ടെസ്റ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുമായി ശുഭ്മാന്‍ ഗില്‍; ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി; ഇന്ത്യന്‍ നായകന്‍ തകര്‍ത്തത് രാഹുല്‍ ദ്രാവിഡിന്റെ 23 വര്‍ഷം പഴക്കമുള്ള റെക്കോഡ്
ഗിൽ മറികടന്നത് രാഹുൽ ദ്രാവിഡിന്റെ 23 വർഷം പഴക്കമുള്ള റെക്കോഡ്
ലണ്ടന്‍: ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ദിനമാണ്. ഇന്ത്യയ്ക്ക് വിജയിക്കാന്‍ 135 റണ്‍സ് മാത്രമാണ് വേണ്ടത്. അതേസമയം ആറ് വിക്കറ്റുകള്‍ മാത്രമാണ് കൈവശമള്ളതും. ഇതിനിടെ ടെസ്റ്റില്‍ പുതിയൊരു റെക്കോര്‍ഡിട്ടു ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍.
ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 23 വര്‍ഷം പഴക്കമുള്ള രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 2002ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ദ്രാവിഡ് നേടിയ 602 റണ്‍സ് എന്ന റെക്കോഡാണ് തിരുത്തിയത്. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് ഒരു ഡബ്ള്‍ സെഞ്ച്വറി ഉള്‍പ്പെടെ മൂന്ന് തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇതിനകം 607 റണ്‍സാണ് ഗില്‍ നേടിയത്.
2018ല്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടില്‍ നേടിയ 593 റണ്‍സാണ് മൂന്നാം സ്ഥാനത്ത്. അതേസമയം, ഇന്ത്യക്ക് രണ്ട് മത്സരങ്ങള്‍ ഇനി ബാക്കിയുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് നിരവധി റെക്കോഡാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ തേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിലേക്ക് 167 റണ്‍സ് ദൂരമാണുള്ളത്. 1971ല്‍ സുനില്‍ ഗവാസ്‌കര്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 774 റണ്‍സാണ് നിലവില്‍ റെക്കോഡ്. 974 റണ്‍സ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് ലോക റെക്കോഡ്. 1930ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ബ്രാഡ്മാന്റെ പ്രകടനം.