സര്‍ഫറാസ് ഖാന്റെ മിന്നും സെഞ്ചുറി; ഒരു റണ്‍ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്ത്; ഇരുവരും പുറത്തായതോടെ അതിവേഗം കൂടാരം കയറി ഇന്ത്യ; ബെംഗളുരു ടെസ്റ്റില്‍ 462 റണ്‍സിന് ഓള്‍ഔട്ട്; കിവീസിന് 107 റണ്‍സ് വിജയലക്ഷ്യം

നാലാം ടെസ്റ്റ് കളിക്കുന്ന സര്‍ഫറാസിന്റെ കന്നി ടെസ്റ്റ് സെഞ്ചുറി

Update: 2024-10-19 11:39 GMT

ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയോടെ പൊരുതിയ സര്‍ഫറാസ് ഖാന്റെയും 99 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും വിക്കറ്റുകള്‍ വീണതിന് പിന്നാലെ ഇന്ത്യ 462 റണ്‍സിന് പുറത്ത്. പത്ത് വിക്കറ്റും ഒരു ദിവസത്തെ മത്സരവും ശേഷിക്കെ കിവീസിന് വിജയിക്കാന്‍ 107 റണ്‍സ് വേണം. നാലാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് തുറക്കാതെ ഓപ്പണര്‍മാരായ ടോം ലാഥവും ഡെവണ്‍ കോണ്‍വോയും ക്രീസിലുണ്ട്.

സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്റെയും ഒരു റണ്‍ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്തിന്റെയും പിന്‍ബലത്തിലാണ് ഇന്ത്യ 462 റണ്‍സിലെത്തിയത്. 150 റണ്‍സെടുത്ത സര്‍ഫറാസാണ് ടോപ് സ്‌കോറര്‍. നാലാം ടെസ്റ്റ് കളിക്കുന്ന സര്‍ഫറാസിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. സ്‌കോര്‍: ഇന്ത്യ-46, 462, ന്യൂസിലന്‍ഡ്- 402

രണ്ടാം ഇന്നിങ്സില്‍ ഋഷഭ് പന്തിന്റേയും സര്‍ഫറാസ് ഖാന്റേയും നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് വന്നവരാര്‍ക്കും മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാനായില്ല. കെ.എല്‍ രാഹുല്‍(12), രവീന്ദ്ര ജഡേജ(5), രവിചന്ദ്രന്‍ അശ്വിന്‍(15), ജസ്പ്രീത് ബുംറ(0), മുഹമമ്ദ് സിറാജ്(0) എന്നിവര്‍ വേഗം കൂടാരം കയറി. കുല്‍ദീപ് യാദവ് ആറ് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ആദ്യ ഇന്നിങ്സില്‍ ഡക്കായെങ്കിലും രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയുമായി പ്രായശ്ചിത്തം ചെയ്ത സര്‍ഫറാസ് ഖാന്റെ മികവിലായിരുന്നു ഇന്ത്യയുടെ പോരാട്ടം. വിരാട് കോലി(70), രോഹിത് ശര്‍മ(52),യശസ്വി ജയ്സ്വാള്‍ (35) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി.

യശ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയുംചേര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇവര്‍ 72 റണ്‍സ് നേടി. ജയ്സ്വാളിനെ അജാസ് പട്ടേലിന്റെ പന്തില്‍ കീപ്പര്‍ ടോം ബ്ലന്‍ഡല്‍ സ്റ്റമ്പ് ചെയ്തു. 63 പന്തില്‍ ഒരു സിക്സും എട്ടു ഫോറമുള്‍പ്പെടെ 52 റണ്‍സെടുത്ത രോഹിത് ശര്‍മ നിര്‍ഭാഗ്യകരമായി ഔട്ടായി. അജാസിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെ ബാറ്റില്‍ക്കൊണ്ട് നിലത്തുകുത്തിയശേഷം സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് 136 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ ട്രാക്കിലാക്കി. 57-റണ്‍സിലെത്തിയപ്പോള്‍ കോലിയുടെ ക്യാച്ച് സ്ലിപ്പില്‍ അജാസ് നഷ്ടപ്പെടുത്തിയിരുന്നു. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ കീപ്പര്‍ ടോം ബ്ലന്‍ഡലിന് ക്യാച്ച് നല്‍കി കോലി മടങ്ങിയതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഡക്കും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചറിയും നേടുന്ന 22ാം ഇന്ത്യന്‍ താരമാണ് സര്‍ഫറാസ് ഖാന്‍. കഴിഞ്ഞ മാസം ബംഗ്ലദേശിനെതിരെ ശുഭ്മാന്‍ ഗില്ലാണ് ഒടുവില്‍ ഇത്തരത്തില്‍ സെഞ്ചറി നേടിയത്. നാലാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനും പന്തും ചേര്‍ന്ന് 177 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മൂന്നു സിക്‌സും 18 ഫോറും അടങ്ങുന്നതാണ് സര്‍ഫറാസിന്റെ ഇന്നിങ്‌സ്. പന്തിന്റെ ബാറ്റില്‍നിന്ന് അഞ്ച് സിക്‌സും ഒന്‍പത് ഫോറും പിറന്നു. 2001ല്‍ കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 274 റണ്‍സ് ലീഡ് വഴങ്ങിയശേഷം വിജയിച്ചതാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച തിരിച്ചുവരവ്.

Tags:    

Similar News