കാവ്യയുടെ അവധിയാഘോഷ പരീക്ഷണത്തിനും ഫലമുണ്ടാക്കാനായില്ല! ഹൈദരാബാദിന് വീണ്ടും തോല്‍വി; പൊരുതിയത് അര്‍ധശതകം നേടിയ അഭിഷേക് ശര്‍മ്മ മാത്രം; ഗുജറാത്തിനോട് ഹൈദരാബാദിന്റെ തോല്‍വി 38 റണ്‍സിന്
ഗുജറാത്തിനോട് ഹൈദരാബാദിന്റെ തോല്‍വി 38 റണ്‍സിന്
അഹമ്മദാബാദ്: തുടരെ തോല്‍വികളില്‍ വലയുന്ന തന്റെ ടീമംഗങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കി വിജയത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഹൈദരാബാദ് ഉടമ കാവ്യ നടത്തിയ വിനോദയാത്ര പരിശ്രമവും ഫലം കണ്ടില്ല.ഒരിടവേളക്ക് ശേഷമുള്ള മത്സരത്തിലും ഹൈദരാബാദിന് തോല്‍വി.ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 38 റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.41 പന്തില്‍ 74 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ മാത്രമാണ് ഹൈദരാബാദ് നിരയില്‍ പൊരുതിയത്.
ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് സണ്‍റൈസേഴ്സിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ ട്രാവിസ് ഹെഡിന്റെ (20) വിക്കറ്റ് സണ്‍റൈസേഴ്സിന് നഷ്ടമായി. കൂറ്റന്‍ വിജയലക്ഷ്യം മുമ്പിലുണ്ടായിട്ടും പിന്നാലെ വന്ന ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇഷാന്‍ കിഷന്‍ (13), ഹെന്റിച്ച് ക്ലാസന്‍ (23), അനികേത് വര്‍മ്മ (3), കാമിന്‍ഡു മെന്‍ഡിസ് (0) എന്നിവര്‍ നിരാശപ്പെടുത്തി.
ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോഴും അഭിഷേക് ശര്‍മ്മ ഒറ്റയാള്‍ പോരാട്ടമാണ് കാഴ്ച വെച്ചത്.15-ാം ഓവറില്‍ അഭിഷേക് പുറത്തായതോടെ സണ്‍റൈസേഴ്സ് പരാജയം മുന്നില്‍ കണ്ടിരുന്നു.41 പന്തുകള്‍ നേരിട്ട അഭിഷേക് 4 ബൗണ്ടറികളും 6 സിക്സറുകളും സഹിതം 74 റണ്‍സ് നേടിയാണ് മടങ്ങിയത്. നിതീഷ് റെഡ്ഡി 10 പന്തില്‍ 21 റണ്‍സുമായും പാറ്റ് കമ്മിന്‍സ് 10 പന്തില്‍ 19 റണ്‍സുമായും പുറത്താകാതെ നിന്നു.
നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് ബോളര്‍മാര്‍ സണ്‍റൈസേഴ്സിനെ 186 റണ്‍സില്‍ തളച്ചത്. മുഹമ്മദ് സിറാജ് നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. ിഷാന്ത് ശര്‍മ, ജെറാള്‍ഡ് കോട്സെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 224 റണ്‍സെടുത്തത്. ഇതില്‍ മൂന്നു വിക്കറ്റുകളും ഗുജറാത്ത് നഷ്ടമാക്കിയത് 20ാം ഓവറില്‍. തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചറിയും, സീസണിലെ അഞ്ചാം അര്‍ധസെഞ്ചറിയും കുറിച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഗില്‍ 38 പന്തില്‍ 10 ഫോറും രണ്ടു സിക്സും സഹിതം 76 റണ്‍സെടുത്തു. ഒടുവില്‍ വിവാദച്ചുവയുള്ള തേഡ് അംപയറിന്റെ റണ്ണൗട്ട് തീരുമാനത്തിലാണ് ഗില്‍ പുറത്തായത്. ഇതിനെതിരെ ഗില്‍ അംപയറിനോട് പ്രതിഷേധിച്ചത് നാടകീയ നിമിഷങ്ങള്‍ക്കും വഴിവച്ചു.
