ഇന്ത്യ- ഓസ്ട്രലിയ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഗില്ലിനും സൂര്യകുമാറിനും നിര്‍ണ്ണായകം; മധ്യനിരയില്‍ കരുത്ത് തെളിയിക്കാന്‍ സഞ്ജുവും; മത്സരം റണ്ണൊഴുകുന്ന കാന്‍ബറയില്‍; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Update: 2025-10-29 08:03 GMT

കാന്‍ബറ: അഞ്ചു മത്സരങ്ങളുടെ ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര ഇന്ന് തുടക്കമാകും.ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് 1.45 മുതലാണ് മത്സരം ആരംഭിക്കുന്നത്. ഓസ്ട്രേലിയയിലെ കാന്‍ബറ മാനുക ഓവലാണ് വേദി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ജസ്പ്രീത് ബുമ്രയും ഹര്‍ഷിത് റാണയും പേസര്‍മാരായി ടീമിലെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗിനും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയില്‍ ലോക ചാമ്പ്യന്‍മാരായ ഇന്ത്യ അതിന് പകരം ചോദിക്കാന്‍ കൂടിയാണ് ടി20 പരമ്പരക്കിറങ്ങുന്നത്. ടി20 ലോകകപ്പിന് നാല് മാസം മാത്രം ദൂരമുള്ളപ്പോള്‍ നടക്കുന്ന ഓസീസ് ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പിന് സീറ്റുറപ്പിക്കാന്‍ ഓസീസ് പരമ്പരയിലെ പ്രകടനം താരങ്ങള്‍ക്ക്

നിര്‍ണ്ണായകമാവുമെന്നുറപ്പ്.അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പരമ്പര നിര്‍ണായകമാണ്.പക്ഷെ ഓസ്‌ട്രേലിയയില്‍ ബാറ്റ് ചെയ്ത് മികവ് കാട്ടുക എളുപ്പമല്ല.

സുര്യകുമാറിനും ഗില്ലിനും നിര്‍ണ്ണായകം

ഓസ്‌ട്രേലിയക്കെതിരായ പരമ്പര നിലവിലെ ക്യാപ്റ്റന്‍ സുര്യകുമാറിനും ശുഭ്മാന്‍ ഗില്ലിനും ഒരു പോലെ നിര്‍ണ്ണായകമാകും.പരമ്പര കൈവിട്ടാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നായകസ്ഥാനവും തുലാസിലാവും.മാത്രമല്ല മധ്യനിരയില്‍ കരുത്ത് തെളിയിക്കാന്‍ താരങ്ങള്‍ കാത്തിരിക്കുമ്പോള്‍ ഈ മോശം ഫോം ചിലപ്പോള് താരത്തിന്റെ സ്ഥാനത്തിന് തന്നെ വെല്ലുവിളിയുയര്‍ത്തും.ഇത് തന്നെയാണ് സൂര്യക്കുള്ള തലവേദന.

എന്നാല്‍ ഗില്ലിലേക്ക് വരുമ്പോള്‍ ആകാശ് ചോപ്രയുടെ വെളിപ്പെടുത്തലും ശ്രദ്ധേയമാണ്.ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണോട് അനീതി കാട്ടിയിട്ടില്ലെന്ന് തെളിയിക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയെന്നാണ് മുന്‍ താരം ആകാശ് ചോപ്ര വ്യക്തമാക്കിയത്.ഏഷ്യാ കപ്പില്‍ സഞ്ജുവിന് പകരമാണ് ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനം കരസ്ഥമാക്കി ടി20 ടീമില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയത്

ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങിയ ആറ് മത്സരങ്ങളില്‍ ഗില്ലിന് കാര്യമായി ശോഭിക്കാനായിരുന്നില്ല. 47 റണ്‍സായിരുന്നു ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറിയെങ്കിലും മൂന്ന് കളികളില്‍ 43 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ന് തുടങ്ങുന്ന ടി20 പരമ്പരയിലും ഓപ്പണറായി തിളങ്ങാനായില്ലെങ്കില്‍ അത് സഞ്ജുവിനോട് ചെയ്ത അനീതിയായെ കണക്കാക്കാനാവു എന്ന് ആകാശ് ചോപ്ര പറഞ്ഞു. തന്റെ ഓപ്പണിംഗ് സ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജു തയാറായി നില്‍ക്കുന്നുണ്ടെന്നത് ഗില്ലിന് അധികസമ്മര്‍ദ്ദമാകും.

