ജയത്തോളം പോന്നൊരു സമനില! ഡക്കിനും ഗോള്‍ഡന്‍ ഡക്കിനും പിന്നാലെ എണ്ണം പറഞ്ഞ മൂന്ന് സെഞ്ചുറികള്‍; 178 റണ്‍സിന്റെ രാഹുല്‍ - ഗില്‍ കൂട്ടുകെട്ട്; 203 റണ്‍സിന്റെ ജഡേജ - സുന്ദര്‍ കൂട്ടുകെട്ടും; 311 റണ്‍സ് ലീഡെടുത്തിട്ടും പന്തെറിഞ്ഞ് വലഞ്ഞ ഇംഗ്ലീഷുകാര്‍; ഓള്‍ഡ് ട്രാഫഡില്‍ വീരോചിത സമനിലയുമായി ഇന്ത്യ

ഓള്‍ഡ് ട്രാഫഡില്‍ വീരോചിത സമനിലയുമായി ഇന്ത്യ

Update: 2025-07-27 17:10 GMT

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വീരോചിത സമനില. രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തില്‍ ജയത്തോളം പോന്നൊരു സമനിലയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. നാലാം ദിനം റണ്ണെടുക്കും മുമ്പെ രണ്ട് വിക്കറ്റ് നഷ്ടമാകുകയും അഞ്ചാം ദിനം ആദ്യ സെഷനില്‍ കെ എല്‍ രാഹുലിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തിട്ടും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 203 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജഡേജ-സുന്ദര്‍ സഖ്യമാണ് ഇന്ത്യക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ എക്കാലവും അഭിമാനിക്കാവുന്ന സമനില സമ്മാനിച്ചത്. ജഡേജക്ക് പിന്നാലെ സുന്ദറും സെഞ്ചുറിയിലെത്തിയതോടെ ഇംഗ്ലണ്ട് സമനിലക്ക് കൈ കൊടുക്കുകയായിരുന്നു. സ്‌കോര്‍ ഇന്ത്യ 358, 425-4, ഇംഗ്ലണ്ട് 669. സമനില വഴങ്ങിയെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഇപ്പോഴും 2-1ന് മുന്നിലാണ്. മാഞ്ചസ്റ്ററില്‍ സമനില പിടിച്ചതോടെ വ്യാഴാഴ്ച കെന്നിംഗ്ടണ്‍ ഓവലില്‍ തുടങ്ങുന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സമനിലയാക്കാം.

ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഹൃദയഭേദകമായ തോല്‍വി വഴങ്ങിയ ഇന്ത്യ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ തോല്‍വി മുന്നില്‍ കണ്ട ശേഷമാണ് തിരിച്ചുവരവ്. ലോഡ്‌സില്‍ പ്രതിരോധക്കോട്ട കെട്ടിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഇത്തവണ തകര്‍പ്പന്‍ സെഞ്ചറികളുമായി ശുഭ്മന്‍ ഗില്ലും വാഷിങ്ടന്‍ സുന്ദറുമെല്ലാം ഉറച്ചുനിന്നതോടെ, തോല്‍വി ഉറ്റുനോക്കിയ ശേഷം ഇന്ത്യ സമനില പിടിച്ചുവാങ്ങി. ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയിട്ടും, ബാറ്റിങ്ങില്‍ പുറത്തെടുത്ത വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്.

രണ്ടിന് 174 റണ്‍സുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, 143 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്താണ് സമനില പിടിച്ചുവാങ്ങിയത്. തകര്‍പ്പന്‍ സെഞ്ചറികളുമായി കരുത്തുകാട്ടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (103), രവീന്ദ്ര ജഡേജ (107*), വാഷിങ്ടന്‍ സുന്ദര്‍ (101*) എന്നിവരുടെ ചെറുത്തുനില്‍പ്പുകളാണ് ഇന്ത്യയുടെ വീരോചിത പോരാട്ടത്തിന്റെ നട്ടെല്ല്. അര്‍ഹിച്ച സെഞ്ചറി 10 റണ്‍സ് അകലെ നഷ്ടമായെങ്കിലും, കെ.എല്‍. രാഹുല്‍ പൊരുതിനേടിയ 90 റണ്‍സിനും 100 മാര്‍ക്ക്. രണ്ടാം ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ത്തന്നെ ഡക്കിനും ഗോള്‍ഡന്‍ ഡക്കിനും പുറത്തായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവര്‍ പരത്തിയ ഭീതിയുടെ കെട്ടുപാടുകള്‍ അസ്ഥാനത്താക്കിയാണ് ഇന്ത്യയുടെ ഈ ചെറുത്തുനില്‍പ്പ് എന്നതും ശ്രദ്ധേയം.

