74 റണ്‍സും രണ്ടു വിക്കറ്റും; ഓള്‍റൗണ്ട് മികവുമായി നിതീഷ് കുമാര്‍ റെഡ്ഡി; അര്‍ധ സെഞ്ചുറിയുമായി റിങ്കു സിങും; റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; രണ്ടാം ട്വന്റി 20യില്‍ 86 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര നേട്ടം

ഇന്ത്യ 20 ഓവറില്‍ 221-9, ബംഗ്ലാദേശ് 20 ഓവറില്‍ 135-9.

Update: 2024-10-09 17:22 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശിന് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 86 റണ്‍സിന്റെ ആധികാരിക ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ 135 റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സെടുത്ത് പൊരുതിയ മെഹ്‌മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 74 റണ്‍സും രണ്ടു വിക്കറ്റും നേടി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുമായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 221-9, ബംഗ്ലാദേശ് 20 ഓവറില്‍ 135-9. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ഹൈദരാബാദില്‍ നടക്കും.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തുടക്കം മുതല്‍ അടിതെറ്റി. ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(16) ബൗള്‍ഡാക്കി അര്‍ഷ്ദീപ് സിംഗാണ് ബംഗ്ലാദേശ് തകര്‍ച്ചക്ക് തുടക്കമിട്ടത്. ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ(11) വാഷിംഗ്ടണ്‍ സുന്ദര്‍ മടക്കിയപ്പോള്‍ ലിറ്റണ്‍ ദാസിനെ(14) വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ബംഗ്ലാദേശിന്റെ തലയരിഞ്ഞു. തൗഹിദ് ഹൃദോയിയെ(2) അഭിഷേക് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ മെഹ്ദി ഹസന്‍ മിറാസിനെ(16) റിയാന്‍ പരാഗും ജേക്കര്‍ അലിയെ(1) മായങ്ക് യാദവും മടക്കിയതോടെ ബംഗ്ലാദേശിന്റെ പേരാട്ടം തീര്‍ന്നു. ഇന്ത്യക്കായി നിതീഷ് റെഡ്ഡി 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പവര്‍ പ്ലേയില്‍ സഞ്ജു സാംസണ്‍(10), അഭിഷേക് ഷര്‍മ(15), സൂര്യകുമാര്‍ യാദവ്(8) എന്നിവരെ നഷ്ടമായി പതറിയെങ്കിലും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിംഗിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. രണ്ടാം ടി20 കളിക്കുന്ന നിതീഷ് റെഡ്ഡി 34 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ റിങ്കു സിംഗ് 29 പന്തില്‍ 53 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ 32 റണ്‍സെടുത്തു. റിഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് മൂന്ന് വികറ്റുകള്‍ നഷ്ടമായി. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ റഹ്‌മാനും തന്‍സിം ഹസന്‍ സാക്കിബും നാലോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റുമായി ടസ്‌കിന്‍ അഹമ്മദും തിളങ്ങി.

രാജ്യാന്തര ട്വന്റി20 കരിയറിലെ അവസാന പരമ്പര കളിക്കുന്ന മഹ്‌മൂദുല്ലയാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. 39 പന്തില്‍ മൂന്നു സിക്‌സറുകള്‍ സഹിതം മഹ്‌മൂദുല്ല നേടിയത് 41 റണ്‍സ്. മഹ്‌മൂദുല്ലയ്ക്കു പുറമേ ഓപ്പണര്‍മാരായ പര്‍വേസ് ഹുസൈന്‍ ഇമോന്‍ (12 പന്തില്‍ 16), ലിട്ടന്‍ ദാസ് (11 പന്തില്‍ 14), ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്റോ (ഏഴു പന്തില്‍ 11), മെഹ്ദി ഹസന്‍ മിറാസ് (16 പന്തില്‍ 16) എന്നിവരും രണ്ടക്കത്തിലെത്തി. തൗവീദ് ഹ്രിദോയ് (ആറു പന്തില്‍ രണ്ട്), ജാകര്‍ അലി (രണ്ടു പന്തില്‍ ഒന്ന്), റിഷാദ് ഹുസൈന്‍ (10 പന്തില്‍ 9), തന്‍സിം ഹസന്‍ സാകിബ് (10 പന്തില്‍ 8) എന്നിവര്‍ നിരാശപ്പെടുത്തി. ടസ്‌കിന്‍ അഹമ്മദ് (5), മുസ്താഫിസുര്‍ റഹ്‌മാന്‍ (1) എന്നിവര്‍ പുറത്താകാതെ നിന്നു.

