ബെഞ്ചില്‍ ഇരുത്താനാണെങ്കില്‍ 10 കോടി കൊടുക്കേണ്ടിയിരുന്നില്ല; ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താത്ത ചെന്നൈക്കെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

ബെഞ്ചില്‍ ഇരുത്താനാണെങ്കില്‍ 10 കോടി കൊടുക്കേണ്ടിയിരുന്നില്ല

Update: 2025-05-02 12:26 GMT

ന്യൂഡല്‍ഹി: രവിചന്ദ്രന്‍ അശ്വിനെ ഐ.പി.എല്‍ സീസണില്‍ കാര്യമായി ഉപയോഗപ്പെടുത്താത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആഞ്ഞടിച്ച് സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. മോശം ഫോമിലുള്ള ചെന്നൈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ്. ഇക്കുറി ദയനീയ പ്രകടനമായിരുന്നു ചെന്നൈയുടേത്. അഞ്ചു തവണ ഐ.പി.എല്‍ കിരീടം നേടിയ ചെന്നൈക്ക് ഇത്തവണ പത്തു മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്.

എട്ടു മത്സരങ്ങള്‍ തോറ്റ ടീം നിലവില്‍ പോയന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. മെഗ താര ലേലത്തില്‍ 9.75 കോടി രൂപക്കാണ് അശ്വിനെ ചെന്നൈ സ്വന്തമാക്കിയത്. സീസണില്‍ ഏഴു മത്സരങ്ങള്‍ കളിച്ച താരം ഏഴു വിക്കറ്റുകളാണ് നേടിയത്. പഞ്ചാബിനെതിരെ നാലു വിക്കറ്റിന് തോറ്റ മത്സരത്തില്‍ അശ്വിനെ കളിപ്പിക്കാത്തതിനെതിരെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു. 'മത്സരത്തില്‍ ചെന്നൈയുടെ ടീം തെരഞ്ഞടുപ്പ് പാളി.


നൂര്‍ അഹ്‌മദും ആര്‍. അശ്വിനും രവീന്ദ്ര ജദേജയും ഒരുമിച്ച് കളിച്ചിരുന്നെങ്കില്‍ പാഞ്ചബ് കിങ്‌സിനെതിരെ ചെന്നൈ ജയിക്കുമായിരുന്നു. ബെഞ്ചിലിരുത്താനായി അശ്വിന് 10 കോടി രൂപ കൊടുക്കേണ്ടിയിരുന്നില്ല. അദ്ദേഹത്തെ എന്തുകൊണ്ടാണ് കളിപ്പിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല' -ഹര്‍ഭജന്‍ പറഞ്ഞു.

ടീമില്‍ മോശം ഫോമില്‍ കളിക്കുന്ന നിരവധി താരങ്ങളുണ്ടായിരുന്നു, എന്നിട്ടും അശ്വിനെ പുറത്തിരുത്തി. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ അശ്വിനെ കളിപ്പിക്കണമായിരുന്നെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച വൈകീട്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ചെന്നൈയുടെ എതിരാളികള്‍. ചെന്നൈ കുറിച്ച 191 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബ് മറികടന്നത്. നായകന്‍ ശ്രേയസ് അയ്യരുടെയും ഓപ്പണര്‍ പ്രഭ്‌സിംറാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്.

Tags:    

Similar News