അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ പാക്കിസ്ഥാനില്‍; അഫ്ഗാനിസ്ഥാന്റെ ഐസിസി അമ്പയര്‍ ബിസ്മില്ല ഷിന്‍വാരി അന്തരിച്ചു; അന്ത്യം 41ാം വയസില്‍; അനുശോചനവും കുടുംബത്തിനുള്ള പിന്തുണയും അറിയിച്ച് ഐസിസി
ഐസിസി അമ്പയര്‍ ബിസ്മില്ല ഷിന്‍വാരി അന്തരിച്ചു
കാബുള്‍: ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പാക്കിസ്ഥാനിലേക്കു പോയ ഐസിസി പാനല്‍ അമ്പയര്‍ ബിസ്മില്ല ജന്‍ ഷിന്‍വാരി ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചു. 41 വയസുള്ള ഷിന്‍വാരി പെഷവാറിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്ന് സഹോദരന്‍ സെയ്ദ ജാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഷിന്‍വാരിക്ക് സുഖമില്ലായിരുന്നുവെന്നും പെഷവാറില്‍ അടിവയറ്റിലെ കൊഴുപ്പ് നീക്കാനുളള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നുവെന്നും അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസിനോട് സഹോദരന്‍ പറഞ്ഞു. ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും സഹോദരന്‍ വ്യക്തമാക്കി.
41 വയസ്സുകാരനായ ഷിന്‍വാരി 34 ഏകദിന മത്സരങ്ങളും 26 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. 2017ല്‍ ഷാര്‍ജയില്‍ നടന്ന അഫ്ഗാനിസ്ഥാന്‍ അയര്‍ലന്‍ഡ് മത്സരമാണ് കരിയറില്‍ ആദ്യമായി നിയന്ത്രിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒമാനില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഷിന്‍വാരി അവസാനം അമ്പയറായത്.
കഴിഞ്ഞ ദിവസമാണു പാക്കിസ്ഥാനിലെ പെഷവാറിലെത്തി ശസ്ത്രക്രിയയ്ക്കു വിധേയനായത്. ''വയറിലെ കൊഴുപ്പു നീക്കം ചെയ്യുന്നതിനായി അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായി. കുറച്ചു ദിവസം ആശുപത്രിയിലായിരുന്നു. എന്നാല്‍ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.'' സെയ്ദ ജന്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഷെന്‍വാരിക്ക് അഞ്ച് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമുണ്ട്.
ഐസിസി ചെയര്‍മാന്‍ ജയ് ഷാ ബിസ്മില്ല ഷിന്‍വാരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ''ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ക്രിക്കറ്റ് ലോകം അദ്ദേഹത്തെ മിസ് ചെയ്യും. ബിസ്മില്ല ഷിന്‍വാരിയുടെ മരണത്തില്‍ അനുശോചനവും കുടുംബത്തിനുള്ള പിന്തുണയും അറിയിക്കുകയാണ്.'' ജയ്ഷാ പ്രതികരിച്ചു.