അന്ന് തന്ന 400 രൂപയ്ക്ക് നന്ദി; ആ പണം ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്; വൈറലായി ലോക്കല്‍ സെലക്ടറുമായി ഹാര്‍ദിക് പങ്കുവെച്ച വീഡിയോ
ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയ ഇന്ത്യന്‍ താരമാണ് ഹാര്‍ദിക് പാണ്ഡ്യ. നിരവധി വെല്ലുവിളികള്‍ തന്റെ കരിയറില്‍ ഉണ്ടായിട്ടും മികച്ച് പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയ താരമാണ് പാണ്ഡ്യ. ജീവിതത്തില്‍ നേരിട്ട കഠിന പരീക്ഷണങ്ങളെയും അതിജീവിച്ച ധൈര്യത്തിന്റെയും ചിഹ്നമാണ്. പാണ്ഡ്യ ഇന്ന് പുതുമകളേറിയ പ്രകടനങ്ങള്‍ തുടരുന്നു. ഇപ്പോള്‍ തന്റെ ബാല്യകാല യാത്രയില്‍ സുപ്രധാന പങ്കുവഹിച്ച ഒരു ലോക്കല്‍ സെലക്ടറുമായി പാണ്ഡ്യ നടത്തിയ ഹൃദയസ്പര്‍ശിയായ വീഡിയോ കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
തന്റെ കരിയറിന്റെ തുടക്കകാലത്ത് 400 രൂപ മാച്ച് ഫീസ് നല്‍കിയ സെലക്ടറോട് ഹാര്‍ദിക് നന്ദി പറയുന്നതാണ് വീഡിയോ കോളിലുള്ളത്. കൗമാരകാലത്ത് ഗുജറാത്തിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെല്ലാം ഹാര്‍ദിക് കളിച്ചിരുന്നു. അന്ന് ഒരു മത്സരത്തിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് ലഭിക്കുക. ആ പണം തനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ടെന്ന് ഹാര്‍ദിക് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
2015-ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ഹാര്‍ദിക് പാണ്ഡ്യ ഒരു മാസത്തിനുള്ളില്‍തന്നെ ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തു. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്കായി കളിക്കുന്ന ഹാര്‍ദിക് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിരുന്നു. ഒരു ഓവറില്‍ 28 റണ്‍സാണ് അടിച്ചെടുത്തത്. ആകെ 23 പന്തുകളില്‍ 47 റണ്‍സും നേടി. രണ്ട് വിക്കറ്റും ഹാര്‍ദിക് നേടി.