ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്; റിഷഭ് പന്ത് ക്രീസിൽ; തനുഷ് കൊട്ടിയാന് നാല് വിക്കറ്റ്

Update: 2025-11-01 12:56 GMT

ബെംഗളൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ആദ്യ ചതുർദിന ടെസ്റ്റിൽ ഇന്ത്യ എ ടീമിന് ബാറ്റിംഗ് തകർച്ച. 275 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മൂന്നാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. നിലവിൽ 156 റൺസ് പിറകിലാണ് ഇന്ത്യ. ആറ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ മുഴുവൻ റിഷഭ് പന്തിലാണ്. 64 റണ്‍സുമായി ക്യാപ്റ്റൻ റിഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ ആയുഷ് ബദോനിയുമാണ് ക്രീസില്‍.

ഇന്ത്യയുടെ ടോപ് ഓർഡറിന് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. സായ് സുദർശൻ (12), ആയുഷ് മാത്രെ (6), ദേവ്ദത്ത് പടിക്കൽ (5) എന്നിവർ നിരാശപ്പെടുത്തി. എന്നാൽ, ക്യാപ്റ്റൻ റിഷഭ് പന്ത് 64 റൺസെടുത്ത് ടീമിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചു. ഇദ്ദേഹത്തോടൊപ്പം റണ്ണൊന്നുമെടുക്കാതെ ആയുഷ് ബദോനിയും ക്രീസിലുണ്ട്. 32-3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ രജത് പാട്ടീദാർ (28) - റിഷഭ് പന്ത് എന്നിവരുടെ 87 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ദക്ഷിണാഫ്രിക്ക എയുടെ ഷെപ്പോ മൊറേക്കി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ, മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസെന്ന നിലയിൽ കളി തുടങ്ങിയ ദക്ഷിണാഫ്രിക്ക എ ടീം 199 റൺസിന് എല്ലാവരും പുറത്തായി. ഇന്നലത്തെ സ്കോറിനോട് ഒരു റൺസ് പോലും കൂട്ടിച്ചേർക്കാതെ ജോർദാൻ ഹെർമൻ (12) പുറത്തായത് ഗുർനൂർ ബ്രാർ ആണ്. ലെസേഗോ സെനോക്വാനെ (37), സുബൈർ ഹംസ (37) എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ 84-ൽ എത്തിച്ചെങ്കിലും, തനുഷ് കൊട്ടിയാൻ സെനോക്വാനയെയും മാനവ് സുതർ ഹംസയെയും പുറത്താക്കി.

ക്യാപ്റ്റൻ മാർക്വേസ് അക്കർമാൻ (5), റൂബിൻ ഹെർമാൻ (15), റിവാൾഡോ മൂൺസ്വാമി (6), ടിയാൻ വാൻ വൂറൻ (3) എന്നിവർക്ക് നിലയുറപ്പിക്കാനായില്ല. എന്നാൽ, പ്രനെലാൻ സുബ്രായൻ (15), ഷെപ്പോ മോറേക്കി (25), ലൂത്തോ സിംപാല (17) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 199-ൽ എത്തിച്ചത്. ഇന്ത്യ എ യുടെ ബൗളിംഗിൽ തനുഷ് കൊട്ടിയാൻ നാല് വിക്കറ്റുകളും അൻഷുൽ കാംബോജ് മൂന്ന് വിക്കറ്റുകളും ഗുർനൂർ ബ്രാർ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Tags:    

Similar News