ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന എത്ര രാജ്യങ്ങളുണ്ട്? ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇടംപിടിച്ച് 100 രാജ്യങ്ങള്‍! ലോകചാമ്പ്യന്മാരായ ഇന്ത്യ ഒന്നാമത്; ഫുട്‌ബോളിലെ ഒന്നാമന്‍ അര്‍ജന്റീന ക്രിക്കറ്റില്‍ 52ാം സ്ഥാനത്ത്; ബ്രസീല്‍ 81ാമത്; നൂറാം സ്ഥാനത്ത് ഗ്രീസ്

ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിച്ച് ഐസിസി ട്വന്റി20 റാങ്കിങ്ങ്

Update: 2025-05-05 12:45 GMT

ദുബായ്: ക്രിക്കറ്റിലെ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുമ്പോഴൊക്കെ ആക്ഷേപമായി കടുത്ത ഫുട്‌ബോള്‍ ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന എത്ര രാജ്യങ്ങളുണ്ട് എന്നത്. ഫുട്‌ബോള്‍ ലോകകപ്പില്‍ യോഗ്യത മത്സരങ്ങളില്‍ അടക്കം പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ചൂണ്ടിക്കാണിച്ചാണ് ഈ ചോദ്യം പലപ്പോഴും ഉയരുക. കടുത്ത ക്രിക്കറ്റ് ആരാധകര്‍ക്ക് ഉത്തരം മുട്ടുന്ന ചോദ്യം. എന്നാല്‍ ഐസിസിയുടെ പുതിയ രാജ്യാന്തര ട്വന്റി20 റാങ്കിങ് പുറത്തുവന്നതോടെ ഏറെക്കുറെ ഈ ചോദ്യത്തിന് ഉത്തരമായിക്കഴിഞ്ഞു. നൂറ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട റാങ്കിങാണ് ഐസിസി പുറത്തുവിട്ടിരിക്കുന്നത്.

ലോകചാമ്പ്യന്മാരായ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ട്വന്റി20 റാങ്കിങ്ങില്‍ ആകെ ഉള്‍പ്പെട്ടിരിക്കുന്നത് 100 രാജ്യങ്ങളാണ്. ഇതാദ്യമായാണ് 100 രാജ്യങ്ങള്‍ ഐസിസി റാങ്കിങ്ങിന്റെ ഭാഗമാകുന്നത്. 2019ല്‍ ഐസിസി ട്വന്റി20 റാങ്കിങ് ആരംഭിക്കുന്ന സമയത്ത് 80 ടീമുകളാണ് ഉണ്ടായിരുന്നത്. ഇതാണ് ഇത്തവണ 20 കൂടി വര്‍ധിച്ച് നൂറില്‍ എത്തിയിരിക്കുന്നത്.

നിലവിലെ ലോക ചാംപ്യന്‍മാരായ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്ന റാങ്കിങ്ങില്‍, ഗ്രീസാണ് നൂറാം സ്ഥാനത്തുള്ള ടീം. പുരുഷ ട്വന്റി 20 ടീം റാങ്കിംഗില്‍ 271 റേറ്റിംഗ് പോയന്റുമായി ഇന്ത്യ ഒന്നാമതുള്ളപ്പോള്‍ 262 റേറ്റിംഗ് പോയന്റുള്ള ഓസ്‌ട്രേലിയ രണ്ടാമതും 254 റേറ്റിംഗ് പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാമതുമാണ്. ന്യൂസിലന്‍ഡ്(4), വെസ്റ്റ് ഇന്‍ഡീസ്(5), ദക്ഷിണാഫ്രിക്ക(6), ശ്രീലങ്ക(7), പാകിസ്ഥാന്‍(8), ബംഗ്ലാദേശ്(9), അഫ്ഗാനിസ്ഥാന്‍(10) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ റാങ്കിംഗ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞത് എട്ട് രാജ്യാന്തര ട്വന്റി20 മത്സരങ്ങളെങ്കിലും കളിച്ചിട്ടുള്ള ടീമുകളെയാണ് റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടക്കാലത്ത് ലോകകപ്പ് ഉള്‍പ്പെടെ കളിച്ചിട്ടുള്ള ബര്‍മുഡ പുതിയ റാങ്കിങ്ങില്‍ 28ാം സ്ഥാനത്താണ്. കെനിയ 33ാം സ്ഥാനത്തുണ്ട്. ഫുട്‌ബോളില്‍ ലോക ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീന ക്രിക്കറ്റ് റാങ്കിങ്ങില്‍ 52ാം സ്ഥാനത്താണ്. ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ ബദ്ധവൈരികളായ ബ്രസീലാകട്ടെ 81ാം റാങ്കിലും.

