ഇന്ത്യ ആദ്യമായി ടി20 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഓപ്പണറുടെ റോളില്‍ തിളങ്ങി; ഇന്ന് പരിശീലക വേഷത്തില്‍ ഇന്ത്യന്‍ ടീമിനായി വീണ്ടും ലോകകപ്പെത്തിച്ചു; ഗൗതം ഗംഭീറിന് ഇത് അപൂര്‍വ്വനേട്ടം; സഞ്ജുവിനെ ഓപ്പണിംഗ് റോളിലേക്ക് തിരികെ എത്തിച്ച നീക്കം ടേണിംഗ് പോയിന്റായി; വിമര്‍ശകരുടെ വായടപ്പിച്ചു ഗൗതം ഗംഭീര്‍
വിമര്‍ശകരുടെ വായടപ്പിച്ചു ഗൗതം ഗംഭീര്‍
അഹമ്മദാബാദ്: ടി20 ക്രിക്കറ്റിന്റെ വിശ്വകിരീടമണിഞ്ഞ ഇന്ത്യന്‍ ടീം പ്രശംസയുടെ നെറുകില്‍ നില്‍ക്കുമ്പോള്‍ ടീം മികവാണ് എങ്ങും പ്രശംസിക്കപ്പെടുന്നത്. കൃത്യമായ പ്ലാനിംഗോട് കൂടി മുന്നോട്ടു പോകുക എന്നതായിരുന്നു ഗൗതം ഗംഭീറിന്‌റെ തന്ത്രം. ആ തന്ത്രങ്ങളാണ ഇന്ത്യയെ വീണ്ടും ലോകകിരീടം നേടാന്‍ സഹായകമായത്. പരിശീലകനായി തനിക്ക് പിഴച്ചിട്ടില്ലെന്ന് അയാള്‍ അടിവരയിട്ടുകയാണ് ഗംഭീര്‍. ഇന്നലത്തെ നേട്ടത്തോടെ അപൂര്‍വ്വ നേട്ടവും ഗൗതമിനെ തേടിയെത്തി.
കളിക്കാരനായി കപ്പുയര്‍ത്തിയ ഗൗതം ഗംഭീറിന് പരിശീലകനായും കിരീടനേട്ടമെന്നതാണ ഈ പ്രത്യേകത. 2007-ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ ഓപ്പണറുടെ റോളില്‍ ഗംഭീറുണ്ടായിരുന്നു. ഫൈനലില്‍ 54 പന്തില്‍ 75 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചു. ടൂര്‍ണമെന്റില്‍ ഏഴ് കളിയില്‍നിന്ന് 227 റണ്‍സെടുത്തു. മൂന്ന് അര്‍ധസെഞ്ചുറികളും നേടി. മൊത്തം റണ്‍വേട്ടയില്‍ രണ്ടാമതായിരുന്നു.
അന്നത്തെ കിരീടനേട്ടത്തിന്റെ ഓര്‍മ്മയില്‍ ഡഗ്ഔട്ടിലിരുന്ന ഗംഭീറിന് ശിഷ്യര്‍ മറ്റൊരു വിജയമധുരം നല്‍കുകയായിരുന്നു. പരിശീലകച്ചുമതലയേറ്റടുത്ത ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിക്കാനുമായി. കളിക്കാരനെന്ന നിലയില്‍ ഐ.സി.സി. പരിമിതഓവര്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഗംഭീറിന് അപരാജിത റെക്കോഡാണുള്ളത്. 2011 ഏകദിന ലോകകപ്പ് ജയിച്ച ടീമിലും ഗംഭീറുണ്ട്. ഫൈനലില്‍ 112 പന്തില്‍ 97 റണ്‍സുമായി നിര്‍ണായകപങ്ക് വഹിച്ചു.
വര്‍ഷം 2011 ഏകദിന ലോക കപ്പിന്റെ ഫൈനല്‍. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ധോണിപ്പട ലോക കിരീടം ചൂടുമെന്ന് പ്രവചിക്കപ്പെട്ട കിരീടപ്പോരാട്ടം. നായകന്‍ ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യയിറങ്ങി ഈ ഭൂഖണ്ഡത്തിലെ തന്നെ കരുത്തരായ ശ്രീലങ്കയാണ് മറുവശത്ത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജയവര്‍ധനെയെന്ന ലങ്കന്‍ കപ്പല്‍ നങ്കൂരമിട്ടു. ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി സെഞ്ച്വറി കടന്ന് ജയവര്‍ധനെ പുറത്താകാതെ നിന്നു. ലങ്കയുയര്‍ത്തിയ 274 റണ്‍സിനെ പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് പാളി. സെവാഗും സച്ചിനും മടങ്ങി ക്രീസില്‍ കോലിക്കൊപ്പം തോല്‍ക്കില്ലെന്ന നിലപാടെടുത്ത് മറ്റൊരാള്‍ നിന്നു ഗൗതം ഗംഭീര്‍.
