വെടിക്കെട്ട് ബാറ്റിങ്ങുമായി അഭിഷേക് ശർമ്മ; പിന്തുണ നൽകി സഞ്ജുവും തിലക് വർമ്മയും; ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ശ്രീലങ്കയ്‌ക്ക് 203 റൺസിന്റെ വിജയ ലക്ഷ്യം; ഇന്ത്യയുടേത് ടൂർണമെന്റിലെ ഉയർന്ന സ്‌കോർ
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്ക് 203 റൺസിന്റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. ടൂർണമെന്റിലെ ഉയർന്ന സ്‌കോറാണിത്. ഓപ്പണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറിയും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും തിലക് വർമ്മയുടെ പ്രകടനവുമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകിയത്. ടൂർണമെന്റിൽ അഭിഷേകിന്റെ മൂന്നാമത്തെ അർദ്ധ സെഞ്ചുറിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ ശുഭ്മൻ ഗിൽ (4) നഷ്ടമായെങ്കിലും, അഭിഷേക് ശർമയും നായകൻ സൂര്യകുമാർ യാദവും ചേർന്ന് സ്കോർ മുന്നോട്ട് നയിച്ചു. 22 പന്തിൽ ഫിഫ്റ്റി നേടിയ അഭിഷേക് 31 പന്തിൽ 61 റൺസെടുത്ത് പുറത്തായി. എട്ട് ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. നാലാം നമ്പറിൽ ക്രീസിലെത്തിയ തിലക് വർമ്മ 49 റൺസെടുത്ത് പുറത്താകാതെ നിന്നു.
വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ 23 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 39 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഈ മത്സരത്തോടെ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡും അഭിഷേക് ശർമ സ്വന്തം പേരിലാക്കി. ആറ് ഇന്നിങ്സുകളിൽ നിന്നായി താരം 309 റൺസ് നേടി.