ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം; ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത; ആശ്വാസ ജയം തേടിയിറങ്ങുന്ന ലങ്കയ്ക്ക് മത്സരം കടുക്കും
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകുന്നേരം 8 മണിക്കാണ് മത്സരം. പാക്കിസ്ഥാനെതിരായ ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യക്ക് ഈ മത്സരം ഒരു പരിശീലനം കൂടിയാണ്. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്ക സൂപ്പർ ഫോറിൽ നിന്ന് പുറത്തായതിനാൽ ഈ മത്സരഫലം അപ്രസക്തമാണെങ്കിലും, ടൂർണമെന്റിൽ ഇതുവരെ പുറത്തെടുത്ത മികച്ച പ്രകടനം സമ്പൂർണ്ണ വിജയത്തോടെ പൂർത്തിയാക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്.
നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഏഷ്യാ കപ്പിൽ ഇതുവരെ തോൽവിയറിയാതെയാണ് മുന്നേറുന്നത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിൽ ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവർ മികച്ച ഫോമിലാണ്. സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് അവസരത്തിനൊത്ത് ഉയരാനായാൽ ശ്രീലങ്കയ്ക്ക് മത്സരം കടുപ്പമാകും. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ റൺസ് നേടിയെങ്കിലും സൂര്യകുമാർ യാദവിന് പിന്നീട് മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.
അതേസമയം, ഇന്നത്തെ മത്സരത്തിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകുകാണും സാധ്യതയുണ്ട്.ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. ഫൈനലിലേക്ക് ഇതിനോടകം പ്രവേശിച്ചതിനാൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. സൂപ്പർ ഫോറിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തിൽ ഒരു ആശ്വാസ വിജയം നേടി ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ശ്രീലങ്കയുടെ ശ്രമം.
ഇന്ത്യ സാധ്യതാ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിംഗ്.
ശ്രീലങ്ക സാധ്യതാ ടീം: പതും നിസ്സങ്ക, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), കുശാൽ പെരേര, ചാരീത് അസലങ്ക (ക്യാപ്റ്റൻ), കാമിണ്ടു മെൻഡിസ്, ദസുൻ ഷനക, വാനിന്ദു ഹസരംഗ, ചമീക കരുണാരത്ന, ദുഷ്മന്ത ചമീര, മഹേഷ് തീക്ഷണ, നുവാൻ തുഷാര, ദുനിത് വെല്ലാലാഗെ, കാമിൽ മിഷാര, നുവാൻഡു ഫെർണാണ്ടോ, ബിനുര ഫെർണാണ്ടോ, ജനിത് ലിയനാഗെ.