കത്തിക്കയറിയ ഗംഭീര്‍ അന്ന് ലങ്കന്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി. 97 റണ്‍സില്‍ നില്‍ക്കേ പെരേരയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച് പുറത്തായി. തുടര്‍ന്ന് ധോണിയും യുവരാജും ചേര്‍ന്ന് മത്സരം വിജയിപ്പിച്ചു. ധോണിയുടെ ലാസ്റ്റ് ബ്ലാസ്റ്റ് ചര്‍ച്ചകള്‍ക്കിടെ സുപ്രാധനമായ ആ ഇന്നിങ്‌സ് വേണ്ടത്ര ചര്‍ച്ചയായില്ല, മുറിവേറ്റ ഹൃദയത്തോടെ ഗംഭീര്‍ പിന്നീട് പവലയിനിലേക്ക് ഒതുങ്ങി. ക്രിക്കറ്റ് വിട്ട് രാഷ്ട്ര സേവനം.
എംപി കുപ്പായത്തില്‍ നിന്നും ഗംഭീര്‍ ഇറങ്ങുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള മറ്റൊരു ദൗത്യം കാത്തിരുന്നു, ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം. മഹാരഥന്‍മാരുടെ പിന്‍ഗാമി കസേരയില്‍ ഗംഭീറിന് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. വിവാദങ്ങളും കുറ്റപ്പെടുത്തലുകളും ഗംഭീറിന്റെ നിഴലായി. ഏറ്റെടുത്ത ചുമതല പൂര്‍ത്തിയാക്കാന്‍ അയാള്‍ പരിശ്രമിച്ചു കൊണ്ടേയിരുന്നു. 2024ല്‍ ചുമതല നീട്ടിയതിന് പിന്നാലെ 2025ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ മുത്തമിട്ടു. ഗംഭീറിന്റെ കീഴില്‍ ആദ്യ കിരീടം. 2026ല്‍ ചരിത്രം തിരുത്തി ട്വന്റി ട്വന്റി വിശ്വകിരീടം നിലനിര്‍ത്തുന്ന ടീമായി ഇന്ത്യയെ മാറ്റി.
താരങ്ങളെ തെരഞ്ഞെടുക്കുന്നത് മുതല്‍, മുന്‍പെങ്ങും പ്രത്യക്ഷത്തിലില്ലാതിരുന്ന രാഷ്ട്രീയ പ്രതിസന്ധികളെയും മറിക്കടന്നാണ് ഈ വിജയം. സഞ്ജു സാംസണെ അടക്കം ഓപ്പണര്‍ റോളിലേക്ക് തിരിച്ചു കൊണ്ടുവന്നതാണ് നിര്‍ണായകമായത്. സഞ്ജുവില്‍ ആത്മവിശ്വാസം നിറച്ച കോച്ചായിരുന്നു ഗംഭീര്‍. ഇപ്പോഴത്തെ സഞ്ജുവിന്റെ ഈ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെയാകും.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നതിന് മുമ്പ് തന്നെ സഞ്ജുവിനെ ഏറെ പിന്തുണച്ചിരുന്ന വ്യക്തിയാണ് ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ വിദഗ്ദ്ധനായിരിക്കെ, ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്നാണ് അദ്ദേഹം സഞ്ജുവിനെ വിശേഷിപ്പിച്ചിരുന്നത്. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി ഫോമിലല്ലാതിരുന്ന സമയത്ത് ഗംഭീര്‍ നല്‍കിയ ഉറപ്പാണ് താരത്തെ തിരികെ കൊണ്ടുവന്നത്. രവിചന്ദ്രന്‍ അശ്വിനുമായുള്ള ഒരു അഭിമുഖത്തില്‍ സഞ്ജു തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
'ഒരുപാട് നാളുകള്‍ക്ക് ശേഷം അവസരം ലഭിച്ചിട്ടും എനിക്കത് മുതലാക്കാന്‍ കഴിഞ്ഞില്ല എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു, 'അതിനെന്താ? തുടര്‍ച്ചയായി 21 തവണ നീ പൂജ്യത്തിന് പുറത്തായാലും ഞാന്‍ നിന്നെ ടീമില്‍ നിന്ന് പുറത്താക്കില്ല'. ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്.' ഈ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായ ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു മാറിയത്.
