ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്നിറങ്ങും; ദുബായിലെ ആദ്യ മത്സരത്തിൽ എതിരാളി യുഎഇ; സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഇടം നേടുമോ എന്ന ആകാംക്ഷയിൽ ആരാധകർ; മത്സരം രാത്രി 8ന്

Update: 2025-09-10 07:32 GMT

ദുബായ്: ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ് ഇന്ത്യയുടെ എതിരാളികൾ. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസൺ കളിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.

ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. കഴിഞ്ഞ മത്സരങ്ങളിൽ അഭിഷേക് ശർമ്മയോടൊപ്പം ഓപ്പണറായാണ് സഞ്ജു കളിച്ചിരുന്നത്. ഗില്ലിനെ ഓപ്പണറാക്കിയാൽ സഞ്ജുവിന് മധ്യനിരയിൽ കളിക്കേണ്ടി വരും. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയെ അഞ്ചാം നമ്പറിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

ഓൾറൗണ്ടർമാരായ ഹർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും ടീമിൽ ഇടംപിടിക്കും. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും പേസാക്രമണത്തിന് നേതൃത്വം നൽകും. കുൽദീപ് യാദവും വരുൺ ചക്രവർത്തിയും സ്പിൻ വിഭാഗത്തിന്റെ ചുമത. പേസർമാരെ തുണയ്ക്കുന്ന വേഗതയും ബൗൺസുമുള്ള പിച്ചാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

യുഎഇയുടെ മുഖ്യ പരിശീലകൻ ഇന്ത്യക്കാരനായ ലാൽ ചന്ദ് രജപുത്താണ്. 2007 ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ടീം മാനേജർ എന്ന നിലയിൽ രജപുത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ശക്തിയും ദൗർബല്യങ്ങളും നന്നായി അറിയുന്ന രജപുത്ത്, ഇന്ത്യയെ എളുപ്പത്തിൽ ജയിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.

Tags:    

Similar News