ഏകദിന പരമ്പര നഷ്ടമായത് കാര്യമാക്കേണ്ട കാര്യമില്ല. ഒറ്റ പരമ്പര കൊണ്ട് ഒരു ക്യാപ്റ്റനെ വിലയിരുത്താനാവില്ല. എന്നാല്‍ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം അങ്ങനെയല്ല. ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങി നിറം മങ്ങിയതോടെ ആളുകള്‍ ഗില്ലിന്റെ രക്തത്തിനായി മുറവിളി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഗില്ലിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കാരണം, ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു സാംസണെ മാറ്റിയാണ് ടീം മാനേജ്‌മെന്റ് ഗില്ലിനെ ഓപ്പണറാക്കിയത്. എന്നിട്ട് സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി

ഈ പരമ്പരയിലും ഗില്ലിന് തിളങ്ങാനായില്ലെങ്കില്‍ അത് സഞ്ജുവിനോട് ചെയ്യുന്ന നീതികേടാകുമെന്നെ പറയാനാവു. സഞ്ജു മാത്രമല്ല, ടി20യില്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള യശസ്വി ജയ്‌സ്വാളും പുറത്തിരിക്കുകയാണ്. അതുകൊണ്ട് ഈ പരമ്പരയില്‍ ഓപ്പണറായി കഴിവു തെളിയിക്കേണ്ട സമ്മര്‍ദ്ദം മുഴുവന്‍ ശുഭ്മാന്‍ ഗില്ലിനായിരിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

മധ്യനിരയിലെ കരുത്താകാന്‍ സഞ്ജു

മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചും നിര്‍ണ്ണായകമാണ് ഓസീസ് ടി20 പരമ്പര. ഓപ്പണര്‍ റോളില്‍ തിളങ്ങിയ സഞ്ജുവിനെ മധ്യനിരയിലേക്ക് ഇന്ത്യ ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത സഞ്ജുവിന് ഇതേ റോളാവും ഓസ്‌ട്രേലിയയിലും ഉണ്ടാവുകയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.ഫിനിഷര്‍ റോളില്‍ മികവ് കാണിക്കേണ്ടത് സഞ്ജുവിന് അത്യാവശ്യമാണ്.

അഞ്ചാം നമ്പറില്‍ സഞ്ജു ബാറ്റ് ചെയ്യാനാണ് സാധ്യത. ഈ റോളില്‍ സഞ്ജു കളിക്കുമ്പോള്‍ ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടേണ്ടതായുണ്ട്.മധ്യനിരയില്‍ കളിച്ച് സഞ്ജുവിന് വിക്കറ്റ് കാത്ത് കളിക്കേണ്ടത് അത്യാവശ്യമാണ്.ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയത്തിലേക്കെത്തിക്കാനുള്ള കഴിവ് സഞ്ജു തെളിയിക്കേണ്ടത്.അതുകൊണ്ടുതന്നെ ഓസീസ് പരമ്പരയില്‍ സഞ്ജു വിക്കറ്റ് കാത്ത് ടീമിനെ ഫിനിഷിങ്ങിലേക്ക് എത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു.ഓപ്പണര്‍ റോളില്‍ കളിച്ചപ്പോള്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രഹര ശേഷി 145-182നും ഇടയിലാണ്.അതായായത് ടോപ് ഓഡറില്‍ ഉയര്‍ന്ന പ്രഹരശേഷിയില്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മധ്യനിരയിലേക്കെത്തുമ്പോള്‍ സഞ്ജുവിന്റെ പ്രഹരശേഷിയില്‍ വലിയ കുറവുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് പരിഹരിക്കാന്‍ സഞ്ജുവിനാകണം.

റണ്ണൊഴുകുന്ന കാന്‍ബറ

റണ്ണൊഴുകുന്ന കാന്‍ബറയിലാണ് ആദ്യ മത്സരം.ചരിത്രത്തില്‍ ഇതുവരെ 22 ടി20 മത്സരങ്ങള്‍ക്ക് വേദിയായ ഈ വേദിയില്‍ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോര്‍ 150 റണ്‍സാണ്.ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നേടിയ 195.പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് കാന്‍ബറയിലേത്. മികച്ച ബാറ്റിംഗ് വിക്കറ്റായിട്ടാണ് മാനുക ഓവലിലെ പിച്ച് അറിയപ്പെടുന്നത്.

കളിച്ച മത്സരങ്ങള്‍-22. ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ച മത്സരങ്ങള്‍ -10. ആദ്യം ബൗള്‍ ചെയ്ത മത്സരങ്ങള്‍ - 9. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ - 150.ഉയര്‍ന്ന ആകെ സ്‌കോര്‍ - 195. ഏറ്റവും കുറഞ്ഞ ആകെ സ്‌കോര്‍ - 82.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ, ജോഷ് ഹേസൽവുഡ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

Tags:    

Similar News