ക്രീസ് വിട്ടിറങ്ങി സിക്‌സ്; പന്ത് കൊണ്ടത് കാമറാമാന്റെ കൈയില്‍; മത്സര ശേഷം ഓടിയെത്തി കെട്ടിപ്പിടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ; വീഡിയോ വൈറല്‍

മത്സര ശേഷം ഓടിയെത്തി കെട്ടിപ്പിടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ; വീഡിയോ വൈറല്‍

Update: 2025-12-20 08:37 GMT

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20 പോരാട്ടത്തില്‍ ഇന്ത്യയ്ക്കായി ഹര്‍ദ്ദിക് പാണ്ഡ്യ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് തികച്ചത്. 17 പന്തില്‍ പാണ്ഡ്യ അര്‍ധ സെഞ്ച്വറിയിലെത്തി. ബാറ്റിങിനിടെ താരത്തിന്റെ ഒരു സിക്‌സര്‍ ചെന്നു പതിച്ചത് ഫോര്‍ലൈനിനു അരികെ ദൃശ്യങ്ങള്‍ ഒപ്പിക്കൊണ്ടിരുന്ന കാമറാമാന്റെ കൈയിലായിരുന്നു. പരിക്കേറ്റ് കാമറാമാന്‍ ഐസ് ബാഗ് വച്ചാണ് പിന്നീട് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

മത്സര ശേഷം ഹര്‍ദ്ദിക് പാണ്ഡ്യ കാമറമാന്റെ അരികിലെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. കെട്ടിപ്പിടിച്ച് ആശ്വാസം പകര്‍ന്നാണ് ഹര്‍ദ്ദിക് മടങ്ങിയത്. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. മത്സരത്തില്‍ 25 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം ഹര്‍ദ്ദിക് 63 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്. ബാറ്റിങിനിറങ്ങി നേരിട്ട ആദ്യ പന്ത് തന്നെ ഹര്‍ദ്ദിക് സിക്‌സര്‍ തൂക്കി. നിര്‍ഭാഗ്യവശാല്‍ ഈ പന്ത് ചെന്നു പതിച്ചാണ് കാമറാമാന്റെ കൈയ്ക്ക് പരിക്കേറ്റത്.

ക്രീസ് വിട്ടിറങ്ങിയ പാണ്ഡ്യ കോര്‍ബിന്‍ ബോഷിനെ മിഡ് ഓഫിനു മുകളിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു. ടീമുകളുടെ ഡഗ് ഔട്ടിന് സമീപത്ത് നിലയുറപ്പിച്ച കാമറാമാന്റെ കൈയിലാണ് പന്തു ചെന്നു വീണത്. മത്സരം കുറച്ചു നേരം നിര്‍ത്തിവച്ച് പരിക്കേറ്റയാള്‍ക്ക് ചികിത്സ ഉറപ്പാക്കിയിരുന്നു. എന്നാല്‍ കാര്യമായ പരിക്കില്ലെന്നതിനാല്‍ കാമറാമാന്‍ ജോലി തുടര്‍ന്നു.


മത്സരം അവസാനിച്ച ശേഷമാണ് ഹര്‍ദ്ദിക് പാണ്ഡ്യ കാമറാമാന്റെ അരികിലേക്ക് ഓടിയെത്തിയത്. ഐസ് ബാഗ് ഉയര്‍ത്തി നോക്കി പരിക്കിന്റെ അവസ്ഥ പരിശോധിച്ച ഹര്‍ദ്ദിക് അതിനു ശേഷമാണ് കാമറാമാനെ കെട്ടിപ്പിടിച്ചത്. പിന്നീട് ഐസ് ബാഗ് പാണ്ഡ്യ കാമറാമാന്റെ കൈയില്‍ തന്നെ വച്ചു നല്‍കിയാണ് ഹര്‍ദ്ദിക് മടങ്ങിയത്.

Tags:    

Similar News