ടൂര്‍ണമെന്റിന്റെ ഔദ്യോഗികമായ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് കിറ്റില്‍ എഴുതാന്‍ എല്ലാ രാജ്യവും ബാധ്യസ്ഥരാണ്; ചാമ്പ്യന്‍സ് ട്രോഫി ലോഗോയും ആതിഥേയരുടെ പേരും കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനെതിരെ കര്‍ശന നടപടി; ഐസിസി

Update: 2025-01-22 08:25 GMT

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്ഥാന്റെ പേര് ഇന്ത്യന്‍ ജേഴ്‌സില്‍ ചേര്‍ക്കാത്തതില്‍ പ്രതികരിച്ച് ഐസിസി. പാകിസ്ഥാന്റെ പേര് പ്രിന്റ് ചെയ്യാന്‍ ബിസിസിഐ സമ്മതിച്ചിരുന്നില്ല. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദമാണ് പിസിബിയില്‍ നിന്ന് ഉയര്‍ന്നത്. സംഭവത്തിന് പിന്നാലെ ബിസിസിഐക്ക് മുന്നറിയിപ്പ് നല്‍കിയ ഐസിസി രംഗത്ത് എത്തി.

ടൂര്‍ണമെന്റിന്റെ ഔദ്യോഗികമായ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് കിറ്റില്‍ എഴുതാന്‍ എല്ലാ രാജ്യവും ബാധ്യസ്ഥരാണന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 'ഓരോ ടീമിന്റെയും ജഴ്‌സിയില്‍ ടൂര്‍ണമെന്റ് ലോഗോ ചേര്‍ക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എല്ലാ ടീമുകളും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്', ഒരു ഐസിസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐസിസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മത്സരങ്ങള്‍ എവിടെ നടക്കുന്നുവെന്നത് പരിഗണിക്കാതെ ടീമുകളുടെ ജഴ്‌സിയില്‍ ആതിഥേയരുടെ പേര് എഴുതിയിരിക്കണം. കളിക്കാരുടെ കിറ്റില്‍ ആതിഥേയ രാജ്യമായ പാക്കിസ്താന്റെ പേരുള്ള ചാമ്പ്യന്‍സ് ട്രോഫി ലോഗോ കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അപെക്സ് ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്നോടിയായി പുതിയ വിവാദം ഉടലെടുത്തത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ്യിലാണ് നടക്കുന്നതെങ്കിലും ഔദ്യോഗിക വേദിയായ പാകിസ്താന്റെ പേര് എല്ലാ രാജ്യങ്ങളും ടൂര്‍ണമെന്റിന്റെ പേരിനൊപ്പം പ്രിന്റ് ചെയ്യേണ്ടതാണ്. വേദിയാകുന്ന രാജ്യത്തിന്റെ പേര് ജഴ്സിയില്‍ പ്രിന്റ് ചെയ്യാത്ത ഇന്ത്യയുടെ നടപടി ഐസിസി പ്രോത്സാഹിപ്പിക്കരുതെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.

ബിസിസിഐ ക്രിക്കറ്റില്‍ രാഷ്ട്രീയം കൂട്ടികലര്‍ത്തുകയാണ്. അത് ക്രിക്കറ്റിന് നല്ലതല്ല. ആദ്യം പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായില്ല. പിന്നാലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഇന്ത്യന്‍ ടീം ക്യാപ്റ്റനെയും ബിസിസിഐ അയക്കുന്നില്ല. ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫിക്ക് വേദിയാകുന്ന രാജ്യത്തിന്റെ പേരും ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ നിന്ന് ബിസിസിഐ ഒഴിവാക്കുന്നു. ഈ നടപടി ഐസിസി അനുവദിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

അടുത്ത മാസം 19നാണ് പാകിസ്താന്‍ വേദിയാകുന്ന ചാംപ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനും ന്യൂസിലാന്‍ഡുമാണ് ?ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

Tags:    

Similar News