ആദ്യം തീരുമാനിച്ചത് പരമ്പരയ്ക്ക് ശേഷം യോഗം ചേരാന്‍; രോ- കോ ഫോമിലേക്കുയര്‍ന്നതോടെ കാത്തുനില്‍ക്കാതെ ബിസിസിഐ; അടിയന്തര യോഗം രണ്ടാം ഏകദിനത്തിന് മുന്നെ;രോ- കൊ ബാറ്റുകൊണ്ട് മറുപടി പറയുമ്പോള്‍ ചര്‍ച്ചയാകുക ഗംഭീരിന്റെയും അഗാര്‍ക്കറിന്റെയും ഭാവിയോ!
ആദ്യം തീരുമാനിച്ചത് പരമ്പരയ്ക്ക് ശേഷം യോഗം ചേരാന്‍; രോ- കോ ഫോമിലേക്കുയര്‍ന്നതോടെ കാത്തുനില്‍ക്കാതെ ബിസിസിഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള നിര്‍ണായകയോഗം വേഗത്തിലാക്കി ബിസിസിഐ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം യോഗം ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നാം ഏകദിനത്തിലെ രോ- കോ സഖ്യത്തിന്റെ പ്രകടനത്തിന് പിന്നാലെ യോഗം നീട്ടിക്കൊണ്ടുപോകേണ്ടന്നാണ് ബിസിസിഐയുടെ തിരുമാനം. തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കോഹ്ലിയും രോഹിത്തും കളിക്കളത്തില്‍ ബാറ്റ് കൊണ്ട് മറുപടി പറയുമ്പോള്‍ യോഗത്തില്‍ അഗാര്‍ക്കറിന്റെയും ഗംഭീറിന്റെയും ഭാവിയാകുമോ ചര്‍ച്ചയാവുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനാണ് യോഗം. രണ്ടാം ഏകദിനത്തിനു മുന്നോടിയായി രാവിലെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 3നു റായ്പുരിലാണ് രണ്ടാം ഏകദിനം.കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഈ അടിയന്തര യോഗമെന്നതാണ് ശ്രദ്ധേയമായ കാര്യം.മത്സര ദിവസം യോഗം ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍, കോലി, രോഹിത് തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്‌തേജ് സിങ് ഭാട്ടിയ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളതായി സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി നിയമിതനായ ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് യോഗത്തില്‍ പങ്കെടുക്കു എന്ന കാര്യം വ്യക്തമല്ല. മുതിര്‍ന്ന താരങ്ങളും മാനജ്മെന്റും തമ്മില്‍ ശരിയായ രീതിയില്‍ ആശയവിനിമയം നടക്കുന്നില്ലെന്നും ഇതു പരിഹരിക്കണമെന്നും ബോര്‍ഡ് കരുതുന്നു.
2027 ലോകകപ്പ് വരെ ഇരുവരും ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫിറ്റ്നസിലും പ്രകടനത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇരുവര്‍ക്കും നല്‍കിയിരുന്ന നിര്‍ദേശം. ഓസ്ട്രേലിയന്‍ പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും ഇരുവരും ഫോം തെളിയിച്ചു കഴിഞ്ഞു.ഇരുവരും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്നും മാനേജ്മെന്റ് നിര്‍ദേശമുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ രോഹിത്തും കോലിയും സമ്മതം അറിയിച്ചതായാണ് സൂചന. എന്നാല്‍കോലി തന്റെ ടെസ്റ്റ് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിനു പിന്നാലെ കോലി തന്നെ ഇക്കാര്യം നിഷേധിച്ചു.
ബാറ്റ് കൊണ്ട് മറുപടി പറയുന്ന രോ- കോ
ഭാരങ്ങള്‍ ഏതുമില്ലാതെ ടെന്‍ഷന്‍ ഫ്രീയായി ബാറ്റ് ചെയ്യുന്ന രോഹിത് ശര്‍മ്മ - വിരാട് കോഹ്ലി സഖ്യത്തെപ്പോലെ മനോഹരമായ കാഴ്ച്ച ഇന്ന് ഏകദിന ക്രിക്കറ്റില്‍ തന്നെ ഇല്ലെന്ന് പറയാം. ഓസ്‌ട്രെലിയക്കെതിരായ പരമ്പരയിലെ സിഡ്‌നിയിലെ അവസാന ഏകദിനവും ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനവും ഇത് അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. ഏകദിനമത്സരത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടില്‍ രണ്ടാം സ്ഥാനം ഇന്നലത്തെ മത്സരത്തോടെ റോ കോ സംഖ്യം സ്വന്തമാക്കി.20 സെഞ്ച്വറി കൂട്ടുകെട്ടുകളാണ് ഈ സംഖ്യത്തിന്റെ പേരിലുള്ളത്. 26 എണ്ണമുള്ള സച്ചിന്‍ - ഗാംഗുലി സഖ്യം മാത്രമാണ് മുന്നിലുളളത്.
കൂടാതെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒരുമിച്ച് കളിച്ച ഇന്ത്യന്‍ റെക്കോര്‍ഡും വിരാട് കോലി, രോഹിത് ശര്‍മ്മ കൂട്ടുകെട്ട് സ്വന്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഒരുമിച്ച് കളിച്ച 391 മത്സരങ്ങളുടെ റെക്കോര്‍ഡാണ് റാഞ്ചിയില്‍ കോലിയും രോഹിത്തും മറികടന്നത്. 1996നും 2012നും ഇടയിലാണ് സച്ചിനും ദ്രാവിഡും 391 മത്സരങ്ങളില്‍ പങ്കാളികളായത്. രോഹിത്തും കോലിയും 392 മത്സങ്ങളില്‍ ഒരുമിച്ച് കളിച്ചു.
