കോച്ച് ഗംഭീര്‍ തന്നെ; വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കും; ഇനിയുള്ള ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയില്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയം വിലയിരുത്താന്‍ ബിസിസിഐ വിശകലനയോഗം
ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയം വിലയിരുത്താന്‍ ബിസിസിഐ. ബിജിടി പരാജയത്തെ കുറിച്ച് വിലയിരുത്താന്‍ ബിസിസിഐ വിശകലനയോഗം ചേരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരില്‍ കോച്ച് ഗൗതം ഗംഭീറിനോ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കോ സ്ഥാനമാറ്റമുണ്ടാവില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
'ബിസിസിഐ ഒരു അവലോകന യോഗം ചേരും. പക്ഷേ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ല. ഒരു പരമ്പരയില്‍ ബാറ്റര്‍മാരുടെ മോശം പ്രകടനത്തിന് ഒരിക്കലും പരിശീലകനെ പുറത്താക്കാന്‍ കഴിയില്ല. ഗൗതം ഗംഭീര്‍ കോച്ചായി തന്നെ തുടരും. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കും. ബിസിസിഐയുടെ ഇനിയുള്ള ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയിലായിരിക്കും',ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോം തുടരുന്ന രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഓസീസ് പരമ്പരയിലുടനീളം നിരാശപ്പെടുത്തിയിരുന്നു. ഇരുതാരങ്ങളുടെ ഫോമില്ലായ്മയും ഓസ്ട്രേലിയയ്ക്കെതിരായ നാണംകെട്ട പരാജയത്തിലേയ്ക്ക് ഇന്ത്യയെ നയിക്കാന്‍ പ്രധാന കാരണമായിരുന്നു. എന്നാല്‍ അടുത്ത ജൂണില്‍ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തും കോഹ്ലിയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.