ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആര്? ഗില്ലോ പന്തോ അതോ രാഹുലോ? അഭ്യൂഹങ്ങള്‍ക്കിടെ ഗൗതം ഗംഭീറുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി ശുഭ്മന്‍ ഗില്‍; സായ് സുദര്‍ശന്‍ ടെസ്റ്റ് ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടു; അഗാര്‍ക്കറുമായും സംസാരിച്ചു; ആരാധകര്‍ ആകാംക്ഷയില്‍
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആര്? ഗില്ലോ പന്തോ അതോ രാഹുലോ?
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്ലോ അതോ ജസ്പ്രീത് ബുമ്രയോ അതോ ഋഷഭ് പന്തോ? തലമുറ മാറ്റത്തിന് ബിസിസിഐ തയാറായാല്‍ ശുഭ്മന്‍ ഗില്‍ തന്നെ ക്യാപ്റ്റനാകുമെന്നും അതേസമയം, പരിചയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയാല്‍ ബുമ്രയെ ക്യാപ്റ്റനാക്കും. സര്‍പ്രൈസ് ക്യാപ്റ്റനായി ഋഷഭ് പന്തോ കെ.എല്‍.രാഹുലോ എത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
25കാരനായ ഗില്ലിനാണ് നിലവില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം. ടീമിനെ നയിക്കാന്‍ ഗില്‍ പ്രാപ്തനാണെന്ന അഭിപ്രായമാണ് സെലക്ടര്‍മാരും കോച്ചിങ് സ്റ്റാഫുമുള്‍പ്പടെ പ്രകടിപ്പിക്കുന്നത്. വിദേശപിച്ചുകളില്‍ ഗില്ലിന്റെ ബാറ്റിങ് ഏറെ മെച്ചപ്പെടാനുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗില്‍ തലപ്പത്തെത്തുന്നത് ഗുണം ചെയ്യുമെന്നാണ് പൊതുവില്‍ വിലയിരുത്തല്‍.
ബുമ്രയാകട്ടെ ടീമിനെ ഏത് സാഹചര്യത്തിലും നയിക്കാന്‍ കരുത്തനാണെന്ന് പലകുറി തെളിയിച്ചിട്ടുള്ള താരമാണ്. ടീം അംഗങ്ങളുമായുള്ള മാനസിക അടുപ്പവും അവര്‍ നല്‍കുന്ന ബഹുമാനവും ബുമ്രയ്ക്ക് തുണയാണ്. 2022 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിലാണ് ബുമ്ര ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനാകുന്നത്.
പിന്നീട് ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ ഒന്നാമത്തെയും അവസാനത്തെയും ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു. പരമ്പരയിലെ ഇന്ത്യയുടെ ഒരേയൊരു ജയവും ബുമ്രയുടെ നേതൃത്വത്തിലായിരുന്നു. പെര്‍ത്തില്‍ 265 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ബുമ്രയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്.
എന്നാല്‍ പരുക്കാണ് ബുമ്രയ്ക്ക് ക്യാപ്റ്റന്‍ പദവിയിലേക്കും വില്ലന്‍. നിലവില്‍ താരം ഫിറ്റാണെങ്കിലും കടുത്ത സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും അഞ്ചു ടെസ്റ്റുകളും ബുമ്രയ്ക്ക് കളിക്കാനാകുമോ എന്നതിലും മാനെജ്‌മെന്റിന് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ മുഴുവന്‍ സമയം ക്യാപ്റ്റനായി നിലനിര്‍ത്താന്‍ സാധിക്കുന്ന താരത്തെ മതിയെന്ന നിലപാടാണ് ഒരു വിഭാഗത്തിനുള്ളത്.
പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബുമ്രയ്ക്ക് ചാംപ്യന്‍സ് ട്രോഫി നഷ്ടമായിരുന്നു. ഐപിഎലിലാണ് താരം മടങ്ങിയെത്തിയത്. അതേസമയം, ഇംഗ്ലണ്ടില്‍ ബുമ്രയെ ക്യാപ്റ്റനാക്കണമെന്നും ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കണമെന്നും ബുമ്ര കളിക്കാത്തപ്പോള്‍ ഗില്‍ നയിക്കട്ടെ എന്നും മുതിര്‍ന്ന താരങ്ങളടക്കം നിര്‍ദേശം വച്ചിരുന്നു. ഋഷഭ് പന്തിന്റെയും കെ എല്‍ രാഹുലിന്റെയും പേരുകള്‍ പരിഗണനയിലുണ്ടായിരുന്നു.
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ പരിശീലകന്‍ ഗൗതം ഗംഭീറുമായി ശുഭ്മന്‍ ഗില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ യുവതാരം ഗില്‍ നയിക്കുമെന്നാണു കരുതുന്നത്. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടെസ്റ്റ് ടീമിന് മികച്ചൊരു ക്യാപ്റ്റനെ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് ബിസിസിഐ. ഗില്ലിനു പുറമേ ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
ഗംഭീറിന്റെ ഡല്‍ഹിയിലെ വീട്ടിലെത്തിയാണ് ഗില്‍ കൂടിക്കാഴ്ച നടത്തിയത്. അഞ്ചു മണിക്കൂറോളം ഇരുവരും സംസാരിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സിലെ സഹതാരം സായ് സുദര്‍ശന്‍ ടെസ്റ്റ് ടീമില്‍ വേണമെന്ന ആവശ്യം ഗില്‍ ഗംഭീറിനു മുന്നില്‍ വച്ചെന്നാണു വിവരം.പിന്നാലെ ഇന്ത്യന്‍ ടീം ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍വച്ച് ഗില്ലിനെ കണ്ട് സംസാരിച്ചു. ഗില്ലിനെ കൊണ്ടുവരുന്നതിലൂടെ ടെസ്റ്റില്‍ ഏറെക്കാലം ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ടുപോകാമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.
ഇടയ്ക്കിടെ പരുക്കേല്‍ക്കുന്നതാണു ജസ്പ്രീത് ബുമ്രയ്ക്കു തിരിച്ചടിയായത്. ബുമ്രയെ ക്യാപ്റ്റനാക്കിയാലും താരത്തിനു വീണ്ടും പരുക്കേറ്റാല്‍ പകരം ക്യാപ്റ്റനായി മറ്റൊരാളെ കൂടി ബിസിസിഐ കണ്ടെത്തണം. ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഗില്‍ നയിക്കുന്ന രീതിയിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തൃപ്തരാണ്. പുതിയ ക്യാപ്റ്റന്റെ കൂടി നിലപാടുകള്‍ അനുസരിച്ചാകും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുക.