അന്ന് സച്ചിന്റെ ഇന്ത്യന്‍ ടീമിനെ വൈറ്റ് വാഷ് ചെയ്തത് ദക്ഷിണാഫ്രിക്ക; 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ രോഹിതിനും സംഘത്തിനും സമ്പൂര്‍ണ തോല്‍വി; കിവീസ് വിരാമമിട്ടത് 18 ടെസ്റ്റ് പരമ്പരകള്‍ നീണ്ട ഇന്ത്യയുടെ വിജയകുതിപ്പിന്

ഇന്ത്യന്‍ ടീം ഹോം ഗ്രൗണ്ടില്‍ 'വൈറ്റ് വാഷാകുന്നത്' 24 വര്‍ഷങ്ങള്‍ക്ക് ശേഷം

Update: 2024-11-03 10:13 GMT

മുംബൈ: മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ന്യൂസിലന്‍ഡിനെതിരെ 25 റണ്‍സിന് പരാജയപ്പെട്ടതോടെ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് രോഹിത് ശര്‍മയും സംഘവും. നാട്ടിലെ ടെസ്റ്റില്‍ 12 വര്‍ഷം നടത്തി വന്ന കുതിപ്പാണ് പുണെയില്‍ അവസാനിച്ചതെങ്കില്‍ മുംബൈയില്‍ ഇന്ത്യ നേരിട്ടത് നാട്ടിലെ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയമാണ്. ആ നാണക്കേടുമായാണ് ഗംഭീറും സംഘവും ഇനി ഓസ്‌ട്രേലിയയിലേക്ക് യാത്രയാകുന്നത്.

നാട്ടിലെ ഒരു ടെസ്റ്റ് പരമ്പരയില്‍ 24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സമ്പൂര്‍ണതോല്‍വി വഴങ്ങുന്നത്. 2000 ലാണ് ഇന്ത്യ നാട്ടിലെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇതിന് മുമ്പ് വൈറ്റ് വാഷാകുന്നത്. ഹാന്‍സി ക്രോണി നയിച്ച ദക്ഷിണാഫ്രിക്കന്‍ സംഘത്തിനെതിരേയാണ് ഇന്ത്യ തോറ്റത്. അന്ന് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു ഇന്ത്യയുടെ നായകസ്ഥാനത്ത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടിലും കനത്ത തോല്‍വിയേറ്റുവാങ്ങി. ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റിനാണ് ടീം തോറ്റതെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സ് തോല്‍വിയാണ് നേരിട്ടത്. അതിന് ശേഷം അതേ നാണക്കേടേറ്റുവാങ്ങേണ്ടി വന്നയാളായി രോഹിത് ശര്‍മ മാറി. ഇത് പക്ഷേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ തോറ്റത്. നാട്ടില്‍ ഇന്ത്യയെ 3-0 ന് കെട്ടുകെട്ടിക്കുന്ന ആദ്യ ടീമായി കിവീസ്.

ബെംഗളൂരുവിന് പിന്നാലെ പുണെ ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ വീണതോടെയാണ് നാട്ടിലെ ടെസ്റ്റ് പരമ്പരകളില്‍ 12 വര്‍ഷമായി തുടരുന്ന ആധിപത്യം ഇന്ത്യന്‍ ടീമിന് നഷ്ടമായത്. 113 റണ്‍സിനാണ് പുണെയില്‍ കിവീസ് ഇന്ത്യയെ അടിയറവുപറയിച്ചത്. ബെംഗളൂരു ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ കിവീസ്, ഇന്ത്യന്‍ മണ്ണില്‍ 1988-ന് ശേഷമുള്ള ആദ്യ ടെസ്റ്റ് ജയം കുറിച്ചിരുന്നു. 36 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ച അവര്‍ പുണെയില്‍ നടന്ന അടുത്ത ടെസ്റ്റും ജയിച്ച് പരമ്പര വിജയവും നുണഞ്ഞു.