ബംഗ്ലദേശ് സ്പിന്നര്‍മാരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിര്‍ദ്ദയം 'തല്ലിച്ചതച്ച' പിച്ചില്‍, സ്പിന്നര്‍മാരുടെ നേതൃത്വത്തിലാണ് ഇന്ത്യ ബംഗ്ലദേശിനെ തീര്‍ത്തും ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ബംഗ്ലദേശിനു നഷ്ടമായ ഒന്‍പതു വിക്കറ്റുകളില്‍ അഞ്ച് വിക്കറ്റും സ്വന്തമാക്കിയത് സ്പിന്നര്‍മാര്‍ തന്നെ. പ്രധാന സ്പിന്നര്‍മാര്‍ക്കൊപ്പം പാര്‍ട്ട് ടൈം സ്പിന്നര്‍മാരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ബംഗ്ലദേശ് സ്പിന്നര്‍മാര്‍ ആദ്യ അഞ്ച് ഓവറില്‍ വിക്കറ്റൊന്നും നേടാനാകാതെ 68 റണ്‍സ് വഴങ്ങിയപ്പോള്‍, ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ആദ്യ അഞ്ച് ഓവറില്‍ 23 റണ്‍സ് വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റ്.

നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി ഒരിക്കല്‍ക്കൂടി കരുത്തുകാട്ടി. വരുണിനു പുറമേ വാഷിങ്ടന്‍ സുന്ദര്‍ (ഒരു ഓവറില്‍ നാല് റണ്‍സ് വഴങ്ങി 1 വിക്കറ്റ്), അഭിഷേക് ശര്‍മ (രണ്ട് ഓവറില്‍ 10 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്), റിയാന്‍ പരാഗ് ( രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിച്ച സ്പിന്നര്‍മാര്‍. നിതീഷ് റെഡ്ഡി നാല് ഓളറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

ബാറ്റിംഗ് വെടിക്കെട്ട്

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സ് അടിച്ചുകൂട്ടിയത്. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരത്തില്‍ 34 പന്തില്‍ 74 റണ്‍സെടുത്ത നിതീഷ് റെഡ്ഡി, അര്‍ധസെഞ്ചറി നേടിയ റിങ്കു സിങ് (29 പന്തില്‍ 53) എന്നിവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ (19 പന്തില്‍ 32), റിയാന്‍ പരാഗ് (ആറു പന്തില്‍ 15) എന്നിവരുടെ ഇന്നിങ്‌സുകള്‍ കൂടി ചേര്‍ന്നതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. സഞ്ജു സാംസണ്‍ ആദ്യ ഓവറില്‍ ഇരട്ട ഫോറുമായി ഒരിക്കല്‍ക്കൂടി പ്രതീക്ഷ നല്‍കിയെങ്കിലും, ഏഴു പന്തില്‍ 10 റണ്‍സുമായി പുറത്തായി. അഭിഷേക് ശര്‍മ 11 പന്തില്‍ മൂന്നു ഫോറുകള്‍ നേടി ഒരു പടി കൂടി കടന്നെങ്കിലും, 15 റണ്‍സോടെയും മടങ്ങി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച സൂര്യകുമാര്‍ യാദവ്, 10 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സോടെയും പുറത്തായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.

