ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ജയിച്ചാൽ ഫൈനലിലേക്ക്; ശ്രീലങ്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തിൽ ബംഗ്ലാ കടുവകൾ

Update: 2025-09-24 06:22 GMT

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ റൗണ്ടിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിന്, അയൽക്കാരായ ബംഗ്ലാദേശിനെ തോൽപ്പിക്കാൻ സാധിച്ചാൽ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം ആരംഭിക്കുന്നത്.

ഇരു ടീമുകളും തമ്മിൽ ടി20 ഫോർമാറ്റിൽ ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ 16ലും ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാൽ, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ന് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. നാല് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

പാക്കിസ്ഥാനെതിരെ നേടിയ 6 വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്. ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ടൂർണമെന്റിൽ നാല് മത്സരങ്ങളിൽ നിന്ന് 173 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് നിലവിൽ ടോപ് സ്കോറർ. അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 208 ആണ്.

ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. മലയാളി താരം സഞ്ജു സാംസൺ മിഡിൽ ഓർഡറിൽ തന്നെ കളിക്കും. അഭിഷേക് ശർമ്മ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരായിരിക്കും ടോപ് ഓർഡറിൽ അണിനിരക്കുക. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ ടൂർണമെന്റിൽ മുന്നേറുന്നത്.

ഇന്ത്യ സാധ്യതാ ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (c), തിലക് വർമ്മ, സഞ്ജു സാംസൺ (wk), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

ബംഗ്ലാദേശ് സാധ്യതാ ഇലവൻ: സെയ്ഫ് ഹസ്സൻ, തൻസീദ് ഹസൻ തമീം, ലിറ്റൺ ദാസ്(wk/c), തൗഹിദ് ഹൃദയ്, ഷമീം ഹൊസൈൻ, ജാക്കർ അലി, മഹേദി ഹസൻ/റിഷാദ് ഹൊസൈൻ, നാസും അഹമ്മദ്, തസ്കിൻ അഹമ്മദ്, ഷോരിഫുൾ ഇസ്ലാം/തൻസിം റഹ്മാൻ.

Tags:    

Similar News