കമോണ്‍ ഇന്ത്യ.... കമോണ്‍! വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കറ്റിന്റെ തോളിന് 'ഇടിച്ച്' യാത്രയയപ്പ്; പിന്നാലെ ഒലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി സിറാജ്; ചെറുത്തുനിന്ന സാക് ക്രോളിയെ വീഴ്ത്തി നിതീഷ് റെഡ്ഡി; ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍
ലണ്ടന്‍: ലോര്‍ഡ്സില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഇംഗ്ലണ്ട് പതറുന്നു. 20 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും (12) സാക് ക്രോളിയും (22) ഒലീ പോപ്പും (4) ആണ് പുറത്തായത്. രണ്ട് വിക്കറ്റുകള്‍ പേസര്‍ മുഹമ്മദ് സിറാജിനാണ്. ചെറുത്തുനിന്ന ഓപ്പണര്‍ സാക് ക്രോളിയെ വീഴ്ത്തിയത് നിതീഷ് റെഡ്ഡിയാണ്. ആറാം ഓവറില്‍ ഡക്കറ്റിനെ ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് നല്‍കി ആദ്യം മടക്കി. 12-ാം ഓവറിന്റെ അവസാന പന്തില്‍ പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ച ഒലീ പോപ്പിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
12 പന്തുകള്‍ നേരിട്ട ബെന്‍ ഡക്കറ്റ്, ഒരു ഫോര്‍ സഹിതം 12 റണ്‍സെടുത്താണ് പുറത്തായത്. 17 പന്തുകള്‍ നേരിട്ടാണ് ഒലി പോപ്പ് 4 റണ്‍സുമായി മടങ്ങിയത്. അംപയര്‍ ആദ്യം വിക്കറ്റ് അനുവദിച്ചില്ലെങ്കിലും, സിറാജിന്റെ നിര്‍ബന്ധത്തില്‍ ശുഭ്മന്‍ ഗില്‍ ഡിആര്‍എസ് ആവശ്യപ്പെട്ടതോടെയാണ് ഒലി പോപ്പിന്റെ വിക്കറ്റ് ലഭിച്ചത്. നേരത്തെ, ബെന്‍ ഡക്കറ്റിനെ മിഡ് ഓണില്‍ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ചതിനു പിന്നാലെ ഡക്കറ്റിനു തൊട്ടരികില്‍ മുഖാമുഖമെത്തി സിറാജ് ആഹ്ലാദ പ്രകടനത്തിനു മുതിര്‍ന്നത് മൂന്നാം ദിവസത്തെ നാടകീയ രംഗങ്ങളുടെ തുടര്‍ച്ചയായി. പുറത്തായി മടങ്ങിയ ഡക്കറ്റിന്റെയും സിറാജിന്റെയും തോളുകള്‍ ഉരസുകയും ചെയ്തു. തുടര്‍ന്ന് അംപയര്‍മാര്‍ വിഷയത്തില്‍ ഇടപെട്ടു.
നേരത്തേ ആദ്യ ഇന്നിങ്സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കടക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിര്‍ത്തിയത്. 11 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകള്‍ വീണത്. കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയും (100) ഋഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നുവിക്കറ്റ് വീഴ്ത്തി.
മൂന്ന് വിക്കറ്റിന് 145 റണ്‍സ് എന്ന സ്‌കോറില്‍ ഇന്നലെ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചപ്പോള്‍ ആക്രമണത്തിന് തിരികൊളുത്തിയത് ഋഷഭ് പന്താണ്. ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ആദ്യ ഓവറില്‍ 2 ഫോര്‍ നേടിത്തുടങ്ങിയ പന്തിന്റെ ബാറ്റിങ്, പതിയെ നീങ്ങിയ രാഹുലിനെയും പ്രചോദിപ്പിച്ചു. ആദ്യ മണിക്കൂറില്‍ 52 റണ്‍സ് നേടിയ ഇരുവരും ടീം സ്‌കോര്‍ 197ല്‍ എത്തിച്ചു.
മത്സരത്തിന്റെ ആദ്യദിനം കീപ്പിങ്ങിനിടെ പന്ത് വിരലില്‍കൊണ്ടു പരുക്കേറ്റ ഋഷഭ് പന്തിനെ ഇന്നലെ അതിന്റെ വേദന പലവട്ടം വേട്ടയാടി. ബാറ്റിങ്ങിനിടെ 2 തവണ വൈദ്യസഹായം തേടേണ്ടിവന്നെങ്കിലും പൂര്‍വാധികം കരുത്തോടെ പന്ത് ക്രീസില്‍ തുടര്‍ന്നു. 59ാം ഓവറില്‍ ബെന്‍ സ്റ്റോക്‌സിനെതിരെ സിക്‌സര്‍ പറത്തിയാണ് പന്ത് ഇംഗ്ലണ്ടിലെ തന്റെ എട്ടാം അര്‍ധ സെഞ്ചറിയിലെത്തിയത്.
തന്റെ പത്താം ടെസ്റ്റ് സെഞ്ചറിയിലേക്ക് അടുത്തുകൊണ്ടിരുന്ന കെ.എല്‍.രാഹുലിനൊപ്പം ഋഷഭ് പന്തിന്റെ സെഞ്ചറിയും ആരാധകര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരു ചെറിയ അശ്രദ്ധയില്‍ അര്‍ഹിച്ച സെഞ്ചറി നഷ്ടമായി പന്ത് മടങ്ങി. ഇംഗ്ലിഷ് സ്പിന്നര്‍ ശുഐബ് ബഷീര്‍ ഉച്ചഭക്ഷണത്തിന് മുന്‍പുള്ള അവസാന ഓവര്‍ എറിയുമ്പോള്‍ സെഞ്ചറിക്ക് തൊട്ടരികിലായിരുന്നു രാഹുല്‍ (98). രാഹുലിന് സ്‌ട്രൈക്ക് നല്‍കാന്‍ മൂന്നാം പന്ത് ഷോര്‍ട് കവറില്‍ തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച ഋഷഭിന് പിഴച്ചു. ഡയറക്ട് ത്രോയില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ വിക്കറ്റ് തെറിപ്പിച്ച ബെന്‍ സ്റ്റോക്‌സ് പന്തിനെ (74) റണ്ണൗട്ടാക്കി. പിരിഞ്ഞത്141 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട്.
സെഞ്ചറി തികച്ചതിനു പിന്നാലെ ആര്‍ച്ചറുടെ പന്തില്‍ രാഹുലും പുറത്തായത് ഇന്ത്യയുടെ നിരാശ ഇരട്ടിപ്പിച്ചു. വെറും 11 പന്തുകള്‍ക്കിടെ 2 നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 5ന് 254 എന്ന സ്‌കോറിലേക്ക് വീണെങ്കിലും രവീന്ദ്ര ജഡേജയുടെ പരിചയ സമ്പത്ത് ഇന്ത്യയെ കരകയറ്റി. നിതീഷ് റെഡ്ഡിക്കൊപ്പം (30) 72 റണ്‍സിന്റെയും വാഷിങ്ടന്‍ സുന്ദറിനൊപ്പം 50 റണ്‍സിന്റെയും കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ജഡേജയ്ക്കു കഴിഞ്ഞു. ഒടുവില്‍ 114ാം ഓവറില്‍ ജഡേജയെ ക്രിസ് വോക്‌സ് പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുപ്പുനില്‍പും ഏറക്കുറെ അവസാനിച്ചു.