''ജഡ്ഡു ഹാരി ബ്രൂക്കിനും ബെന്‍ ഡക്കറ്റിനും എതിരെയാണോ നിനക്ക് സെഞ്ചറി അടിക്കേണ്ടത്; സെഞ്ചറി വേണമെങ്കില്‍ നേരത്തേ ശ്രമിക്കണമായിരുന്നുവെന്ന് ബെന്‍ സ്റ്റോക്‌സ്; ഷെയ്ക് ഹാന്‍ഡ് നല്‍കിയാല്‍ മാത്രം മതിയെന്ന് സാക് ക്രൗലി; സെഞ്ചുറി തടയാന്‍ 'സമനില' ചോദിച്ച ഇംഗ്ലണ്ട് താരങ്ങളോട് നടക്കില്ലെന്ന് ജഡേജ; ഒടുവില്‍ ന്യായികരണവുമായി ഇംഗ്ലണ്ട് നായകന്‍
ഒടുവില്‍ ന്യായികരണവുമായി ഇംഗ്ലണ്ട് നായകന്‍
മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന മണിക്കൂറില്‍ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സെഞ്ചുറി നേടാതിരിക്കാനായി 'സമനില' യ്ക്ക് വേണ്ടി കൈ കൊടുക്കാന്‍ വാദിച്ച സംഭവത്തില്‍ ന്യായികരണവുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. അവസാന 15 ഓവറില്‍ അത്ഭുതങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ തന്റെ ബൗളര്‍മാരുടെ ജോലിഭാരം കുറക്കാനാണ് ശ്രമിച്ചതെന്ന് ബെന്‍ സ്റ്റോക്‌സ് മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്‌സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ജഡേജയും സ്റ്റോക്‌സും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരും സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യ സമനിലക്ക് സമ്മതിച്ച് കൈകൊടുത്തത്. ഈ സമയം സ്റ്റോക്‌സ് ജഡേജക്ക് കൈ കൊടുത്തതുമില്ല. ഇതാണ് വിവാദമായത്.
സമനിലയ്ക്കു വേണ്ടി വാദിച്ചെങ്കിലും സമ്മതിക്കാത്തതിന്റെ പേരില്‍ രവീന്ദ്ര ജഡേജയോടു ബെന്‍ സ്റ്റോക്‌സ് തട്ടിക്കയറിയിരുന്നു. മത്സരത്തിന്റെ അഞ്ചാം ദിവസം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സമനില സമ്മതിച്ച് ഹസ്തദാനം ചെയ്യാന്‍ വന്നപ്പോള്‍, ഇന്ത്യന്‍ ബാറ്റര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടന്‍ സുന്ദറും എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വിചിത്ര നീക്കം. ഇംഗ്ലണ്ട് താരങ്ങളായ സാക് ക്രൗലി, ഹാരി ബ്രൂക്ക് എന്നിവരും നേരത്തേയുള്ള സമനിലയ്ക്കായി ഇന്ത്യന്‍ ബാറ്റര്‍മാരെ 'കണ്‍വിന്‍സ്' ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.
സെഞ്ചറിയടിക്കണമെന്നുണ്ടായിരുന്നെങ്കില്‍ അതിനു വേണ്ടി നേരത്തേ ശ്രമിക്കണമായിരുന്നെന്നാണ് സ്റ്റോക്‌സ് ജഡേജയോടു പറഞ്ഞത്. സ്റ്റോക്‌സിന്റെ അസാധാരണമായ പ്രതികരണത്തില്‍ ആദ്യം ആശയക്കുഴപ്പത്തോടെ നില്‍ക്കുകയാണു ജഡേജ ചെയ്തത്. ''ജഡ്ഡു ഹാരി ബ്രൂക്കിനും ബെന്‍ ഡക്കറ്റിനും എതിരെയാണോ നിനക്ക് സെഞ്ചറി അടിക്കേണ്ടത്. സെഞ്ചറി വേണമെങ്കില്‍ അതിനു വേണ്ടി നേരത്തേ ശ്രമിക്കണമായിരുന്നു.'' സ്റ്റോക്‌സ് പറഞ്ഞു. കളി നിര്‍ത്തി പോകണമെന്നാണോ നിങ്ങളുടെ ആവശ്യമെന്ന് ജഡേജ സ്റ്റോക്‌സിനോടു തിരിച്ചുചോദിക്കുന്നുണ്ട്.
