ആദ്യ മൂന്ന് ദിവസം പേസര്‍മാര്‍ക്കൊപ്പം; അവസാന രണ്ട് ദിവസം ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ച്; മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും; ഓവലില്‍ അവസരം മുതലെടുക്കാന്‍ ഒല്ലി പോപ്പ്; നിര്‍ണായക ടോസ് ജയിച്ചതോടെ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു; നാല് മാറ്റങ്ങളുമായി ഇന്ത്യ; കരുണ്‍ നായര്‍ തിരിച്ചെത്തി; ബുമ്രയും പന്തും ഠാക്കൂറും പുറത്ത്

Update: 2025-07-31 10:06 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒലി പോപ്പ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. ഓവലില്‍ ടോസിന് മുമ്പ് വരെ മഴ പെയ്തിരുന്നു. 

നാലാം ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ നിരയില്‍ മൂന്നു മാറ്റങ്ങളുണ്ട്. ഋഷഭ് പന്ത്, ഷാര്‍ദൂല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ പുറത്തായപ്പോള്‍ കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെ നാലു മാറ്റങ്ങളുമായി ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയില്‍ 2 -1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഒപ്പമെത്താന്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് പരിക്കേറ്റതിനാല്‍ ഒല്ലി പോപ്പ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ കാര്‍സും ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല. ജോഷ് ടംഗും ജാമി ഓവര്‍ടണും ബെഥേലുമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇളവനിലെത്തിയത്.

മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യയും നാല് മാറ്റങ്ങള്‍ വരുത്തി. സായ് സുദര്‍ശന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം കരുണ്‍ നായര്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍ ജസ്പ്രീത് ബുുമ്രക്ക് വിശ്രമം അവുദിച്ചപ്പോള്‍ പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയും ഋഷഭ് പന്തിന് പകരം ധ്രുവ് ജുറെലും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്.

ആദ്യ മൂന്ന് ദിവസം പേസര്‍മാരെയും അവസാന രണ്ട് ദിവസം ബാറ്റര്‍മാരെയും തുണയ്ക്കുന്ന പിച്ചാണ് ഓവലിലേത്. 2019നു ശേഷം നടന്ന 6 ടെസ്റ്റ് മത്സരങ്ങളില്‍ നാലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. 280 റണ്‍സാണ് ഒന്നാം ഇന്നിങ്‌സ് ശരാശരി സ്‌കോര്‍. 2010നു മുന്‍പ് സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്ന ഓവലില്‍ പക്ഷേ, 2011ലെ പിച്ച് നവീകരണത്തിനു ശേഷം സ്പിന്നര്‍മാര്‍ കാര്യമായി ശോഭിച്ചിട്ടില്ല.

പരമ്പരയിലെ ആദ്യ 4 മത്സരങ്ങളിലും മികച്ച രീതിയില്‍ കളിച്ചിട്ടും ഒന്നില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളൂ എന്ന നിരാശ ശുഭ്മന്‍ ഗില്ലും സംഘവും മറച്ചുവയ്ക്കുന്നില്ല. 4 ടെസ്റ്റിലുമായി 11 സെഞ്ചറിയും 12 അര്‍ധ സെഞ്ചറിയും അടിച്ചുകൂട്ടിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഈ ബാറ്റിങ് കരുത്തില്‍ തന്നെയാണ് അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷ.

പരമ്പരയില്‍ 304 റണ്‍സും 17 വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പരുക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തലവേദനയാണ്. പേസര്‍ ജോഫ്ര ആര്‍ച്ചറിന് വര്‍ക്ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി വിശ്രമം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമേ പേസര്‍ ബ്രൈഡന്‍ കാഴ്‌സ്, സ്പിന്നര്‍ ലിയാം ഡോസണ്‍ എന്നിവരും അഞ്ചാം ടെസ്റ്റിനില്ല. സ്റ്റോക്‌സിനു പകരം ബാറ്റര്‍ ജേക്കബ് ബെഥല്‍ ടീമിലെത്തി. ജയ്മി ഓവര്‍ടന്‍, ഗസ് അറ്റ്കിന്‍സന്‍, ജോഷ് ടങ് എന്നീ പേസര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരില്ലാതെയെത്തുന്ന ഇംഗ്ലിഷ് ടീമില്‍ പാര്‍ട് ടൈം സ്പിന്നര്‍മാരായ ജോ റൂട്ടിന്റെയും ജേക്കബ് ബെഥലിന്റെയും സ്‌പെല്ലുകള്‍ നിര്‍ണായകമാകും.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗുസ് അറ്റ്കിന്‍സണ്‍, ജാമി ഓവര്‍ട്ടണ്‍, ജോഷ് ടംഗ്

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Tags:    

Similar News