ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് അഗാര്‍ക്കറും ഗംഭീറും; എതിർത്തത് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് മൂന്ന് അംഗങ്ങൾ; ലോകകപ്പ് ടീം പ്രഖ്യാപനത്തിൽ നടപ്പിലായത് 'നോ സൂപ്പർ സ്റ്റാർ' നയം
മുംബൈ: 2026-ലെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും വലിയ ചർച്ചയായത് സ്റ്റാർ ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമായിരുന്ന ശുഭ്മൻ ഗില്ലിന്റെ പുറത്താകലായിരുന്നു. ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയിൽ ഗില്ലിന്റെ കാര്യത്തിൽ വലിയ ഭിന്നതയുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന നിലപാടിലായിരുന്നു. എന്നാൽ സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് മൂന്ന് അംഗങ്ങളായ പ്രഗ്യാൻ ഓജ, അജയ് രാത്ര, ആർ.പി സിംഗ് എന്നിവർ ഇതിനെ ശക്തമായി എതിർത്തു. അഞ്ചംഗ സമിതിയിൽ ഭൂരിപക്ഷം പേരും ഗില്ലിനെതിരെ നിലപാട് എടുത്തതോടെ താരത്തിന് 15 അംഗ ടീമിൽ സ്ഥാനം നഷ്ടമാവുകയായിരുന്നു.
വൈസ് ക്യാപ്റ്റൻ എന്ന പദവി ഉണ്ടായിരുന്നിട്ടും സമീപകാലത്തെ പ്രകടനം വിലയിരുത്തിയാണ് മൂന്ന് സെലക്ടർമാർ ഗില്ലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. സഞ്ജു സാംസണും ശുഭ്മൻ ഗില്ലും തമ്മിലുള്ള പോരാട്ടത്തിൽ സഞ്ജുവിന് കൂടുതൽ മുൻഗണന നൽകാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു. കളിക്കാരുടെ പദവിയേക്കാൾ പ്രകടനത്തിന് മുൻഗണന നൽകുക എന്ന കർശന നിലപാടാണ് സെലക്ടർമാർ സ്വീകരിച്ചത്. ഗംഭീർ തന്നെ പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ള 'നോ സൂപ്പർ സ്റ്റാർ' നയം ഇവിടെ സെലക്ടർമാർ പ്രാവർത്തികമാക്കി എന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ചംഗ കമ്മിറ്റിയിൽ ഭൂരിഭാഗം പേരും എതിർത്താൽ ആ കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നതാണ് ബിസിസിഐയുടെ രീതി. ഇത്തരമൊരു ഭിന്നത ഉണ്ടായതിനാലാണ് ടീം പ്രഖ്യാപന സമയത്ത് ബിസിസിഐ സെക്രട്ടറിക്ക് തന്നെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കെ ടീമിന്റെ വൈസ് ക്യാപ്റ്റൻ തന്നെ പുറത്തായത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.