ദ്രാവിഡ് പടിയിറങ്ങുന്നതുവരെ ഇന്ത്യന്‍ ടീമില്‍ കുഴപ്പവുണ്ടായിരുന്നില്ല; ഇത്ര ചെറിയ കാലയളവില്‍ എന്താണ് സംഭവിച്ചത്? സൂപ്പര്‍താര സംസ്‌കാരം മാറ്റണം; ഗംഭീറിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിങ്

ഗംഭീറിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിങ്

Update: 2025-01-06 10:15 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നതുവരെ ടീമിന്റെ പ്രകടനത്തില്‍ യാതൊരു കുഴപ്പവുണ്ടായിരുന്നില്ലെന്നും, ഇത്ര പെട്ടെന്ന് ടീം എങ്ങനെയാണ് തീരെ മോശം പ്രകടനത്തിലേക്ക് നിപതിച്ചതെന്നും വിലയിരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റ ശേഷം ടീമിന്റെ പ്രകടനം മോശമായെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന സൂപ്പര്‍താര സംസ്‌കാരം മാറ്റേണ്ടതുണ്ടെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ ട്വന്റി20 ലോകകപ്പ് ജയിച്ചതിനു പിന്നാലെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം പിന്‍ഗാമിയായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെങ്കിലും ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ടീമിന്റെ പ്രകടനം തീരെ ദയനീയമായി. ഈ സാഹചര്യത്തിലാണ് ടീമിന് എന്താണ് സംഭവിച്ചതെന്ന ഹര്‍ഭജന്റെ ചോദ്യം. താരങ്ങളുടെ പ്രശസ്തി നോക്കാതെ, പ്രകടനം നോക്കി മാത്രം വേണം ടീമിനെ തിരഞ്ഞെടുക്കാനെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ ഹര്‍ഭജന്‍ ആവശ്യപ്പെട്ടു.

''രാഹുല്‍ ദ്രാവിഡ് പരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്ന സമയം വരെ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. ഇന്ത്യ ലോകകപ്പ് ജയിച്ചത് ഉള്‍പ്പെടെയുള്ള നേട്ടങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അതിനു ശേഷം ഇത്ര ചെറിയ കാലയളവില്‍ എന്താണ് സംഭവിച്ചത്?' ഹര്‍ഭജന്‍ ചോദിച്ചു.

ട്വന്റി20യില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും ഏകദിനത്തിലും ടെസ്റ്റിലും ടീം വളരെയധികം പിന്നോക്കം പോയി. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാട്ടില്‍ 30ന് തോറ്റ ഇന്ത്യ, പിന്നാലെ ഓസ്‌ട്രേലിയയില്‍ പോയി 31നും പരമ്പര കൈവിട്ടു. ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി കൈവിടുന്നത്.

''ടീമിന്റെ കഴിഞ്ഞ ആറു മാസത്തെ പ്രകടനം പരിശോധിച്ചുനോക്കൂ. നമ്മള്‍ ശ്രീലങ്കയോടു തോറ്റു, ന്യൂസീലന്‍ഡിനെതിരെ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങി, ഇപ്പോള്‍ ഓസ്‌ട്രേലിയയ്ക്കെതിരെ 31നും പരമ്പര കൈവിട്ടു. ചുരുങ്ങിയ സമയം കൊണ്ട് ടീമിന്റെ പ്രകടനം തീരെ മോശമായിരിക്കുന്നു' ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

''എല്ലാ കളിക്കാര്‍ക്കും അവരുടേതായ സ്ഥാനമുണ്ട്. അങ്ങനെ നോക്കിയാല്‍ കപില്‍ ദേവ്, അനില്‍ കുംബ്ലെ തുടങ്ങിയവരാകും ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന മാച്ച് വിന്നര്‍മാര്‍. ടീമിന്റെ കാര്യത്തില്‍ നിയന്ത്രണം ബിസിസിഐയ്ക്കും സിലക്ടര്‍മാര്‍ക്കും ആയിരിക്കണം. സൂപ്പര്‍താര സംസ്‌കാരവും ആ ശൈലിയും ടീം ഉപേക്ഷിച്ചേ മതിയാകൂ' ഹര്‍ഭജന്‍ വിശദീകരിച്ചു.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ ടീം മാനേജ്‌മെന്റ് കാണിക്കുന്ന പിശുക്കിനെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു. ''ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ അഭിമന്യൂ ഈശ്വരന്‍ ഉണ്ടായിരുന്നു. പക്ഷേ, കളിക്കാന്‍ അവസരം ലഭിച്ചില്ല. അവസരം കിട്ടിയാല്‍ ഇന്ത്യയുടെ ശക്തനായ ബാറ്ററാകാന്‍ കെല്‍പ്പുള്ള താരമാണ് അഭിമന്യൂ. സര്‍ഫറാസിന്റെ കാര്യവും അങ്ങനെ തന്നെ. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ് ഇനി ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയില്‍ ടീമിലുണ്ടാകേണ്ടത്. അല്ലാതെ പ്രശസ്തി നോക്കിയല്ല' ഹര്‍ഭജന്‍ പറഞ്ഞു.

Tags:    

Similar News