കിവീസ് പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ്നിര; ചിന്നസ്വാമിയില്‍ 46 റണ്‍സിന് ഓള്‍ഔട്ട്! ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോര്‍; രോഹിത്തിനും സംഘത്തിനും നാണംകെട്ട റെക്കോര്‍ഡ്

മഴയ്ക്ക് പിന്നാലെ വിക്കറ്റ് മഴ! ഇന്ത്യ വെറും 46 റണ്‍സിന് ഓള്‍ഔട്ട്

Update: 2024-10-17 09:35 GMT

ബെംഗളൂരു: മഴ മാറിയതോടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്കറ്റുമഴ! ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 46 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അഞ്ചു പേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 49 പന്തില്‍ 20 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പേസര്‍മാരായ മാറ്റ് ഹെന്റിയും വില്യം ഒറുര്‍ക്കും കൊടുങ്കാറ്റായപ്പോള്‍ ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്‌കോറാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഇന്നിങ്‌സില്‍ പിറന്നത്. 2020 ല്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സിനു പുറത്തായിട്ടുണ്ട്. 1974ല്‍ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്‌സില്‍ 42 റണ്‍സിനും ഓള്‍ഔട്ടായി. നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ ടീം ഇന്ത്യയുടെ ചെറിയ ഇന്നിങ്‌സ് സ്‌കോര്‍ കൂടിയാണിത്. ഹെന്റി വെറും 15 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒറുര്‍ക്ക് 22 റണ്‍സിന് നാലു വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് ടിം സൗത്തി സ്വന്തമാക്കി.

63പന്തുകള്‍ നേരിട്ട ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 13 റണ്‍സെടുത്തും പുറത്തായി. 20 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പൂജ്യത്തിനു പുറത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0), കെ.എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍. അശ്വിന്‍ (0) എന്നിവര്‍ക്കാര്‍ക്കും തന്നെ കിവീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഏഴാം ഓവറില്‍ പേസര്‍ ടിം സൗത്തിയുടെ പന്തില്‍ രോഹിത് ബോള്‍ഡാകുകയായിരുന്നു. വില്‍ ഒറൂകിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്യാച്ചെടുത്തു കോലിയെയും മടക്കി. പിന്നാലെ മാറ്റ് ഹെന്റിയുടെ പന്തില്‍ സര്‍ഫറാസും പുറത്തായി. ആറു പന്തുകള്‍ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെന്റിയുടെ പന്തില്‍ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ അശ്വിനും പുറത്തായി.

സ്‌കോര്‍ 39ല്‍ നില്‍ക്കെ പൊരുതിനിന്ന ഋഷഭ് പന്തിനെ മാറ്റ് ഹെന്റി ടോം ലാഥത്തിന്റെ കൈകളിലെത്തിച്ചു. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ഇന്ത്യ 31.2 ഓവറില്‍ 46 റണ്‍സില്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ചെറിയ ആരോഗ്യപ്രശ്നം കാരണം ശുഭ്മാന്‍ ഗില്‍ ആദ്യ മത്സരത്തില്‍ കളിക്കുന്നില്ല. പകരം സര്‍ഫറാസ് ഖാന്‍ ടീമിലെത്തി.

46ന് പുറത്തായതോടെ ഒരു മോശം റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തി. ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോറാണിത്. മാത്രമല്ല, ഇന്ത്യയില്‍ ഏതൊരു ടീമിന്റെയും കുഞ്ഞന്‍ സ്‌കോറാണിത്. 2021ല്‍ ന്യൂസിലന്‍ഡ് 62 റണ്‍സിന് പുറത്തായത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്ന് മുംബൈയിലായിരുന്നു മത്സരം. 1987ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ 75 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 2008 അഹമ്മദാബാദില്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 76 റണ്‍സിന് പുറത്തായതും പട്ടികയിലുണ്ട്. 2015ല്‍ ഇന്ത്യക്കെതിരെ നാഗ്പൂരില്‍ 79 റണ്‍സിന് ദക്ഷിണാഫ്രിക്കയും കൂടാരം കയറി.

ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോര്‍ കൂടിയാണിത്. 2020ല്‍ അഡ്ലെയ്ഡില്‍ ഓസ്ട്രേലിക്കെതിരെ ഇന്ത്യ 36 റണ്‍സിന് പുറത്തായിരുന്നു. 1974ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിന് പുറത്തായതാണ് ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍. ഇപ്പോള്‍ ബെംഗളൂരുവിലേത് മൂന്നാമതായി പട്ടികയില്‍ ഇടം പിടിച്ചു. 1947ല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 58 റണ്‍സിന് പുറത്തായതും പട്ടികയില്‍ ഉള്‍പ്പെടും. 1952ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ 58 റണ്‍സിനും ഇന്ത്യ മടങ്ങിയിരുന്നു.

തോരാമഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യദിനം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നേരത്തെ മത്സരം ആരംഭിക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരേണ്ടതുണ്ട്.

Tags:    

Similar News