പ്ലേഓഫിന് ഒരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സിന് ആശ്വാസം! ജോഷ് ഹെയ്സല്‍വുഡ് ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങിയെത്തി
ജോഷ് ഹെയ്സല്‍വുഡ് ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങിയെത്തി
ലഖ്നൗ: ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വലിയ ആത്മവിശ്വാസം പകരുന്ന വാര്‍ത്തയെത്തി. ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ആര്‍സിബി ടീമില്‍ തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്നു താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്കു മാറിയാല്‍ താരം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസീസ് ക്യാംപില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം ഐപിഎല്‍ കളിക്കാന്‍ തിരിച്ചെത്തി.
ആദ്യ ഐപിഎല്‍ കിരീടം തേടുന്ന ആര്‍സിബിക്ക് താരത്തിന്റെ വരവ് വലിയ ഊര്‍ജമാകും. ടീമിന്റെ പ്ലേ ഓഫ് ഉറപ്പിക്കുന്നതില്‍ താരം പ്രാഥമിക ഘട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്നു ടൂര്‍ണമെന്റ് നിര്‍ത്തുന്നതിനു തൊട്ടുമുന്‍പ് കളിച്ച ആര്‍സിബിയുടെ നിര്‍ണായക പോരാട്ടത്തില്‍ ഹെയ്സല്‍വുഡിനു പന്തെറിയാന്‍ സാധിച്ചിരുന്നില്ല. തോളിനേറ്റ പരിക്കാണ് വില്ലനായത്. ഐപിഎല്‍ നിര്‍ത്തി വച്ചതിനു പിന്നാലെ താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.