അവസാന ദിനം 174-2 എന്ന സ്‌കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനില്‍ ബെന്‍ സ്റ്റോക്‌സ് ആണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയത്. സ്റ്റോക്‌സിന്റെ പല പന്തുകളും താഴ്ന്നു വന്നപ്പോള്‍ ഗില്ലും രാഹുലും പലപ്പോഴും വിക്കറ്റിന് മുന്നില്‍ കുടുങ്ങാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇതിനിടെ സ്റ്റോക്‌സിന്റെ പന്തില്‍ ഗില്‍ നല്‍കിയ പ്രയാസമുള്ളൊരു ക്യാച്ച് ഷോര്‍ട്ട് കവറില്‍ പറന്നുപിടിക്കാനുള്ള ഒല്ലി പോപ്പിന്റെ ശ്രമം വിഫലമായത് ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍ തൊട്ടു പിന്നാലെ രാഹുലിനെ താഴ്ന്നു വന്നൊരു പന്തില്‍ യാതൊരു അവസരവും നല്‍കാതെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റോക്‌സ് 188 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചു.

അഞ്ചാം നമ്പറില്‍ ഋഷഭ് പന്തിന് പകരമെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ 200 കടത്തി. ഒടുവില്‍ രണ്ടാം ന്യൂബോളെടുത്ത ഇംഗ്ലണ്ട് തന്ത്രങ്ങളെയും ചെറുത്ത് 228 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അവസാന ദിനം ലഞ്ചിന് പിരിയുന്നതിന് മുമ്പ് ഗില്ലിന്റെ സാഹസം ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. ജോഫ്ര ആര്‍ച്ചറുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ കട്ടിന് ശ്രമിച്ച ഗില്ലിനെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് കൈയിലൊതുക്കി.

പിന്നീടെത്തിയ രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തില്‍ തന്നെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയെങ്കിലും റൂട്ട് കൈവിട്ടത് മത്സരത്തില്‍ നിര്‍ണായകമായി. പിന്നീട് ഇംഗ്ലണ്ചിന്റെ സ്പിന്‍, പേസ് ആക്രമണങ്ങളെയും ഷോര്‍ട്ട് ബോള്‍ തന്ത്രത്തെയുമെല്ലാം അതിജീവിച്ച ജഡേജ-സുന്ദര്‍ സഖ്യം രണ്ടാം സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നതോടെ ഇന്ത്യക്ക് സമനില പ്രതീക്ഷയായി. അവസാന സെഷനിലും വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് വലഞ്ഞു. ഇതിനിടെ ലീഡെടുത്ത ഇന്ത്യ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കി.

ലീഡെടുത്തതോടെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ജഡേജയും സുന്ദറും ഒടുവില്‍ അവസാന 15 ഓവര്‍ ബാക്കിയിരിക്കെ സെഞ്ചുറിയിലെത്തി. ഹാരി ബ്രൂക്കിനെ സിക്‌സിന് പറത്തി ജഡേജ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചപ്പോള്‍ ഹാരി ബ്രൂക്കിനെതിരെ രണ്ട് റണ്‍സ് ഓടിയെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ കന്നി ടെസ്റ്റ് സെഞ്ചുറിയിലെത്തി. ജഡേജ 185 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സുന്ദര്‍ 206 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് സെഷനുകളോളം ബാറ്റ് ചെയ്താണ് ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സമനില പിടിച്ചത്. ലോര്‍ഡ്‌സിലെ നേരിയ തോല്‍വിക്കുശേഷം മാഞ്ചസ്റ്ററില്‍ പൊരുതി നേടിയ സമനില ഇന്ത്യക്ക് അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം കൂട്ടും.

