കരിയറിലെ തന്നെ മികച്ച ഇന്നിങ്ങ്‌സുമായി ഷഫാലി; അര്‍ധശതകവുമായി ദീപ്തി ശര്‍മ്മയും; ലോകകപ്പ് കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

Update: 2025-11-02 15:16 GMT

മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തി ഇന്ത്യ. നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 298 റണ്‍സെടുത്തു. ഷഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.

നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. ക്ലോ ട്രൈയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങുന്നത്. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷെഫാലി 28-ാം ഓവറില്‍ മടങ്ങി. ഖാകയുടെ പന്തില്‍ സുനെ ലുസിന് ക്യാച്ച്. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി.

പിന്നാലെ ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (20) അധികനേരം ക്രീസില്‍ തുടരാനായില്ല. ജമീമയും പവലിയനില്‍ തിരച്ചെത്തി. അമന്‍ജോത് കൗര്‍ (12) കൂടി മടങ്ങിയതോടെ അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ച - ദീപ്തി കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് സ്‌കോര്‍ 300ന് അടുത്ത് എത്തിച്ചത്. 49-ാം ഓവറിലെ അവസാന പന്തില്‍ റിച്ച മടങ്ങി. രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്. അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു. 58 പന്തുകള്‍ നേരിട്ട ദീപ്തി ഒരു മൂന്ന് ഫോറും നേടി. രാധാ യാദവ് ദീപിതിക്കൊപ്പം പുറത്താവാതെ നിന്നു.

മഴ മൂലം രണ്ട് മണിക്കൂര്‍ വൈകിയാണ് കളി ആരംഭിച്ചത്. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്.

Tags:    

Similar News