ഐസിസി പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റാങ്കിംഗില്‍ ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ ടീം ഇന്ത്യ ടെസ്റ്റ് റാങ്കിങില്‍ നാലാമതാണ്. ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 126 റേറ്റിംഗ് പോയന്റുമായാണ് ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മറികടന്ന് 113 റേറ്റിംഗ് പോയന്റുമായി ഇംഗ്ലണ്ട് രണ്ടാമതെത്തിയപ്പോള്‍ 111 റേറ്റിംഗ് പോയന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതും 105 റേറ്റിംഗ് പോയന്റുമായി ഇന്ത്യ നാലാമതുമാണ്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടാണ് ടെസ്റ്റ് വാര്‍ഷിക റാങ്കിംഗില്‍ നേട്ടം കൊയ്ത ടീം. മെയ് 2024നുശേഷം കളിച്ച എല്ലാ മത്സരങ്ങളുടെയും 100 ശതമാനവും അതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങളുടെ 50 ശതമാനവും കണക്കിലെടുത്താണ് പുതിയ വാര്‍ഷിക റാങ്കിംഗ് കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കളിച്ച നാലു ടെസ്റ്റ് പരമ്പരകളില്‍ മൂന്നിലും ജയിച്ചതാണ് ഇംഗ്ലണ്ടിന് നേട്ടമായതെങ്കില്‍ കഴിഞ്ഞ വര്‍ഷം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ഓസ്‌ട്രേലിയക്കെതിരെ പരമ്പര കൈവിട്ടതും ഇന്ത്യക്ക് തിരിച്ചടിയായി. ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 10ല്‍ മറ്റ് മാറ്റങ്ങളില്ല. ന്യൂസിലന്‍ഡ് അഞ്ചാമതും ശ്രീലങ്ക ആറാമതും പാകിസ്ഥാന്‍ ഏഴാമതും വെസ്റ്റ് ഇന്‍ഡീസ് എട്ടാമതും ബംഗ്ലാദേശ് ഒമ്പതാമതും തുടരുമ്പോള്‍ സിംബാബ്വെ ആണ് പത്താം സ്ഥാനത്ത്.

ഏകദിന ഫോര്‍മാറ്റിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യയുടെ റേറ്റിങ് പോയിന്റ് 122ല്‍നിന്ന് 124 ആയി ഉയര്‍ന്നു. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയോടു തോറ്റ ന്യൂസീലന്‍ഡാണ രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ മൂന്നാമതാണ്. ശ്രീലങ്ക, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ബംഗ്ലദേശ് എന്നീ ടീമുകളാണ് നാലു മുതല്‍ 10 വരെയുള്ള റാങ്കുകളില്‍.

മെയ് 2024നുശേഷം കളിച്ച എല്ലാ മത്സരങ്ങളുടെയും 100 ശതമാനവും അതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങളുടെ 50 ശതമാനവും കണക്കിലെടുത്താണ് പുതിയ വാര്‍ഷിക റാങ്കിംഗ് കണക്കാക്കിയിരിക്കുന്നത്.

Similar News