'എത്ര മുൻനിര കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു?'; കായികക്ഷമത നിലനിർത്തുന്നതും ഐപിഎല്ലിന് തയ്യാറെടുക്കുന്നതും നല്ലതാണ്, പക്ഷെ ആ കാര്യം കൂടി ശ്രദ്ധിക്കണം; വിമർശിച്ച് മുൻ നായകൻ കപിൽ ദേവ്

Update: 2025-11-28 12:30 GMT

ന്യൂഡൽഹി: ദക്ഷണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മുൻ നായകൻ കപിൽ ദേവ്. സ്പിൻ അനുകൂല പിച്ചുകളിൽ ന്യൂസിലൻഡിനോട് 0-3നും, ദക്ഷിണാഫ്രിക്കയോട് 0-2നും ഇന്ത്യ തോറ്റ പശ്ചാത്തലത്തിലാണ് ലോകകപ്പ് ജേതാവായ കപിലിന്റെ ഈ നിരീക്ഷണം. ന്യൂസിലൻഡ് സ്പിന്നർമാരായ അജാസ് പട്ടേൽ (15), മിച്ചൽ സാന്റ്നർ (13), ഗ്ലെൻ ഫിലിപ്‌സ് (8), ഇഷ് സോധി (1) എന്നിവർ ചേർന്ന് മൂന്ന് ടെസ്റ്റുകളിൽ 37 വിക്കറ്റുകൾ വീഴ്ത്തി.

ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരായ സൈമൺ ഹാർമർ (17), കേശവ് മഹാരാജ് (6), ഐഡൻ മാർക്രം (1), സെനുരൻ മുത്തുസാമി (1) എന്നിവർ രണ്ട് ടെസ്റ്റുകളിൽ 25 വിക്കറ്റുകളും സ്വന്തമാക്കി. മുൻകാലങ്ങളിൽ സ്പിൻ ബൗളിങ്ങിനെ അനായാസം നേരിട്ടിരുന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ ഇപ്പോഴത്തെ പ്രകടനം ആശങ്കാജനകമാണെന്ന് കപിൽ ദേവ് സ്പോർട്‌സ്റ്റാറിനോട് പറഞ്ഞു.

"അവരുടെ വ്യക്തിപരമായ ശൈലിയും മികച്ച ഫുട്‌വർക്കും, വ്യത്യസ്ത പിച്ചുകളിൽ ധാരാളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചതുമാണ് സുനിൽ ഗവാസ്കർ, ജി.ആർ. വിശ്വനാഥ്, ദിലീപ് വെങ്‌സർക്കാർ, മൊഹീന്ദർ അമർനാഥ് തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് സ്പിന്നിനെതിരെ തിളങ്ങാൻ സഹായകമായത്," അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇപ്പോഴത്തെ എത്ര മുൻനിര കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എനിക്കറിയണം. അതാണ് ഏറ്റവും നിർണായകമായ കാര്യം. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെയും മികച്ച ബൗളർമാരെ നേരിടാതെയും വന്നാൽ നിങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വരും."

ബ്രിജേഷ് പട്ടേൽ, അശോക് മൽഹോത്ര, നവ്‌ജ്യോത് സിദ്ദു, പ്രവീൺ ആമ്രെ, അജയ് ശർമ്മ തുടങ്ങിയ താരങ്ങളും സ്പിന്നിനെതിരെ മിടുക്കന്മാരായിരുന്നുവെന്നും കപിൽ ഓർമ്മിപ്പിച്ചു. മത്സരങ്ങൾ രണ്ടര ദിവസത്തിൽ അവസാനിക്കുന്നതും ഒരു ടീമിനും 200 റൺസ് പോലും നേടാൻ കഴിയാത്തതുമായ പിച്ചുകളെയും കപിൽ ദേവ് നിശിതമായി വിമർശിച്ചു. "പിച്ചുകൾ വളരെ പ്രധാനമാണ്. ടോസ് നഷ്ടപ്പെട്ടാൽ മത്സരം തന്നെ നഷ്ടപ്പെടുന്ന തരത്തിലുള്ള പിച്ചുകൾ അഞ്ചു ദിവസ മത്സരത്തിന് നല്ലതല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

"അന്താരാഷ്ട്ര താരങ്ങൾ അവരുടെ സംസ്ഥാന ടീമുകൾക്കായി കളിക്കുന്നത് തുടരണമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഇത് യുവതാരങ്ങൾക്ക് പിന്തുണ നൽകാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും സഹായിക്കും. കളിക്കാരെ വളർത്തിയെടുത്ത സംസ്ഥാന അസോസിയേഷനുകൾക്ക് തിരികെ നൽകാനുള്ള നല്ലൊരു മാർഗ്ഗം കൂടിയാണിത്," 1983-ലെ ലോകകപ്പ് ജേതാവായ ഇന്ത്യൻ നായകൻ പറഞ്ഞു. "കായികക്ഷമത നിലനിർത്തുന്നതും ഐപിഎല്ലിന് തയ്യാറെടുക്കുന്നതും നല്ലതാണ്, പക്ഷേ ഒരു ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരൻ എപ്പോഴും തന്റെ സംസ്ഥാനത്തിനുവേണ്ടി കളിക്കാൻ സന്നദ്ധനായിരിക്കണം. അതാണ് രാജ്യത്തോടുള്ള പ്രതിബദ്ധത," അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News