍ സായി സുദര്‍ശനോ കരുണ്‍ നായരോ ടീമില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാര്‍ റെഡ്ഡിയും കുല്‍ദീപ് യാദവും ടീമിലെത്തുമെന്നും സൂചനയുണ്ട്.
പേസര്‍ ജസ്പ്രീത് ബുംമ്ര ജോലി ഭാരത്തെ തുടര്‍ന്ന് കളിച്ചേക്കില്ലെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ബുംമ്രയ്ക്ക് പകരമായി അര്‍ഷ്ദീപ് സിങ്ങോ ആകാശ് ദീപോ ഇന്ത്യന്‍ നിരയില്‍ കളിച്ചേക്കും.
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷുഹൈബ് ബഷീര്‍.