അഭിഷേക് മടങ്ങിയതിന് കത്തിക്കയറി ശുഭ്മാന്‍ ഗില്‍; മികച്ച പിന്തുണയുമായി സൂര്യകുമാർ; കാന്‍ബറയിൽ രസം കൊല്ലിയായി മഴ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 ഉപേക്ഷിച്ചു
കാന്‍ബറ: മഴയെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിച്ചു. കാന്‍ബറയിലെ മനുക ഓവലില്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒന്നിന് 97 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. തുടര്‍ച്ചയായി പെയ്ത തോരാമഴ കാരണം കളി പുനരാരംഭിക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 24 പന്തില്‍ 39 റണ്‍സും ശുഭ്മാന്‍ ഗില്‍ 20 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ടായിരുന്നു. ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മ 14 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. നതാന്‍ എല്ലിസാണ് അഭിഷേകിന്റെ വിക്കറ്റ് നേടിയത്.
നേരത്തെ, അഞ്ചാം ഓവറിന് ശേഷം മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു. ആതിഥേയരായ ഓസ്‌ട്രേലിയ ടോസ് നേടിയ ശേഷം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജോഷ് ഹേസല്‍വുഡിന്റെ ആദ്യ ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി അഭിഷേക് ശര്‍മ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സേവിയര്‍ ബാര്‍ട്ലെറ്റ് എറിഞ്ഞ രണ്ടാം ഓവറില്‍ അഭിഷേക് വീണ്ടും രണ്ട് ബൗണ്ടറികള്‍ നേടി. മൂന്നാം ഓവറില്‍ ഗില്ലും അഭിഷേകും ഓരോ ബൗണ്ടറി വീതം കണ്ടെത്തി.
നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ഗില്‍, അടുത്ത പന്തില്‍ ഒരു ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നാലെ സ്ട്രെയ്റ്റ് ബൗണ്ടറി കടത്തി ഗില്‍ തന്റെ കരുത്ത് തെളിയിച്ചു. എന്നാല്‍, സ്ലോ ബോളിലൂടെ അഭിഷേകിനെ മിഡ്-ഓഫില്‍ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ച് എല്ലിസ് ഇന്ത്യക്ക് ആദ്യ തിരിച്ചടി നല്‍കി.
തൊട്ടടുത്ത ഓവറില്‍ ജോഷ് ഹേസല്‍വുഡിനെ നേരിടുമ്പോള്‍ അല്പം പതറിയെങ്കിലും, മൂന്നാം പന്ത് സിക്‌സിന് പറത്തി സൂര്യകുമാര്‍ യാദവ് ഓസീസ് ബൗളര്‍മാരെ ഞെട്ടിച്ചു. തുടര്‍ന്ന് മഴയെത്തിയതോടെ കളി നിര്‍ത്തിവെക്കേണ്ടി വന്നു. മത്സരം പുനരാരംഭിച്ചപ്പോള്‍, ക്രീസിലുണ്ടായിരുന്ന ഗില്ലും സൂര്യകുമാറും ചേര്‍ന്ന് ആക്രമണപരമായ ബാറ്റിംഗ് പുറത്തെടുത്തു. മഴയ്ക്ക് തൊട്ടുമുമ്പ് ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.