ഗാവസ്‌കറിനെയും മറികടന്നു..മുന്നില്‍ ബ്രാഡ്മാന്‍ മാത്രം! ഓവലില്‍ നിരാശക്കിടയിലും അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ഗില്‍; നേട്ടത്തിന് പിന്നാലെ ഇല്ലാത്ത റണ്ണിനായി ഓടി വിക്കറ്റ് വലിച്ചെറിഞ്ഞ് ഗില്‍
ഗാവസ്‌കറിനെയും മറികടന്നു..മുന്നില്‍ ബ്രാഡ്മാന്‍ മാത്രം!
കെന്നിങ്ടണ്‍:ഓവലിലെ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ ബാറ്റിങ്ങ് തകര്‍ച്ചയ്ക്കിടയിലും ഇന്ത്യക്ക് സന്തോഷമേകി ശുഭ്മാന്‍ ഗില്ലിന്റെ അപൂര്‍വ്വ റെക്കോര്‍ഡ് നേട്ടം.പരമ്പരയിലുടനീളം ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന ഗില്‍ ഓവലില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി പിന്നിട്ടിരിക്കുകയാണ്.ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്.
സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്.അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ 11 റണ്‍സ് കൂടി നേടിയപ്പോഴാണ് ഗില്‍ നേട്ടത്തിലെത്തിയത്.
197879 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്.ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.പിന്നാലെ നിരവധി റെക്കോഡുകളാണ് ഗില്ലിനെ കാത്തിരിക്കുന്നത്.പരമ്പരയില്‍കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍,കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം,കൂടുതല്‍ സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍ എന്നി റെക്കോര്‍ഡുകളും കൈയകലത്താണ് ഗില്ലിന്.
ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ബ്രാഡ്മാന് പിറകില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഗില്‍.1936ല്‍ ഇംഗ്ലണ്ടിനെതിരായ നാട്ടിലെ പരമ്പരയില്‍ 810 റണ്‍സ് നേടിയ ബ്രാഡ്മാനാണ് ഒന്നാമത്. വെസ്റ്റിന്‍ഡീസിനെതിരെ ഹോം സീരീസില്‍ 702 റണ്‍സ് നേടിയ ഗ്രേഗ് ചാപ്പല്‍ മൂന്നാമതും 1974ല്‍ ഇന്ത്യയ്‌ക്കെതിരായ എവെ സീസീസില്‍ 636 റണ്‍സ് നേടിയ ക്ലൈവ് ലോയ്ഡ് നാലാമതും 1955ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരീസില്‍ 582 റണ്‍സ് നേടിയ പീറ്റര്‍ മെയ് അഞ്ചാമതുമാണ്.
ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കറാണ്. 1971-ല്‍ വിന്‍ഡീസിനെതിരേ 774 റണ്‍സാണ് നേടിയത്. ഇനി 33 റണ്‍സെടുത്താല്‍ ഗില്ലിന് റെക്കോഡ് സ്വന്തം പേരിലാക്കാം.974 റണ്‍സ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് നിലവിലെ ലോകറെക്കോഡ്.ഓവല്‍ ടെസ്റ്റില്‍ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ ശതകം തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡിനൊപ്പം ഗില്‍ എത്തും.വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് നിലവിലെ റെക്കോഡ്.
1955-ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അഞ്ചു സെഞ്ചുറിയാണ് വാല്‍ക്കോട്ട് നേടിയത്. മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ നാലാം സെഞ്ചുറി കണ്ടെത്തിയതോടെ ഗില്‍ ഇന്ത്യയുടെതന്നെ സുനില്‍ ഗാവസ്‌ക്കര്‍ (197879, വിന്‍ഡീസിനെതിരേ), ഓസ്ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന്‍ (194748, ഇന്ത്യക്കെതിരേ) എന്നിവര്‍ക്കൊപ്പമെത്തിയിരുന്നു.
അതേസമയം നേട്ടത്തിന് പിന്നാലെ 21 റണ്‍സില്‍ നില്‍ക്കെ അനാവശ്യ റണ്ണിന് ശ്രമിച്ച് ഗില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത് നിരാശയായി.
അറ്റ്കിന്‍സണിന്റെ പന്ത് തട്ടിയിട്ട് അനാവവശ്യ സിംഗിളിന് ശ്രമിക്കുകയായിരുന്നു താരം.എന്നാല്‍ പന്തെടുത്ത അറ്റ്കിന്‍സണ്‍ സ്റ്റംപിലേക്ക് എറിഞ്ഞു.താരം ക്രീസില്‍ നിന്ന് പുറത്തായിരുന്നു.യഥാര്‍ത്ഥത്തില്‍ അവിടെ റണ്‍സിനുള്ള സാധ്യത ഇല്ലായിരുന്നു.
ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ റണ്ണിനായി ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ ഏറ് കുറ്റിപിഴുതു. താരം നിരാശയോടെ മൈതാനത്തുനിന്ന് മടങ്ങി.