ഇതോടെയാണ് സാക് ക്രൗലി വിഷയത്തില്‍ ഇടപ്പെട്ടത്. ഹസ്തദാനം നല്‍കിയാല്‍ മതിയെന്ന് ക്രൗലി പറഞ്ഞതോടെ, ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് ജഡേജ തിരിച്ചടിച്ചു. എന്നാല്‍ ഷെയ്ക് ഹാന്‍ഡ് നല്‍കിയാല്‍ മാത്രം മതിയെന്നും മറ്റൊന്നും ചെയ്യേണ്ടതില്ലെന്നും സാക് ക്രൗലി പറഞ്ഞു. ഇതോടെ ഇംഗ്ലണ്ട് താരങ്ങളെ ഒഴിവാക്കി, ജഡേജ ബാറ്റിങ് തുടരാനായി ക്രിസീലേക്കു പോയി. ജഡേജയുടേയും ഇംഗ്ലണ്ട് താരങ്ങളുടേയും വാക്‌പോരിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യന്‍ ഇന്നിങ്‌സിലെ 138ാം ഓവര്‍ ബോള്‍ ചെയ്ത ജോ റൂട്ട്, ആറാം പന്തും എറിഞ്ഞതിനു പിന്നാലെയാണ് സ്റ്റോക്‌സ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് എത്തിയത്. ഈ സമയം ജഡേജ 173 പന്തില്‍ 89 റണ്‍സോടെയും സുന്ദര്‍ 188 പന്തില്‍ 80 റണ്‍സോടെയും ക്രീസിലുണ്ടായിരുന്നു. ഇരുവരും സെഞ്ചറി പൂര്‍ത്തിയാക്കിയിട്ടേ സമനിലയ്ക്ക് സമ്മതിക്കൂ എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റനെ അറിയിക്കുകയായിരുന്നു. ഇതോടെ അവിശ്വസനീയതയോടെ തലയാട്ടിക്കൊണ്ട് സ്റ്റോക്‌സ് അംപയര്‍മാരുടെ അടുത്തെത്തി. ഇന്ത്യന്‍ താരങ്ങളുടെ നിലപാടു തേടിയ അവര്‍ ബോളിങ് തുടരാന്‍ ഇംഗ്ലണ്ടിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഹാരി ബ്രൂക്കിന് മത്സരത്തിലെ ആദ്യ ഓവര്‍ എറിയാന്‍ അവസരം നല്‍കി സ്റ്റോക്‌സ് പിന്‍വാങ്ങി.
സെഞ്ചറി ലക്ഷ്യമിട്ട് പിന്നീട് തകര്‍ത്തടിച്ച സുന്ദറും ജഡേജയും അതിവേഗം ലക്ഷ്യം നേടുകയും ചെയ്തു. ജഡേജ 185 പന്തില്‍ 107 റണ്‍സും വാഷിങ്ടന്‍ സുന്ദര്‍ 206 പന്തില്‍ 101 റണ്‍സും എടുത്തു പുറത്താകാതെനിന്നു. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്.
സ്‌റ്റോക്‌സ് പറയുന്നത്:
സമനിലയല്ലാതെ മറ്റൊരു ഫലത്തിന് സാധ്യതയില്ലെന്ന് ഉറപ്പായതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അടുത്തെത്തി കൈ കൊടുത്ത് സമനിലയില്‍ പിരിയാനായി താന്‍ ശ്രമിച്ചതെന്ന് സ്റ്റോക്‌സ് പറയുന്നു. തന്റെ ബൗളര്‍മാരെ കൂടുതല്‍ പന്തെറിയിച്ച് തളര്‍ത്താതിരിക്കാനും പരിക്കേല്‍ക്കാതിരിക്കാനുമുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് സമനിലക്കായി കൈ കൊടുക്കാന്‍ പോയത്. അടുത്ത ടെസ്റ്റിന് ഇനി 3 ദിവസത്തെ ഇടവേള മാത്രമാണുള്ളത്. അതിനിടെ പ്രധാന ബൗളര്‍മാരെ എറിഞ്ഞു തളര്‍ത്തരുതെന്നാണ് കരുതിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ മാത്രം 47 ഓവറുകള്‍ എറിഞ്ഞ ലിയാം ഡോസണ്‍ ബൗള്‍ ചെയ്ത് തളര്‍ന്നിരുന്നു. ഡോസണ് പേശിവലിവും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവസാന അര മണിക്കൂറില്‍ മുന്‍നിര ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സ്റ്റോക്‌സ് പറഞ്ഞു.
കളി തീരാന്‍ 15 ഓവറുകള്‍ ബാക്കിയിരിക്കെ ജഡേജ 89 റണ്‍സും വാഷിംഗ്ടണ്‍ സുന്ദര്‍ 80 റണ്‍സും എടുത്തു നില്‍ക്കെയാണ് സ്റ്റോക്‌സ് സമനിലക്ക് സമ്മതിച്ച് ജഡേജക്ക് അരികിലെത്തി ഹസ്തദാനത്തിനായി കൈ നീട്ടിയത്. എന്നാല്‍ ഇതിന് സമ്മതിക്കാതെ ബാറ്റിംഗ് തുടരാനായിരുന്നു ജഡേജയുടെയും സുന്ദറിന്റെയും തീരുമാനം.ഇതിനുശേഷം ഹാരി ബ്രൂക്ക് എറിഞ്ഞ ഓവറില്‍ ബൗണ്ടറിയും രണ്ട് റണ്‍സും ഓടിയെടുത്ത ജഡേജ 90കളില്‍ എത്തി. ജോ റൂട്ട് എറിഞ്ഞ അടുത്ത ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടിയ സുന്ദറും 90 കള്‍ കടന്നു.ബ്രൂക്കിനെ സിക്‌സിന് പറത്തി ജഡേജ അടുത്ത ഓവറില്‍ സെഞ്ചുറി തികച്ചതിന് പിന്നാലെ കൈ കൊടുക്കാനായി ഹാരി ബ്രൂക്ക് വീണ്ടും എത്തിയെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഗൗനിച്ചില്ല. പിന്നാലെ ബ്രൂക്കിന്റെ അടുത്ത ഓവറില്‍ ഫോറും രണ്ടു റണ്‍സും ഓടിയെടുത്ത സുന്ദര്‍ സെഞ്ചുറി തികച്ച ശേഷമാണ് ഇന്ത്യ കൈ കൊടുത്ത് സമനിലക്ക് സമ്മതിച്ചത്.