ഈ സീസണില്‍ ഗുജറാത്തിന്റെ പ്രധാന ശക്തിയായ മുന്‍നിര ബാറ്റര്‍മാര്‍ ഒരിക്കല്‍ക്കൂടി ക്ലിക്കായതാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സീസണിലെ അഞ്ചാം അര്‍ധസെഞ്ചറി കുറിച്ച ജോസ് ബട്ലര്‍ 64 റണ്‍സെടുത്ത് പുറത്തായി. 37 പന്തില്‍ മൂന്നു ഫോറും നാലു സിക്സും ഉള്‍പ്പെടുന്നതാണ് ബട്ലറിന്റെ ഇന്നിങ്സ്. ഓപ്പണര്‍ സായ് സുദര്‍ശന്‍ 23 പന്തില്‍ ഒന്‍പതു ഫോറുകളോടെ 48 റണ്‍സെടുത്ത് പുറത്തായി. ഇതില്‍ മുഹമ്മദ് ഷമിക്കെതിരെ ഒരു ഓവറില്‍ നേടിയ അഞ്ച് ഫോറുകളും ഉള്‍പ്പെടുന്നു.
ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച് ഗുജറാത്തിന് മിന്നുന്ന തുടക്കം സമ്മാനിച്ച ഗില്‍ സുദര്‍ശന്‍ സഖ്യം 41 പന്തില്‍ അടിച്ചുകൂട്ടിയത് 87 റണ്‍സാണ്. ഈ സീസണില്‍ 10 മത്സരങ്ങളില്‍നിന്ന് ഗുജറാത്ത് ഓപ്പണര്‍മാരുടെ ആറാം അര്‍ധസെഞ്ചറി കൂട്ടുകെട്ടു കൂടിയാണിത്. രണ്ടാം വിക്കറ്റില്‍ ഗില്‍ ബട്ലര്‍ സഖ്യം 37 പന്തില്‍ 62 റണ്‍സും കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ബട്ലര്‍ വാഷിങ്ടന്‍ സുന്ദര്‍ സഖ്യം 34 പന്തില്‍ 57 റണ്‍സും കൂട്ടിച്ചേര്‍ത്തതോടെയാണ് ഗുജറാത്ത് അനായാസം 200 കടന്നത്.
വാഷിങ്ടന്‍ സുന്ദര്‍ 16 പന്തില്‍ ഒരു സിക്സ് സഹിതം 21 റണ്‍സെടുത്ത് പുറരത്തായി. രാഹുല്‍ തെവാത്തിയ മൂന്നു പന്തില്‍ ഒരു സിക്സ് സഹിതം ആറു റണ്‍സെടുത്തു. അവസാന പന്തു മാത്രം നേരിട്ട റാഷിദ് ഖാന്‍ ഗോള്‍ഡന്‍ ഡക്കായി. ഷാറൂഖ് ഖാന്‍ രണ്ടു പന്തില്‍ ഒരു സിക്സ് സഹിതം ആറു റണ്‍സുമായി പുറത്താകാതെ നിന്നു. സണ്‍റൈസേഴ്സിനായി ജയ്ദേവ് ഉനദ്കട് നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഉനദ്കടിനു ലഭിച്ച മൂന്നു വിക്കറ്റുകളും അവസാന ഓവറില്‍ ലഭിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയും സീഷന്‍ അന്‍സാരി നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
സീസണില്‍ 10 മത്സരങ്ങളില്‍നിന്ന് ഏഴാം ജയം കുറിച്ച ഗുജറാത്ത് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. പത്തില്‍ ഏഴു കളികളും തോറ്റ സണ്‍റൈസേഴ്സ് ആറു പോയിന്റുമായി ഒന്‍പതാം സ്ഥാനത്ത് തുടരുന്നു.