ലോകറെക്കോര്‍ഡിട്ട് ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്തി അഭിഷേക് ശർമ; മൂന്നാം സ്ഥാനത്ത് തുടർന്ന് തിലക്; എട്ട് സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു സാംസൺ; ബൗളര്‍മാരുടെ പട്ടികയിൽ തലപ്പത്ത് വരുണ്‍ ചക്രവര്‍ത്തി
ദുബായ്: ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ യുവതാരം അഭിഷേക് ശർമ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. 931 റേറ്റിംഗ് പോയിന്റോടെ റെക്കോർഡിട്ടാണ് താരം ഈ നേട്ടം കൈവരിച്ചത്. 2020-ൽ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലൻ നേടിയ 919 റേറ്റിംഗ് പോയിന്റ് എന്ന റെക്കോർഡാണ് 25-കാരനായ അഭിഷേക് മറികടന്നത്.
ഏഷ്യാ കപ്പിൽ 200-ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ റൺസ് നേടിയ അഭിഷേക്, സഹതാരങ്ങളായ സൂര്യകുമാർ യാദവിനെയും വിരാട് കോഹ്ലിയെയും പിന്നിലാക്കിയിട്ടുണ്ട്. ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 44.85 ശരാശരിയിൽ 314 റൺസ് അദ്ദേഹം നേടി. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് 82 പോയിന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തും, ഏഷ്യാ കപ്പിൽ 213 റൺസ് നേടിയ തിലക് വർമ്മ മൂന്നാം സ്ഥാനത്തും തുടരുന്നു.
ഏഷ്യാ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റ് താരങ്ങളും റാങ്കിംഗിൽ മുന്നേറിയിട്ടുണ്ട്. ശ്രീലങ്കയുടെ നിസ്സങ്ക അഞ്ചാം സ്ഥാനത്തും, കുശാൽ പെരേര ഒമ്പതാം സ്ഥാനത്തും, പാകിസ്ഥാന്റെ സാഹിബ്സാദ ഫർഹാൻ 13-ാം സ്ഥാനത്തും എത്തി. ഇന്ത്യൻ താരം സഞ്ജു സാംസൺ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 31-ാം സ്ഥാനത്തെത്തി.
ഏഷ്യാ കപ്പില്‍ ഏഴ് വിക്കറ്റുകള്‍ നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ടി20യിലെ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കുൽദീപ് യാദവ് 12-ാം സ്ഥാനത്തേക്കും ഷഹീൻ അഫ്രീദി 13-ാം സ്ഥാനത്തേക്കും മുന്നേറി. ഹർദിക് പാണ്ഡ്യയെ പിന്തള്ളി പാകിസ്ഥാന്റെ സയീം അയൂബ് ടി20 ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.