2012-13 സീസണില്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ടീമിനോടാണ് നാട്ടില്‍ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പര തോറ്റത്. എം.എസ് ധോനിയുടെ കീഴിലായിരുന്നു അന്നത്തെ തോല്‍വി. പിന്നീട് വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ തേരോട്ടമായിരുന്നു നാട്ടില്‍. ഒടുവില്‍ 4331 ദിവസങ്ങള്‍ നീണ്ട ആധിപത്യം രോഹിത് ശര്‍മയുടെ ടീം നഷ്ടമാക്കി. 18 ടെസ്റ്റ് പരമ്പരകള്‍ നീണ്ട ഇന്ത്യയുടെ വിജയക്കുതിപ്പാണ് കിവീസ് അവസാനിപ്പിച്ചത്. 1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയംകൂടിയായിരുന്നു അത്. 1959-ലും 1988-ലുമായിരുന്നു ഇന്ത്യന്‍ മണ്ണില്‍ ഇതിനു മുമ്പുള്ള കിവീസിന്റെ ടെസ്റ്റ് വിജയങ്ങള്‍.

പുണെയിലും ബെംഗളൂരുവിലും സംഭവിച്ചുതന്നെയാണ് മുംബൈയിലും കണ്ടത്. ഇന്ത്യന്‍ മണ്ണില്‍ വീരചരിതം കുറിക്കാറുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ തലകുനിച്ച് കൂടാരം കയറുന്ന കാഴ്ച. പൂനെയില്‍ കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ കളി മറന്നെങ്കില്‍ ബെംഗളുരുവിലും മുംബൈയിലും കിവീസ് സ്പിന്നര്‍മാര്‍ക്ക് മറുപടി നല്‍കാനാവാതെയാണ് മടക്കം. കുത്തിത്തിരിയുന്ന പിച്ചില്‍ കിവീസ് ബൗളര്‍മാര്‍ ഒരുക്കിയ കെണിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായില്ല. ഋഷഭ് പന്ത് വിയര്‍പ്പൊഴുക്കി നേടിയ അര്‍ധസെഞ്ചുറി മതിയാകുമായിരുന്നില്ല ടീമിന് വിജയതീരത്തെത്താന്‍. അവസാന ടെസ്റ്റില്‍ 25 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര കടുത്ത തിരിച്ചടി സമ്മാനിച്ചു.

ക്ഷമയോടെ പിടിച്ചുനിന്ന് പൊരുതുന്നതിന് പകരം പതിവുപോലെ ബാറ്റര്‍മാര്‍ കൂടാരം കയറാന്‍ മത്സരിക്കുന്ന കാഴ്ച മൈതാനത്ത് കാണാനായി. മൂന്നാം ദിനം വെറും മൂന്നു റണ്‍സ് മാത്രം ചേര്‍ത്ത് കിവീസ് മടങ്ങുമ്പോള്‍ ഒരു ആശ്വാസജയമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 147 എന്ന ചെറിയ സ്‌കോര്‍ അനായാസം മറികടക്കാമെന്ന് കണക്കുകൂട്ടി. എന്നാല്‍ വാംഖഡെയില്‍ കാത്തുവെച്ച വാരിക്കുഴി മനസിലാക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ അടിയറവുപറഞ്ഞു. അര്‍ധ സെഞ്ചുറി നേടിയ പന്തിന് പുറമെ രോഹിത്തും വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. രോഹിത് ശര്‍മ പതിനൊന്നും സുന്ദര്‍ പന്ത്രണ്ടും റണ്‍സാണെടുത്തത്.

മൂന്നാം ദിനം കളത്തിലിറങ്ങിയ കിവീസ് 174 റണ്‍സിന് പുറത്തായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 147 റണ്‍സായി മാറി. രോഹിത്തും യശസ്വി ജയ്സ്വാളും പതിവുപോലെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തു. എന്നാല്‍ ഇന്ത്യ വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍. ബാറ്റര്‍മാര്‍ നിരനിരയായി മടങ്ങി. 29-5 എന്ന നിലയിലേക്ക് ടീം കൂപ്പുകുത്തി. എന്നാല്‍ ഋഷഭ് പന്ത് രവീന്ദ്ര ജഡേജയെ മറുവശത്തിരുത്തി കളി മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ വൈകാതെ ജഡേജയും പിന്നാലെ പന്തും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. 64 റണ്‍സെടുത്ത പന്തിന്റെ ഒറ്റയാള്‍ പോരാട്ടം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ തോല്‍വി ഇതിലും ദയനീയമാകുമായിരുന്നു. അജാസ് പട്ടേലും ഗ്ലെന്‍ ഫിലിപ്സും ബാറ്റര്‍മാരെ അക്ഷരാര്‍ഥത്തില്‍ വെള്ളംകുടിപ്പിച്ചു. ഒടുക്കം 121 റണ്‍സിന് ടീം കൂടാരം കയറി.

Tags:    

Similar News