ട്വന്റി 20 ശൈലിയില്‍ തകര്‍ത്തടിച്ച് ഋഷഭ് പന്ത്; ഒപ്പമെത്താന്‍ ബാറ്റിങ് വെടിക്കെട്ടുമായി ഗില്ലും; മൂടിക്കെട്ടിയ അന്തരീക്ഷം അനുകൂലമാക്കാമെന്ന ഇംഗ്ലണ്ട് പേസര്‍മാരുടെ പ്രതീക്ഷ തകര്‍ത്ത് കുതിപ്പ്; മഴ സാധ്യത നിലനില്‍ക്കെ 450 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം സുരക്ഷിതം; ബര്‍മിങ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍

ബര്‍മിങ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍

Update: 2025-07-05 13:11 GMT

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിംഗ് തുടരുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയിലാണ്. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഗില്ലിനും സംഘത്തിനും 404 റണ്‍സ് ലീഡാണ് നിലവിലുള്ളത്. യശസ്വി ജയ്സ്വാള്‍(28), കെ.എല്‍. രാഹുല്‍(55), കരുണ്‍ നായര്‍(26) എന്നിവരാണ് പുറത്തായത്. അര്‍ധ സെഞ്ചുറി പിന്നിട്ട ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തുമാണ് ക്രീസില്‍.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. കരുണ്‍ നായരും കെ.എല്‍. രാഹുലുമാണ് ക്രീസിലുണ്ടായിരുന്നത്. 32 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ ടീമിന് കരുണ്‍ നായരെ നഷ്ടമായി. 26 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ക്രീസിലിറങ്ങിയത്. രാഹുലും ഗില്ലും ഇന്ത്യയെ നൂറുകടത്തി. 126 റണ്‍സില്‍ നില്‍ക്കേ രാഹുലും പുറത്തായി. 55 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.പിന്നാലെയിറങ്ങിയ ഋഷഭ് പന്ത് അടിച്ചുകളിച്ചതോടെ ഇന്ത്യന്‍ ലീഡ് 400 കടന്നു.

കരുണ്‍ നായരുടെയും(26) അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്റെയും(55) വിക്കറ്റുകളാണ് നാലാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. കരുണിനെ ബ്രെയ്ഡന്‍ കാര്‍സും രാഹുലിനെ ജോഷ് ടങുമാണ് വീഴ്ത്തിയത്. നാലാം ദിനംനാലാം ദിനം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ആദ്യ അര മണിക്കര്‍ വിക്കറ്റ് നഷ്ടമാവാതെ കരുണും രാഹുലും പിടിച്ചു നിന്നു. അഞ്ച് ബൗണ്ടറികള്‍ നേടിയെങ്കിലും ഇംഗ്ലണ്ട് പേസര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ പതറിയ കരുണ്‍ ഒടുവില്‍ നല്ല തുടക്കത്തിനുശേഷം 26 റണ്‍സെടുത്ത് മടങ്ങി.

മറുവശത്ത് മോശം പന്തുകളില്‍ മാത്രം റണ്‍സ് നേടിയ രാഹുലാകട്ടെ കരുണിന്റെ വിക്കറ്റ് വീണതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു.കരുണ്‍ പുറത്താവും മുമ്പ് 58 പന്തില്‍ 40 റണ്‍സെടുത്തിരുന്ന രാഹുല്‍ പിന്നീട് 28 പന്തുകള്‍ നേരിട്ടാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് പിന്നാലെ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ജോഷ് ടങ് ഇന്ത്യയെ ഞെട്ടിച്ചു.

അഞ്ചാമനായി ക്രീസിലിറങ്ങിയ ഋഷഭ് പന്ത് പക്ഷെ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. നേരിട്ട മൂന്നാം പന്ത് തന്നെ ബൗണ്ടറി കടത്തിയ ഋഷഭ് പന്ത് നാലാം പന്തില്‍ ജോഷ് ടങിനെ സിക്‌സിന് പറത്തി നയം വ്യക്തമാക്കി. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ പന്ത് നല്‍കിയ ക്യാച്ച് സാക്ക് ക്രോളി നഷ്ടമാക്കിയതിന് പിന്നാലെ ജോഷ് ടങിനെ വീണ്ടും ഫോറിനും സിക്‌സിനും തൂക്കി ഋഷഭ് പന്ത് ലീഡുയര്‍ത്തി.

സ്പിന്നര്‍ ജോഷ് ടങിനെതിരെയും രണ്ട് ബൗണ്ടറി നേടിയ ഋഷഭ് പന്തിനെ പിന്നാലെ ജോഷ് ടങിന്റെ പന്തില്‍ ക്രിസ് വോക്‌സും കൈവിട്ടത് ഇന്ത്യക്ക് ഭാഗ്യമായി. 64-1 എന്ന സ്‌കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ മണിക്കൂറില്‍ 35 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. നാലും അഞ്ചും ദിവസങ്ങളില്‍ മഴ പ്രവചനമുള്ളതിനാല്‍ 450 ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെക്കാനാവും ഇന്ത്യ ശ്രമിക്കുക.

അതേസമയം ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 407 റണ്‍സാണെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 180 റണ്‍സിന്റെ ലീഡും സ്വന്തമായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ നിന്ന് മൂന്നൂറ് റണ്‍സ് കൂട്ടുകെട്ടിലൂടെ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തുമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ഒടുക്കം ബ്രൂക്കിനെ(158) പുറത്താക്കി ആകാശ്ദീപാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്മിത്ത് 184 റണ്‍സോടെ പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറുവിക്കറ്റെടുത്തു.

നായകന്‍ ശുഭ്മാന്‍ ഗില്‍ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ സ്വന്തമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സാണ് അടിച്ചെടുത്തത്. തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍(269) ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി. ഗില്ലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. യശസ്വി ജയ്‌സ്വാളും(87) ജഡേജയും(89) അര്‍ധസെഞ്ചുറി തികച്ചു.

ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് ഗില്‍. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ നായകന്‍. ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണിത്. ഗില്ലിന് പുറമേ സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.

Similar News