'ശ്രേയസ് അയ്യരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തത് അത്ഭുതപ്പെടുത്തി, അവനെ വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുകയില്ല'; ആ രണ്ട് താരങ്ങളെ ഒഴിവാക്കി ശ്രേയസിനെ ടീമിലെടുക്കണമായിരുന്നുവെന്ന് ഗാംഗുലി

Update: 2025-09-14 11:48 GMT

കൊൽക്കത്ത: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്താതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രേയസ് അയ്യർ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ക്യാപ്റ്റൻസിയിലും മികവ് തെളിയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'രണ്ട് പേരെ ഒഴിവാക്കിയിട്ടാണെങ്കിലും ശ്രേയസിനെ ടീമിലെടുക്കേണ്ടതായിരുന്നു. വൈറ്റ് ബോൾ ടീമിൽ നിന്ന് എങ്ങനെയാണ് ശ്രേയസിനെ ഒഴിവാക്കാൻ സാധിക്കുക?' ഗാംഗുലി ചോദിച്ചു. നിലവിലെ ടീമിൽ റിങ്കു സിംഗ് അല്ലെങ്കിൽ ജിതേഷ് ശർമ്മയ്ക്ക് പകരം ശ്രേയസിനെ പരിഗണിക്കാവുന്നതായിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്‌സിനെ ഫൈനലിലെത്തിച്ച ശ്രേയസ് അയ്യർ 600-ൽ അധികം റൺസ് നേടി ബാറ്റിംഗിലും തിളങ്ങിയിരുന്നു. ഏഷ്യാ കപ്പ് ടീമിൽ ശ്രേയസിന് ഇടം ലഭിക്കുമെന്ന പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും സെലക്ടർമാർ ടീം പ്രഖ്യാപിച്ചപ്പോൾ അത് അസ്ഥാനത്തായി. ശ്രേയസിനെ എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തിന്, ഈ ടീമിൽ ആരെ ഒഴിവാക്കിയാണ് ശ്രേയസിനെ ഉൾപ്പെടുത്തുക എന്നായിരുന്നു ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ മറുപടി.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം നേടിയ ശ്രേയസ് അയ്യർ ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. എന്നാൽ ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട താരത്തെ ഈ മാസം ആരംഭിക്കുന്ന ഓസ്ട്രേലിയ എ ടീമിനെതിരായ ദ്വിദിന മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടുണ്ട്. 

Tags:    

Similar News