വ്യക്തിഗതമായി നോക്കിയാലും ഇരുവരും ഫോമിന്റെ മുകളിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ കിംഗ് കോലിയുടെ ബാറ്റിംഗ് വിരുന്നിനാണ് റാഞ്ചി സാക്ഷ്യം വഹിത്.ഏകദിനത്തിലെ അന്‍പത്തിരണ്ടാം സെഞ്ച്വറിയിലൂടെ ഒരുപിടി റെക്കോര്‍ഡുകളും വിരാട് കോലി സ്വന്തമാക്കി. കോലിയാണ് കളിയിലെ താരം. റാഞ്ചിയെ ത്രസിപ്പിക്കുകയായിരുന്നു കോലി. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നത്. ആരാധകര്‍ക്ക് ആഘോഷം. ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏകദിന സെഞ്ച്വറി കോലിക്ക് അത്യാവേശം. അഭിനന്ദനവമായി രോഹിത് ശര്‍മയും ഡ്രസിംഗ് റൂമിലുണ്ടായിരുന്നു.
ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് മികവിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് തെളിയിച്ച് കിംഗ് കോലി. നാലാം ഓവറില്‍ മൂന്നാമനായി ക്രീസിലെത്തിയ കോലി ധോണിയുടെ നാട്ടില്‍ സെഞ്ച്വറി തികച്ചത് നൂറ്റിരണ്ടാം പന്തില്‍. 120 പന്തില്‍ 135 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ കോലിയുടെ ഇന്നിംഗ്‌സില്‍ 11 ഫോറും ഏഴ് സിക്‌സും ഉണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ 83-ാം സെഞ്ച്വറി. ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറിവേട്ടക്കാരില്‍ രണ്ടാമന്‍. 100 സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്.
ഒറ്റഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ത്തു. ഒപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടവും കോലിക്ക് സ്വന്തം. മറികടന്നത് അഞ്ച് സെഞ്ച്വറി വീതം നേടിയ സച്ചിനേയും ഡേവിഡ് വാര്‍ണറേയും.
രോഹിത്തിലേക്ക് വന്നാല്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ച്വറിയിലൂടെ തന്റെ ഫോമിനും കോട്ടം പറ്റിയിട്ടില്ലെന്ന് ഹിറ്റ്മാനും തെളിയിച്ചു.ഒപ്പം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരവുമായി രോഹിത്. ഇതിന് പുറമെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് മറ്റൊരു നാഴികക്കല്ല്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുപതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 502 മത്സരങ്ങളില്‍ നിന്ന് രോഹിത് 19957 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 4301 റണ്‍സും ഏകദിനത്തില്‍ 11,370 റണ്‍സും ട്വന്റി 20യില്‍ 4231 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം.41 റണ്‍സ് കൂടി നേടിയാല്‍ രോഹിത് ഇരുപതിനായിരം റണ്‍സ് ക്ലബിലെത്തും.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് രോഹിത്തിന് മുന്‍പ് ഈ നേട്ടത്തില്‍ എത്തിയ താരങ്ങള്‍. സച്ചിന്‍ 34,357 റണ്‍സും കോലി 27,673 റണ്‍സും ദ്രാവിഡ് 24,064 റണ്‍സും നേടിയിട്ടുണ്ട്.
ചര്‍ച്ചയാവുക അഗാര്‍ക്കര്‍ - ഗംഭീര്‍ ഭാവിയോ?
പരമ്പര തീരാന്‍ കാത്തുനില്‍ക്കാതെ ബി സി സി ഐ യോഗം വിളിക്കുമ്പോള്‍ രോ- കോയെക്കാള്‍ ഇപ്പോള്‍ നിര്‍ണ്ണായകമാകുന്നത് അജിത്ത് അഗാര്‍ക്കിനും ഗൗതം ഗംഭീറിനുമാണ്.ഏ ഏകദിനത്തില്‍ വിജയം കണ്ടതോടെ ടെസ്റ്റ് പരാജയം ഒന്നുകൂടി ചര്‍ച്ചയാകും. ഒപ്പം രോഹിത്തും കോഹ്ലിയുമായി ഗംഭീര്‍ പിണക്കത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്തിടെ ഹോം ടെസ്റ്റ് പരമ്പര തോല്‍വിയില്‍ ഇന്ത്യന്‍ ടീമില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിക്കുക എന്നതാണ് യോഗം പ്രധാനമായും ലക്ഷ്യമിടുന്നത്. ഗംഭീറും അഗാര്‍ക്കറും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍, മാനേജ്മെന്റിന്റെ ചില വശങ്ങളില്‍ വ്യക്തത നേടാനും അതനുസരിച്ച് ഭാവി നടപടികള്‍ ആസൂത്രണം ചെയ്യാനും ബോര്‍ഡ് ഉദ്ദേശിക്കുന്നു.
ടീമിലെ 'സെലക്ഷന്‍ സ്ഥിരത', ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍, മൊത്തത്തിലുള്ള ടീമിന്റെ പ്രകടനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത് യോഗത്തില്‍ ചര്‍ച്ചയാകും. ഗംഭീറും അഗാര്‍ക്കറും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍, ഇതു സംബന്ധിച്ച് ഇവരില്‍നിന്നു വിശദീകരണം തേടിയേക്കും. ഇവരുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് ഭാവി നടപടികള്‍ ആസൂത്രണം ചെയ്യാനും ബിസിസിഐ ഉദ്ദേശിക്കുന്നു.