മന്ദഗതിയിലായിരുന്നു നിതീഷ് റെഡ്ഡിയുടെ തുടക്കം. ആദ്യ 13 പന്തില്‍ ഒരു ഫോര്‍ സഹിതം 13 റണ്‍സ്. പിന്നാലെ മഹ്‌മൂദുല്ല എറിഞ്ഞ നോബോളിനു ലഭിച്ച ഫ്രീഹിറ്റില്‍നിന്ന് സിക്‌സര്‍. തൊട്ടടുത്ത പന്തില്‍ എല്‍ബിക്കായുള്ള മഹ്‌മൂദുല്ലയുടെ അപ്പീല്‍ അംപയര്‍ നിരസിച്ചു. ഡിആര്‍എസ് എടുത്ത് ബംഗ്ലദേശ് റെഡ്ഡിയെ പുറത്താക്കാനുള്ള വഴി തേടിയെങ്കിലും, അംപയേഴ്‌സ് കോളിന്റെ ആനുകൂല്യം തുണയ്‌ക്കെത്തി. തൊട്ടടുത്ത പന്തില്‍ ഫോറടിച്ച് നയം വ്യക്തമാക്കിയ റെഡ്ഡി, അടുത്ത ഓവറില്‍ റിഷാദ് ഹസനെതിരെ ഇരട്ട സിക്‌സറുമായാണ് 'ലൈഫ്' ആഘോഷിച്ചത്. സിക്‌സറുകളും ഫോറുകളുമായി ആക്രമണം തുടര്‍ന്ന നിതീഷ് റെഡ്ഡി 12ാം ഓവറില്‍ കന്നി അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി. 27 പന്തില്‍ മൂന്നു ഫോറും നാലു സിക്‌സും സഹിതമായിരുന്നു റെഡ്ഡിയുടെ അര്‍ധസെഞ്ചറി. ഒടുവില്‍ 34 പന്തില്‍ നാലു ഫോറും ഏഴു സിക്‌സും സഹിതം 74 റണ്‍സെടുത്ത റെഡ്ഡിയെ, മുസ്താഫിസുര്‍ റഹ്‌മാന്‍ പുറത്താക്കി.

റെഡ്ഡി മടങ്ങിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ചേര്‍ന്ന് റിങ്കു സിങ് ആക്രമണം തുടര്‍ന്നതോടെ ബംഗ്ലദേശിന്റെ ശേഷിച്ച പ്രതീക്ഷകളും നഷ്ടമായി. യാതൊരു മയവും കാട്ടാതെ തകര്‍ത്തടിച്ച റിങ്കു, 26 പന്തില്‍ അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി. അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതമായിരുന്നു ഇത്. തന്‍സിം ഹസനെതിരെ തുടര്‍ച്ചയായി രണ്ടു ഫോറും സിക്‌സും നേടിക്കൊണ്ടായിരുന്നു അര്‍ധസെഞ്ചറിയിലേക്കുള്ള കുതിപ്പ്. 29 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 53 റണ്‍സെടുത്താണ് റിങ്കു മടങ്ങിയത്. അവസാന ഓവറുകളില്‍ ഹാര്‍ദിക് 19 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 32 റണ്‍സും, റിയാന്‍ പരാഗ് ആറ് പന്തില്‍ രണ്ട് സിക്‌സറുകളോടെ 15 റണ്‍സും, അര്‍ഷ്ദീപ് രണ്ടു പന്തില്‍ ആറു റണ്‍സും നേടിയാണ് ഇന്ത്യയെ 221ല്‍ എത്തിച്ചത്.

ഒപ്പമുള്ളവര്‍ കൂട്ട ആക്രമണം നേരിട്ടപ്പോഴും, നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ടസ്‌കിന്‍ അഹമ്മദിന്റെ ബോളിങ് പ്രകടനം ശ്രദ്ധേയമായി. നാലാം ഓവറിലെ അവസാന പന്തില്‍ അപകടകാരിയായ റിങ്കു സിങ്ങിനെ ബൗണ്ടറിക്കരികെ ജാകര്‍ അലിയുടെ കൈകളിലെത്തിച്ചാണ് ടസ്‌കിന്‍ തന്റെ 'ടാസ്‌ക്' പൂര്‍ത്തിയാക്കിയത്. ആദ്യ മൂന്ന് ഓവറില്‍ 47 റണ്‍സ് വഴങ്ങി നാണംകെട്ട റിഷാദ് ഹുസൈന്‍, അവസാന ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി തടി രക്ഷിച്ചു. റണ്ണടിച്ചു കയറ്റാനുള്ള ശ്രമത്തില്‍ ഹാര്‍ദിക്, വരുണ്‍ ചക്രവര്‍ത്തി (0), അര്‍ഷ്ദീപ് സിങ് (6) എന്നിവരാണ് അവസാന ഓവറില്‍ പുറത്തായത്. മയാങ്ക് യാദവ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

Tags:    

Similar News