സമനില സമ്മതിച്ച് സ്റ്റോക്‌സ്

ഇടയ്ക്ക് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് എത്തിയെങ്കിലും, സെഞ്ചറി പൂര്‍ത്തിയാക്കിയിട്ടേ മടങ്ങൂ എന്ന് നിലപാടെടുത്ത ജഡേജയും വാഷിങ്ടന്‍ സുന്ദറും അവസാന ദിനത്തിലെ ഉജ്വല ദൃശ്യമായി. ഒടുവില്‍ 183 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് ജഡേജ സെഞ്ചറി പൂര്‍ത്തിയാക്കിയത്. ജോ റൂട്ടിനെതിരെ തകര്‍പ്പന്‍ സിക്‌സറിലൂടെയായിരുന്നു സെഞ്ചറി നേട്ടം. 185 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 107 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. ഒടുവില്‍ ഹാരി ബ്രൂക്കിനെതിരെ ഡബിള്‍ നേടി വാഷിങ്ടന്‍ സുന്ദറും സെഞ്ചറി നേടിയതോടെ ഇന്ത്യ സമനിലയ്ക്ക് കൈകൊടുത്തു. 206 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതമാണ് സുന്ദറിന്റെ കന്നി സെഞ്ചറി.

പരമ്പരയിലെ നാലാം സെഞ്ചറി കുറിച്ച ശുഭ്മന്‍ ഗില്‍ (103), ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (90) എന്നിവരാണ് ഇന്ന് പുറത്തായ മറ്റു ബാറ്റര്‍മാര്‍. 228 പന്തില്‍ 12 ഫോറുകള്‍ സഹിതമാണ് ഗില്‍ സെഞ്ചറി പൂര്‍ത്തിയാക്കിയത്. 238 പന്തില്‍ 103 റണ്‍സുമായി പുറത്താവുകയും ചെയ്തു. 230 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 90 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. മൂന്നാം വിക്കറ്റില്‍ രാഹുല്‍ - ഗില്‍ സഖ്യം 417 റണ്‍സ് നേരിട്ട് 188 റണ്‍സാണ് നേടിയത്. ഈ നൂറ്റാണ്ടില്‍ ഇംഗ്ലിഷ് മണ്ണില്‍ ഒരു ഇന്ത്യന്‍ സഖ്യം നേരിടുന്ന ഏറ്റവും ഉയര്‍ന്ന പന്തുകളാണ് ഇവര്‍ നേരിട്ട 417 പന്തുകള്‍. 238 പന്തില്‍ 12 ഫോറുകള്‍ സഹിതം 103 റണ്‍സെടുത്ത ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റ് കീപ്പര്‍ ജയ്മി സ്മിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 230 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 90 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.

മൂന്നു സെഞ്ചറികള്‍ക്കൊപ്പം ഓരോ ഇരട്ടസെഞ്ചറി കൂട്ടുകെട്ടും സെഞ്ചറി കൂട്ടുകെട്ടും ചേര്‍ന്നതോടെയാണ് ഓള്‍ഡ് ട്രാഫഡില്‍ ഇന്ത്യയുടെ പുതുനിര സമനില തെറ്റാതെ കാത്തത്. മൂന്നാം വിക്കറ്റില്‍ പുതുചരിത്രമെഴുതി 417 പന്തുകള്‍ ചെറുത്തുനിന്ന് 178 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശുഭ്മന്‍ ഗില്‍ - കെ.എല്‍. രാഹുല്‍ സഖ്യം. ഇവര്‍ സ്ഥാപിച്ച അടിത്തറയ്ക്കു മുകളില്‍ പിരിയാത്ത അഞ്ചാം വിക്കറ്റില്‍ അതിലും ഉറപ്പോടെ ഇരട്ട സെഞ്ചറി കൂട്ടുകെട്ട് സ്ഥാപിച്ച ജഡേജ - സുന്ദര്‍ സഖ്യം. 334 പന്തുകള്‍ നേരിട്ട് ഇരുവരും കൂട്ടിച്ചേര്‍ത്തത് 203 റണ്‍സാണ്. ഈ രണ്ടു കൂട്ടുകെട്ടുകളും തകര്‍ക്കാനാകാതെ പോയതോടെയാണ് ഇംഗ്ലണ്ടിന് സമനിലയ്ക്ക് സമ്മതിക്കേണ്ടി വന്നത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ 10-ാം സെഞ്ചറി കൂട്ടുകെട്ടാണ് സുന്ദര്‍ - ജഡേജ സഖ്യത്തിന്റേത്. ഇതോടെ, ഒരു പരമ്പരയില്‍ കൂടുതല്‍ സെഞ്ചറി കൂട്ടുകെട്ടുകളെന്ന സ്വന്തം റെക്കോര്‍ഡിന് ഒരേയൊരു സെഞ്ചറി കൂട്ടുകെട്ട് മാത്രം അകലെയാണ് ഇന്ത്യ. 1978-79ല്‍ വെസ്റ്റിന്‍ഡീസിനെതിരെ സ്വന്തം മണ്ണിലാണ് ഇന്ത്യ 11 സെഞ്ചറി കൂട്ടുകെട്ടുകള്‍ തീര്‍ത്തത്.

