ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഇന്തോനേഷ്യൻ താരം; പുരുഷ-വനിതാ ടി20യിൽ ഇതാദ്യം; ഒരോവറിൽ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്; ചരിത്രം കുറിച്ച് ഗെഡെ പ്രിയന്ദാന

Update: 2025-12-23 13:39 GMT

ബാലി: രാജ്യാന്തര ടി20 ക്രിക്കറ്റിൽ സമാനതകളില്ലാത്ത പ്രകടനവുമായി ഇന്തോനേഷ്യൻ ബൗളർ ഗെഡെ പ്രിയന്ദാന. കംബോഡിയയ്‌ക്കെതിരായ മത്സരത്തിൽ ഒരു ഓവറിലെ ആദ്യ അഞ്ച് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് പ്രിയന്ദാന ഈ അപൂർവ നേട്ടം കൈവരിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ ഇദ്ദേഹത്തിന് സ്വന്തമായി. പുരുഷ-വനിതാ ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു ബൗളര്‍ ഒരോവറില്‍ അഞ്ച് വിക്കറ്റെടുക്കുന്നത്.

കംബോഡിയൻ ഇന്നിങ്‌സിലെ 16-ാം ഓവറിലാണ് പ്രിയന്ദാന ഈ നേട്ടം കൈവരിച്ചത്. ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ ഷാ അബ്രാർ ഹുസൈൻ, നിർമൽജിത് സിംഗ്, ചന്തോൺ രതനക് എന്നിവരെ പുറത്താക്കി പ്രിയന്ദാന ഹാട്രിക് പൂർത്തിയാക്കി. ഹാട്രിക്കിന് ശേഷം ഒരു ഡോട്ട് ബോൾ എറിഞ്ഞ താരം, അവസാന രണ്ട് പന്തുകളിലായി മോങ്ദര സോക്ക്, പെൽ വെനാക് എന്നിവരെയും പുറത്താക്കി. ഏഴ് പന്തുകൾ നീണ്ട ഈ ഓവറിൽ (ഒരു വൈഡ് ഉൾപ്പെടെ) അഞ്ച് വിക്കറ്റുകളാണ് പ്രിയന്ദാന നേടിയത്.

ഇന്തോനേഷ്യ ഉയർത്തിയ 168 റൺസ് ലക്ഷ്യം പിന്തുടർന്ന കംബോഡിയ 107 റൺസിന് ഓൾ ഔട്ടായി. 60 റൺസിന്റെ ഉജ്ജ്വല വിജയം ഇന്തോനേഷ്യ സ്വന്തമാക്കി. 3 ഓവറിൽ വെറും ഒരു റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് പ്രിയന്ദാനയുടെ കരിയറിലെ മികച്ച പ്രകടനം. റെക്കോർഡുകൾ: രാജ്യാന്തര തലത്തിൽ ഇതുവരെ 14 ബൗളർമാർ ഒരോവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2019-ൽ ന്യൂസിലൻഡിനെതിരെ ലസിത് മലിംഗ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. എന്നാൽ ഒരോവറിൽ അഞ്ച് വിക്കറ്റ് എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരം ഇനി ഗെഡെ പ്രിയന്ദാനയാണ്.

Tags:    

Similar News