വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടം ഇന്ന്; ആവേശപോരാട്ടത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍

Update: 2025-10-30 06:51 GMT

മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനല്‍ പോരാട്ടം മുംബൈയില്‍ വേദിയാകുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുന്ന മത്സരം ആരാധകര്‍ കാത്തിരിപ്പിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമുതല്‍ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അവസാന ഘട്ട മത്സരങ്ങളിലെ പ്രകടനം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സ്മൃതി മന്ഥാന മികച്ച ഫോമിലാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവര്‍ ബാറ്റിങില്‍ കരുത്ത് നല്‍കുന്ന താരങ്ങള്‍.

ബൗളിങ്ങില്‍ രേണുക സിങ്, ദീപ്തി ശര്‍മ, ശ്രീചരണി എന്നിവര്‍ ടീം പ്രതീക്ഷയോടെ നോക്കുന്ന താരങ്ങളാണ്. പരിക്കേറ്റ് പുറത്തായ പ്രഥിക റാവലിന് പകരം എത്തിയ ഷെഫാലി വര്‍മയും ശ്രദ്ധേയമാണ്. മറ്റുവശത്ത് ഏഴുതവണ കിരീടം നേടിയ ഓസ്‌ട്രേലിയ കരുത്തുറ്റ ടീമുമായാണ് ഇറങ്ങുന്നത്. എലീസ് പെറി, ബെത്ത് മൂണി, അലീസ ഹീലി തുടങ്ങിയവര്‍ ബാറ്റിങില്‍ അപകടകാരികള്‍. ലെഗ് സ്പിന്നര്‍ അലേന കിങ്, പേസര്‍മാരായ കിം ഗാരേത്, തഹ്ലിയ മഗ്രാത്ത് എന്നിവരും ബൗളിങില്‍ തിളങ്ങുന്നവരാണ്.

മഴ സാധ്യതയുള്ളതിനാല്‍ റിസര്‍വ് ദിനം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ മുന്‍ മത്സരങ്ങളുടെ ഫലമനുസരിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീനാണ് ആനുകൂല്യം. റണ്ണുകള്‍ നിറഞ്ഞ ഒരു പോരാട്ടമായിരിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News