ഇതിനിടെ, ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റ പരമ്പരയില്‍ കൂടുതല്‍ സെഞ്ചറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടുമുന്‍പ് നായകനായി നിയോഗിക്കപ്പെട്ട ഗില്ലിന്റെ നാലാം സെഞ്ചറിയാണിത്. മൂന്നു സെഞ്ചറികള്‍ വീതം നേടിയ വാര്‍വിക് ആംസ്‌ട്രോങ്, ബ്രാഡ്മാന്‍, ഗ്രെഗ് ചാപ്പല്‍, വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവര്‍ പിന്നിലായി. അരങ്ങേറ്റത്തിലല്ലെങ്കിലും സുനില്‍ ഗാവസ്‌കര്‍, ബ്രാഡ്മാന്‍ എന്നീ ക്യാപ്റ്റന്‍മാരും ഒരു പരമ്പരയില്‍ നാലു സെഞ്ചറി നേടിയിട്ടുണ്ട്. ഇതിനു പുറമേ, ഒരു പരമ്പരയില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ സെഞ്ചറികള്‍ നേടുന്ന താരങ്ങളില്‍ ഗില്‍ ഗാവസ്‌കര്‍, കോലി എന്നിവര്‍ക്കൊപ്പമെത്തി.

ടെസ്റ്റ് കരിയറില്‍ 7000 റണ്‍സും 200 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമായി ബെന്‍ സ്റ്റോക്‌സ്. ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് (13289 റണ്‍സ്, 292 വിക്കറ്റ്), വെസ്റ്റിന്‍ഡീസിന്റെ ഗാരിഫീല്‍ഡ് സോബേഴ്‌സ് (8032 റണ്‍സ്, 235 വിക്കറ്റ്) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടാന്‍ മുന്നില്‍ നിന്ന ഇംഗ്ലിഷ് നായകന്‍ മറുപടി ബാറ്റിങ്ങില്‍ സെഞ്ചറിയുമായി (141) നിറഞ്ഞാടിയതോടെയാണ് നാലാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലായത്. സ്റ്റോക്‌സിന്റെ സെഞ്ചറിക്കരുത്തില്‍ 669 റണ്‍സ് നേടിയ ഇംഗ്ലണ്ട്, ആദ്യ ഇന്നിങ്‌സില്‍ 311 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

7ന് 544 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ എത്രയും പെട്ടെന്ന് ഓള്‍ഔട്ടാക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ആദ്യ സെഷനില്‍ തന്നെ ലിയാം ഡോസണെ (26) പുറത്താക്കിയ ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ ബ്രൈഡന്‍ കാഴ്‌സിനെ (47) കൂട്ടുപിടിച്ച് സ്റ്റോക്‌സ് തിരിച്ചടി തുടങ്ങിയതോടെ കളിമാറി. ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിച്ച് ഇരുവരും അനായാസം റണ്‍സ് കണ്ടെത്താന്‍ തുടങ്ങിയതോടെ ഇംഗ്ലിഷ് സ്‌കോര്‍ ബോര്‍ഡ് കുതിച്ചു.

96 പന്തില്‍ 95 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 9-ാം വിക്കറ്റില്‍ അടിച്ചെടുത്തത്. സ്റ്റോക്‌സിനെ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമെന്നു കരുതിയെങ്കിലും ഓള്‍ഔട്ട് ആകുന്നതു വരെ തുടരാനായിരുന്നു ആതിഥേയരുടെ തീരുമാനം. പിന്നാലെ ജഡേജയുടെ പന്തില്‍ കാഴ്‌സ് പുറത്താകുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ ലീഡ് 311ല്‍ എത്തിയിരുന്നു. ഇന്ത്യയ്ക്കായി ജഡേജ നാലും ബുമ്ര, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    

Similar News