''ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല, അത് അവരാണ് തീരുമാനിക്കേണ്ടത്; അവര്‍ക്ക് ആത്മാര്‍ത്ഥമായ പ്രതിബദ്ധത ഉണ്ട്: തോല്‍വിക്ക് പിന്നാലെ ഗംഭീര്‍

Update: 2025-01-05 08:59 GMT

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ മുതിര്‍ന്ന താരങ്ങളുടെ ടീമിലെ ഭാവി സംബന്ധിച്ച് പ്രതികരണവുമായി പരിശീലകന്‍ ഗൗകം ഗംഭീര്‍. ഒരു താരത്തിന്റേയും ഭാവി സംബന്ധിച്ച് തനിക്ക് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഗംഭീര്‍ താരങ്ങള്‍ സ്വയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം അവസാന ടെസ്റ്റില്‍ മാറിനില്‍ക്കാനുള്ള രോഹിത്തിന്റെ തീരുമാനത്തെ ഉത്തരവാദിത്തത്തോടെയുള്ള സമീപനമെന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചത്.

മത്സരശേഷം സംസാരിച്ച ഗംഭീര്‍ പറഞ്ഞത് ഇങ്ങനെ- ''ടീമിന് ഒരു കളിക്കാരനെ ആശ്രയിക്കാനാവില്ല. ബുംറ ഇല്ലാതിരുന്നതുകൊണ്ടാണ് ഞങ്ങള്‍ തോറ്റതെന്ന് ഞാന്‍ പറയില്ല. ഒരുപാട് ചെറുപ്പക്കാര്‍ ഉത്തരവാദിത്വം കാണിച്ചു. ജയ്സ്വാള്‍, റെഡ്ഡി, ആകാശ്, സിറാജ്, സുന്ദര്‍, എല്ലാവരും മികവ് കാണിച്ചു.'' ഇംഗ്ലണ്ട് പര്യടനത്തിനുള്ള മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. ''ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ ഇനിയും ഒരുപാട് സമയം ഉണ്ട് . 6 മാസം സമയം ഉണ്ട്. അപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാന്‍ സമയം ഉണ്ട്.''അദ്ദേഹം പറഞ്ഞു.

രോഹിത് കോഹ്ലി തുടങ്ങിയ താരങ്ങളുടെ വിരമിക്കല്‍ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ''ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല, അത് അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ക്ക് ആത്മാര്‍ത്ഥമായ പ്രതിബദ്ധത ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കും.'' അദ്ദേഹം പറഞ്ഞു. എന്തായാലും ഗംഭീറിനും ഇന്ത്യന്‍ ക്രിക്കറ്റിനും അതിനിര്‍ണായക മാസങ്ങളാണ് വരാനിരിക്കുന്നത് എന്ന് ഉറപ്പാണ്.

Tags:    

Similar News